ഫോണിലൂടെയും നേരിട്ടും ഇണക്കങ്ങളായും പിണക്കങ്ങളായും നിറഞ്ഞ നിത്യ സാന്നിദ്ധ്യമാണ്, ഓടിചെന്നാല് കാത്തിരിക്കാന് ഒരാളുണ്ടെന്ന സ്നേഹത്തിന്റെ ഉറപ്പാണ്, രണ്ടാഴ്ച മുന്പ്, കൃത്യം പറഞ്ഞാല് വിഷുവിന്റെ പിറ്റേന്ന്, തൊട്ടരികിലിരിക്കെ മരണത്തിലേക്ക് മറഞ്ഞു പോയത്. എത്ര ചേര്ത്തു പിടിച്ചിട്ടും മരണത്തിലേക്ക് അമ്മ നടന്നു പോകുന്നത് നോക്കി നില്ക്കുമ്പോഴത്തെ നിസ്സഹായതയുടെ നീറ്റല് വെറുതെ ഇങ്ങനെ ഇരിക്കുമ്പോള് കണ്ണീരായി, ഇടറുന്ന വാക്കുകളായി.......... ഇപ്പോഴും
Wednesday, 17 June 2026
അമ്മ
ഫോണിലൂടെയും നേരിട്ടും ഇണക്കങ്ങളായും പിണക്കങ്ങളായും നിറഞ്ഞ നിത്യ സാന്നിദ്ധ്യമാണ്, ഓടിചെന്നാല് കാത്തിരിക്കാന് ഒരാളുണ്ടെന്ന സ്നേഹത്തിന്റെ ഉറപ്പാണ്, രണ്ടാഴ്ച മുന്പ്, കൃത്യം പറഞ്ഞാല് വിഷുവിന്റെ പിറ്റേന്ന്, തൊട്ടരികിലിരിക്കെ മരണത്തിലേക്ക് മറഞ്ഞു പോയത്. എത്ര ചേര്ത്തു പിടിച്ചിട്ടും മരണത്തിലേക്ക് അമ്മ നടന്നു പോകുന്നത് നോക്കി നില്ക്കുമ്പോഴത്തെ നിസ്സഹായതയുടെ നീറ്റല് വെറുതെ ഇങ്ങനെ ഇരിക്കുമ്പോള് കണ്ണീരായി, ഇടറുന്ന വാക്കുകളായി.......... ഇപ്പോഴും
അലിഞ്ഞുണരുന്ന അറിവ്
FB Post- 13 November, 2019
എന്റേതായ ഒരിടവും
ഇവിടെയില്ലെന്ന
അറിവിലാണ്
ഞാനെന്ന ഞാൻ
ഉടഞ്ഞു പോയത്
ഉടഞ്ഞതേയുള്ളു
പൊട്ടിച്ചിതറിയ
നുറുങ്ങുകളോരോന്നും
ഞാൻ തന്നെയാണ്
വീണ്ടും പൊടിഞ്ഞു പോകാൻ
പൊടിഞ്ഞു വീഴുന്ന
തരികളും
ഞാൻ തന്നെയാവും
വീണ്ടും അലിഞ്ഞു പോകാൻ
ശബ്ദരൂപങ്ങൾ ഇല്ലാത്തവർ
FB Post- 5 July, 2015
ഇന്നലെ തൃശ്ശൂരില്‍ നിന്ന് കയറിയ
ബസ്സിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്. മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും. എന്റെ
അടുത്തിരുന്ന മെലിഞ്ഞ പെണ്‍കുട്ടി കൈകളിലൂടെ സംസാരം തുടങ്ങിയപ്പോഴായിരുന്നു ഞാന്‍
ശ്രദ്ധിച്ചത്. ഡ്രൈവറുടെ എതിര്‍വശത്തും പുറകിലും ഉള്ള സീറ്റുകളില്‍ ഇടം പിടിച്ച്
അവര്‍ അവരുടെ ലോകം സൃഷ്ടിച്ചിരുന്നു. ശബ്ദരൂപങ്ങള്‍ തീര്‍ത്തും ഇല്ലാത്തവര്‍
ആയിരുന്നോ അതോ മിണ്ടാന്‍ മാത്രം കഴിയാത്തവരായിരുന്നോ എന്നൊന്നും വേര്‍തിരിച്ചറിയാത്ത
വിധം അവരുടെ ലോകം ഒന്നായിരുന്നു. കാണുന്ന കാഴ്ചകളെല്ലാം കൈവിരലുകളിലെ ചിത്രങ്ങളാക്കി
മാറ്റിയിരുന്നു കുട്ടികള്‍.
ബസ്സില്‍ കയറുന്നവരും ഇറങ്ങുന്നവരുമൊന്നും ആ
ശബ്ദരഹിതമായ ലോകത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കിയില്ല. കൌതുകത്തോടെയാണ്
നിരീക്ഷിക്കാന്‍ തുടങ്ങിയത് എങ്കിലും പതുക്കെ പതുക്കെ ബസ്സിന്റെ ഇരമ്പല്‍, മറ്റു യാത്രക്കാരുടെ ബഹളങ്ങള്‍, തുടങ്ങിയ
ശബ്ദങ്ങളെല്ലാം എന്റെ ലോകത്ത് നിന്നും പടിയിറങ്ങി. വല്ലാത്തൊരു ഇഴുകിച്ചേരല്‍
ആയിരുന്നത്, വല്ലാത്തൊരു അനുഭവവും.
അവരില്‍ ഒരു കുട്ടിയും ഒരമ്മയും കേള്‍ക്കാനും
സംസാരിക്കാനും കഴിയുന്നവരായിരുന്നു എന്ന അറിവാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
അത്രയും സമയം അവരും ശബ്ദരൂപങ്ങള്‍ ഇല്ലാത്തവരായിരുന്നല്ലോ !!!
ഓര്‍മയില്‍ വീണ കല്ല്
FB Post- 25 March, 2015
നിശ്ചലതടാകം പോലെയായിരുന്നു
മനസ്സ്,
ഓര്‍മ്മകളുടെ അടിത്തട്ടു വരെ
തെളിഞ്ഞ കാഴ്ച
എതോര്‍മ്മയിലേക്കാണ് ഒരു കല്ല്
വീണത്?
തടാകത്തെ അലകളൊഴിയാത്ത
കടലാക്കിയത്?
അടര്‍ന്നടര്‍ന്നു വീണ്
ഒഴുകിയകലാതെ തീരത്തണയാതെ,
ഉള്‍ത്താപത്തിന്‍
അലകള്‍ തീര്‍ത്ത കടലായത്?
ഇനി,
ഒഴുക്കില്‍ ഒരില പോല്‍
ആടിയുലഞ്ഞ്
താപമൊഴിഞ്ഞാഴിയെ
വെടിഞ്ഞ്
തെളിഞ്ഞുണര്‍ന്ന്
തീരത്തണയാന്‍
വിട്ടൊഴിഞ്ഞിരിക്കയാ-
ണൊട്ടു ഞാനെന്‍ ചിന്തകളെ
മഴയിലെ ധ്യാനം
FB Post- 4th September, 2020
മഴ പെയ്യുമ്പോള്‍ ,
ഇലയനങ്ങാതെ
ധ്യാനത്തിലമരുന്ന മരമാ-
ണെന്റെ
മനസ്സ്
നിന്റെ വാക്കുകളിന്മേല്‍ .
മരത്തിലൂടെ, മഴയിറങ്ങി
നടവഴികളിലൂടെ ഒഴുകിയകലും
നിന്റെ വാക്കുകളുടെ മഴ
എന്റെ മനസ്സിലുറഞ്ഞമരും.
വെയിലൊന്ന് വന്നാല്‍
നടവഴികളില്‍ നിന്നത്
മഴയൂറ്റിയകലും
മനസ്സിലപ്പോള്‍
ഉറഞ്ഞ ശിലയില്‍ നിന്ന്
ഉറവയുണരും
ഇന്ന് വെയിലും മഴയും
കൂടിയാണ് കളി
പുറത്തും എന്റെ മനസ്സിലും
കലഹത്തിന്റെ ജ്വാലാമുഖികള്‍
FB Post- 10 December, 2017
കലഹത്തിന്റെ വിത്തുകള്‍
വീഴാന്‍ പാകത്തിന്
കുഴിയാനക്കുഴികളുണ്ട്
മനസ്സിന്റെ നടവഴികളില്‍
ചെറിയ വാക്കുകളില്‍ പോലും
തടഞ്ഞു തെന്നി
വീണുപോയേക്കാവുന്ന
കലഹക്കുഴികള്‍
മങ്ങിയ കാഴ്ച്ചവട്ടങ്ങളില്‍
പെടാതൊന്നടിതെറ്റി
വീഴുമ്പോഴേക്കുമവ
ജ്വാലാമുഖികളാവുന്നതെങ്ങനെ???
പതഞ്ഞൊഴുകുന്ന ലാവ
തിളയ്ക്കുന്ന വാക്കുകള്‍
കൈമോശമാവുന്നതെന്റെ
സ്വപ്നഭൂമികളാണ്
ഒടുവില്‍
കണ്‍കളില്‍ ഉറക്കമായി
തൂങ്ങുന്നത്
തണുത്തുറയുന്ന ലാവയില്‍
കിളിര്‍ക്കാത്ത സ്വപ്നങ്ങളാണ്
പിന്നെ
പലായനങ്ങളുടെ മടുപ്പ്
തിരിച്ചു കിട്ടേണ്ടതുണ്ട്
നടന്നു ശീലിക്കാന്‍
ഒരു ബാല്യം
വേരുകളില്ലാത്ത തുരുത്ത്
FB Post- 28 June, 2016
ആദര്‍ശങ്ങളുടെ കരയെ
കടലെടുക്കുമ്പോഴാണ്
മനസ്സുകള്‍ തുരുത്തുകളാവുക
വേരുറയ്ക്കാതെ,
മണ്ണിനെ നിഷേധിച്ച്
ഒഴുകുന്നതിന്റെ സ്വാതന്ത്ര്യമറിയുക
യുക്തിയും അയുക്തിയും
വികാരങ്ങളും
പതഞ്ഞു തീര്‍ക്കുന്ന അലകളില്‍
ആടിയുലഞ്ഞൊഴുകുമ്പോഴൊരു
കര കണ്ടേക്കാം .
അടിയുറച്ച
ആദര്‍ശങ്ങളുടെ
ജഡത്വം പേറുന്ന കര
അവിടെ,
സ്വപ്നങ്ങളുടെ വിത്ത് പാകണം.
നോക്കുകുത്തികളുടെ,
ഓരം ചേര്‍ക്കപ്പെട്ടവരുടെ
നിറവും മണവുമുള്ള സ്വപ്നങ്ങള്‍
അവയില്‍ നിന്ന്
പടര്‍ന്നുണരുന്ന മഴവില്‍ നിറങ്ങള്‍
സ്വപ്നനാരുകളിലൂടെ
ആകാശം തൊടുമ്പോള്‍,
വീണ്ടും
തുരുത്താകണം
വേരുറയ്ക്കേണ്ടാത്ത
അനുഭവങ്ങളുടെ തുരുത്ത്