FB post-3rd January, 2026
മനസ്സിന്റെ കടലാഴങ്ങളില്‍
പിന്മടക്കങ്ങളുടെ
പ്രളയകാലമാണ്.
ഈ നില്‍ക്കുന്നിടം വരെ
വലിഞ്ഞിഴഞ്ഞ
വേരുകള്‍ തീര്‍ത്ത
വഴിയടയാളങ്ങളിലൂ-
ടൊരു പിന്‍നടത്തം
അനുഭവങ്ങള്‍
കാഴ്ചകളും
സങ്കടങ്ങള്‍
കാല്പനികവും
ആഹ്ലാദങ്ങള്‍
ജീവജലവുമാ-
കുന്നൊരു കണക്കെടുപ്പ്
വികാരത്തിരകളിറങ്ങിയിറങ്ങി
കടലോളം പോന്ന
മനസ്സിപ്പോഴൊരു
കുഞ്ഞുവട്ടം
എന്റെ
ആകാശവും ഭൂമിയും
മനുഷ്യരും
ശബ്ദരൂപങ്ങളും
ഞാനും
ഒരു വട്ടക്കാഴ്ചയോളം
കണ്ടതത്രേയുള്ളൂ
കേട്ടതും കൊണ്ടതു-
മത്രയേയുള്ളൂ
പരത്തിയാലും
നീട്ടിയാലും
വളരാത്ത വട്ടത്തോളം
വട്ടം ചുരുങ്ങി
ബിന്ദുവാകുമ്പോള്‍
ഞാന്‍ ഞാനും
പിന്നെ ശൂന്യതയുമാകും

No comments:
അഭിപ്രായം എഴുതാം