FB Post-3rd May, 2026
ഫോണിലൂടെയും നേരിട്ടും ഇണക്കങ്ങളായും പിണക്കങ്ങളായും നിറഞ്ഞ നിത്യ സാന്നിദ്ധ്യമാണ്, ഓടിചെന്നാല് കാത്തിരിക്കാന് ഒരാളുണ്ടെന്ന സ്നേഹത്തിന്റെ ഉറപ്പാണ്, രണ്ടാഴ്ച മുന്പ്, കൃത്യം പറഞ്ഞാല് വിഷുവിന്റെ പിറ്റേന്ന്, തൊട്ടരികിലിരിക്കെ മരണത്തിലേക്ക് മറഞ്ഞു പോയത്. എത്ര ചേര്ത്തു പിടിച്ചിട്ടും മരണത്തിലേക്ക് അമ്മ നടന്നു പോകുന്നത് നോക്കി നില്ക്കുമ്പോഴത്തെ നിസ്സഹായതയുടെ നീറ്റല് വെറുതെ ഇങ്ങനെ ഇരിക്കുമ്പോള് കണ്ണീരായി, ഇടറുന്ന വാക്കുകളായി.......... ഇപ്പോഴും
തൊണ്ണൂറാം പിറന്നാൾ ആഘോഷം നവംബറില് കഴിഞ്ഞതേയുള്ളൂ. നിറചിരിയുടെ ക്ലിക്ക്-കൾ കണ്ടു തീർക്കുന്നതേയുള്ളൂ. അപ്പോഴേക്കും ഒരു വീഴ്ചയും സർജ്ജറിയും ഭക്ഷണമില്ലായ്മയും പിന്നെ ഓർമ്മക്കേടുകളും അങ്ങനെ അങ്ങനെ ഈ ലോകത്ത് നിന്നുള്ള അമ്മയുടെ പിൻവാങ്ങൽ ഓരോ ദിവസവും അറിഞ്ഞും കണ്ടും അംഗീകരിക്കാതെയും കടന്നുപോയ കഴിഞ്ഞ രണ്ടു മാസം.
പഠനത്തിന്റെയും പുസ്തകങ്ങളുടെയും ലോകമായിരുന്നു അമ്മ ചൂണ്ടി കാണിച്ചു തന്നത്. ബാക്കിയെല്ലാം ലോകം പഠിപ്പിച്ചു കൊള്ളും എന്ന മട്ട്. വയസ്സാവരെ നോക്കാനൊന്നും അറിയാത്ത ഞങ്ങളെ പഠിപ്പിച്ചത് പക്ഷേ അമ്മ തന്നെയാണ്. കുളിപ്പിച്ചും അപ്പി കോരിയും തുണിയുടുപ്പിച്ചും ഭക്ഷണം കഴിക്കാൻ, വെള്ളം കുടിക്കാൻ കൂട്ടാക്കാതെ ചുണ്ട് കൂട്ടിപ്പിടിച്ചു വാശി പിടിക്കുമ്പോൾ ചെറുതായൊന്നു വഴക്കു പറഞ്ഞും ഉറക്കമൊഴിച്ചും ബോധാബോധങ്ങളിൽ ഊയലാടി പറയുന്നതും ചെയ്യുന്നതും കണ്ടു ചില നേരങ്ങളിൽ ചിരിച്ചും ചില നേരങ്ങളിൽ സങ്കടം താങ്ങാതെ കരഞ്ഞും അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങൾ.
എന്തിനെന്നറിയാതെ തേങ്ങി തേങ്ങി കരയുന്ന അമ്മയുടെ കവിളിൽ കവിൾ ചേർത്ത് വച്ച് എന്തിനാ അമ്മേ കരയുന്നത് എന്നും ചോദിച്ച് ഒപ്പം വിങ്ങിയതാണ് അന്ന് രാവിലെ പോലും. പിന്നെ കണ്ണു തുറക്കാതെയായി. ശ്വാസം വലിക്കുന്നതിന്റെ ബുദ്ധിമുട്ടിലായി, ഉച്ചയ്ക്ക് കണ്ണു തുറന്നൊന്ന് നോക്കി കണ്ണടച്ചു
എന്തിനായിരിക്കും അമ്മ കരഞ്ഞിട്ടുണ്ടാവുക?
പിൻമടങ്ങാൻ തുടങ്ങിയപ്പോൾ തന്നെ അമ്മ മായന്നൂർ, അമ്മയുടെ നാട്ടില് ആയി. പിന്നെ ഒരിക്കലും ഇരിഞ്ഞാലക്കുടയിലേക്ക് മനസ്സ് മടങ്ങിയെത്തിയില്ല.
അങ്ങനെയാവുമോ മരണം അടുത്തെത്തുമ്പോൾ? യാത്ര തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുമോ മനസ്സ്?
No comments:
അഭിപ്രായം എഴുതാം