FB post (11 May 2016)
2016 മെയ് 7-നു
ശനിയാഴ്ച വൈകുന്നേരം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിന്റെ മുന്‍വശത്തെ ഓപ്പണ്‍
സ്റ്റേജിലെ പുല്ലാംകുഴല്‍ നാദമധുരം അലിഞ്ഞിറങ്ങുന്ന സദസ്സിലേക്ക് നടന്നു
ചെല്ലുമ്പോള്‍ പരിചയമുള്ള ഒരു മുഖം എന്റെ പ്രതീക്ഷയായിരുന്നു. വി.ജി.തമ്പിയും ,
ഷൌക്കത്തും വാക്കുകളിലൂടെ നിത്യചൈതന്യയതിയെ വരച്ചിടുമ്പോള്‍ നിത്യ
എന്ന ആ വൃദ്ധനായ സ്നേഹിതന്‍ മാത്രമാവും എന്നെ തിരിച്ചറിയുന്ന ഒരേ ഒരാള്‍ എന്ന്
വളരെ വേഗത്തില്‍ കൌതുകത്തോടെ നോക്കിക്കാണുകയായിരുന്നു ഞാന്‍.
ഈ കൂട്ടായ്മയില്‍ സന്നിഹിതയായിരുന്ന കഥാകാരി
അഷിത എന്നെ ഓര്‍ക്കാന്‍ സാധ്യതയില്ല ,. ഇരുപത്-ഇരുപത്തഞ്ചു
വര്‍ഷങ്ങള്‍ക്കു മുന്‍പ് അഷിതയുടെ തറവാട്ടുമുറ്റത്തെ കറ്റ മെതിക്കലിന്റെ ബഹളങ്ങളിലൂടെ
ഗുരുവിന്റെ കൂടെ കയറി ചെന്ന അകത്തെ വിശാലമായ മുറി, “അറിയുന്നവരുടെയെല്ലാം
കല്യാണം കഴിഞ്ഞു പോയാല്‍ എന്നെ കല്യാണം കഴിക്കാന്‍ ആരുണ്ടാവും” എന്ന ഉമയുടെ
(അഷിതയുടെ മകള്‍) ചിണുങ്ങലില്‍ ആര്‍ത്തു ചിരിച്ചത്…. എനിക്കെല്ലാം തെളിഞ്ഞ ഓര്‍മ്മകളാണ്
സൌഹൃദസദസ്സില്‍ നിന്ന് പെട്ടെന്ന് എന്റെ പ്രിയ
കഥാകാരി എണീറ്റ് പോകാന്‍ തുടങ്ങുന്നേരം പരിചയം പറഞ്ഞു അടുത്ത് ചെന്നപ്പോള്‍ ചേര്‍ത്തുപിടിച്ച
കയ്യിനു, “ഈ മോളുടെ കയ്യിലൊന്നു നുള്ളിയേക്കണം, മൌഡ്യം തീര്‍ന്നു എഴുതാന്‍ തുടങ്ങട്ടെ” എന്ന്, അന്ന്
ഗുരു പറഞ്ഞപ്പോള്‍ നുള്ള് തന്ന കൈ വിരലുകളിലൂടെ അറിഞ്ഞ അതേ ചൂടും അടുപ്പവും എന്ന്
ഞാന്‍ പറയാതെ പറഞ്ഞു.
പ്രകാശനം ചെയ്ത “എഴുത്ത്” മാസികയില്‍ കവിതാ
ബാലകൃഷ്ണന്‍ ഓര്‍മ്മകള്‍ പങ്കു വച്ച ലേഖനത്തില്‍ ഇരിഞ്ഞാലക്കുട നടനകൈരളിയില്‍
കൂടിയാട്ടശിബിരം ഉദ്ഘാടനം ചെയ്യാന്‍ വന്ന ഗുരുവിനെ ആദ്യമായി പരിചയപ്പെട്ട കഥ
എഴുതിയിരുന്നു. അന്ന് അവിടെ നിന്ന് കവിത നേരിട്ട് വന്നത് എന്റെ
ഇല്ലത്തേക്കായിരുന്നു. പ്രിയ സ്നേഹിതനെ കാണാന്‍ പോകാന്‍ പറ്റാത്തതിന്റെ
നിരാശയിലായിരുന്ന എന്നോട് ഗുരു വരുന്നുണ്ട് ഇല്ലത്തേക്ക് എന്ന് പറയാന്‍.
ഉച്ചവെയിലാറും മുന്‍പേ ഗുരു കയറി വന്നു അന്ന്, സുരേഷ്
ബാബു എന്ന ഒരു എലുമ്പന്‍ കോട്ടയംകാരന്റെ കൂടെ; പ്ലാസ്റ്റിക്
വയര്‍ കൊണ്ട് മെടഞ്ഞ വട്ടക്കസേരകളില്‍ ഒരു മണിക്കൂറോളം ചോദിച്ചും പറഞ്ഞും ഞങ്ങള്‍
ഇരുന്നു,
കവിതയുണ്ടായിരുന്നെങ്കില്‍ ഒന്ന് വെറുതെ
ചോദിക്കാമായിരുന്നു എന്തേ അതൊന്നുമെഴുതാഞ്ഞത് എന്ന്. (എഴുത്തുകള്‍ തീരെ
എഴുതാതിരുന്ന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗുരു അന്വേഷിച്ചു വന്നതായിരുന്നു എന്റെ
വീട്ടിലേക്ക്. ഞാനെന്നെ ഏറ്റവും കൂടുതല്‍ സ്നേഹിച്ച നിമിഷങ്ങള്‍ ആയിരുന്നു അവ)
നേരം വൈകുന്നു എന്നോര്‍ത്ത് കൂട്ടായ്മ പിരിയും
വരെ നില്‍ക്കാനാകാതെ മകള്‍ പാര്‍വതിയും ഞാനും കൂടി എഴുന്നേറ്റു നടക്കുമ്പോഴാണ് ആ
ചെറിയ സദസ്സിനു പുറത്തു സാഹിത്യ അക്കാദമി അങ്കണം ശബ്ദായമാനമായിരുന്നു
എന്നറിയുന്നത്. അതോ ശബ്ദഘോഷങ്ങളെ മാറ്റി നിര്‍ത്തിയത് ഉള്ളിലെ എന്റെ പ്രിയ
വൃദ്ധനായ സ്നേഹിതന്റെ നിത്യസാന്നിധ്യമോ?
No comments:
അഭിപ്രായം എഴുതാം