Saturday, 8 February 2014

പാടൂ പീതാംബരാ പാടൂ

കപ്പ ടി.വി.യിലെ മ്യുസിക് മോജോ എന്ന പ്രോഗ്രാമിലാണ്, ചാനല്‍ മാറ്റി മാറ്റി കളിക്കുന്നതിനിടയില്‍ അവിചാരിതമായി ഈ പാട്ട് കേള്‍ക്കുന്നത്. 




പാട്ടല്ല പക്ഷെ, ഈ പാട്ടുകാരനാണ് ഗൃഹാതുരത്വമുള്ള ഓര്‍മ്മകളിലേക്ക് എന്നെ കൈ പിടിച്ചു നടത്തുന്നത്; പീതാംബര മേനോന്‍ എന്ന, ഞങ്ങളുടെ നടവരമ്പിന്റെ പീതാംബരന്‍.
ഓര്‍മ്മകള്‍ ഒരുപാട് പഴയതാണ്., എന്നാല്‍ നിറം മങ്ങാത്തതും. നാല് വരെ പഠിച്ച ഐക്കരക്കുന്ന് എല്‍. പി. സ്ക്കൂള്‍ ജീവിതം മുതലുള്ളതാണ് എന്നിലെ തെളിമയുള്ള ഓര്‍മ്മകള്‍. ഇല്ലത്തിന്റെ പടിഞ്ഞാറ് വശത്ത് “എല്‍” ആകൃതിയിലുള്ള ഒരു ഓടിട്ട കെട്ടിടമായിരുന്നു ഐക്കരക്കുന്ന് സ്ക്കൂള്‍. ഇല്ലത്ത് നിന്ന് ഒന്നോടിയാല്‍ സ്ക്കൂളെത്തും. ടീച്ചര്‍മാരെ ഞങ്ങള്‍ “മേന്റം” എന്നാണ് വിളിച്ചിരുന്നത്‌. “ മാഡം” എന്നത് ഞങ്ങളുടെ ഗ്രാമ്യ ഭാഷയില്‍ “മേന്റം” ആയതാണോ എന്ന് ചികഞ്ഞു നോക്കിയിട്ടില്ല. ( അന്നത്തെ ചില കളികളിലും ഇങ്ങനെ ഇംഗ്ലിഷ് പദങ്ങളെ ഉച്ചാരണം മാറ്റി അര്‍ഥമില്ലാതെയാക്കി കണ്ടിട്ടുണ്ട് ഞങ്ങള്‍. “എമ്മാറെസ്” എന്ന ചോദ്യവും “ഏസ്സ്” എന്ന ഉത്തരവും “ വട്ട്” എന്ന കളിയിലെ അര്‍ഥമുള്ള പദങ്ങളായിരുന്നു. Am I right –ഉം yes- ഉം ആവാം ഇങ്ങനെ ഗ്രാമ്യമാക്കപ്പെട്ടത്‌.) ചോക്ക് പൊടിയുടെ മണമുള്ള “മേന്റം”മാരുടെ കൈകളും മഴയത്ത് നനഞ്ഞ ഇറയങ്ങളും മുറ്റവും, സ്ലേറ്റും, മഷിത്തണ്ടും ഒക്കെ കഥകളിലും സിനിമകളിലും മാത്രമല്ല, എന്റെ ജീവിതത്തിലെയും മധുരമുള്ള കാലഘട്ടത്തിന്റെ ബാക്കിപത്രങ്ങളാണ്. രണ്ടു മഷിത്തണ്ടിനു പകരം ഒരു ചെരട്ട പെന്‍സില്‍ ( സ്ലേറ്റില്‍ തെളിഞ്ഞെഴുതുന്ന കട്ടി പെന്‍സിലിനാണ് ചെരട്ട പെന്‍സില്‍ എന്ന് പറഞ്ഞിരുന്നത്, ഇന്നത്തെ ജെല്‍ പെന്‍ പോലെ ) എന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തിലുള്ള കച്ചവടം ഞാനും നടത്തിയിരുന്നു സ്ക്കൂള്‍ വരാന്തയില്‍. ഇല്ലപ്പറമ്പില്‍ “ പെരുമ്പാല” കുളത്തിനടുത്ത് ധാരാളം ഉണ്ടായിരുന്നു മഷിത്തണ്ട് ചെടി. മഷിത്തണ്ട് ശേഖരിക്കാന്‍ എന്നോടൊപ്പം കൂടുക മേരിയാണ്. എന്റെ അയല്‍ക്കാരിയും, ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കളിക്കൂട്ടുകാരിയുമായ മേരി.

സ്ക്കൂളിന്റെ ലോകവും, ഇല്ലത്തെ ലോകവും, അതിനിടയിലെ കുട്ടികളുടെ മാത്രമായ ലോകവും വേറെ വേറെ നിലനില്‍പ്പുള്ള ഇടങ്ങളായിരുന്നു അന്നൊക്കെ. അതുകൊണ്ട് തന്നെ സൌഹൃദവലയങ്ങള്‍ ഒരുപാടുണ്ടായിരുന്നു, ചെറുതും വലുതുമായ പല പല കൂട്ടങ്ങള്‍. മഷിത്തണ്ടിനു മേരിയാണെങ്കില്‍ ഇടവഴികളിലെ വേലിപ്പടര്‍പ്പുകളില്‍ നില്‍ക്കുന്ന കൊങ്കിണി പൂവിന്റെ കായ പറിച്ചു തിന്നാന്‍ ഗിരിജ, വിജയലക്ഷ്മി, വിമല, ഷര്‍മിള, എന്നിവരൊക്കെ ഉണ്ടാവും. പെരുമ്പാലക്കുളത്തിലെ നീന്തല്‍ സംഘങ്ങള്‍, ഉത്സവക്കാലങ്ങളിലെ സുഹൃത്തുക്കള്‍ ഒക്കെ വേറെ വേറെ ആയിരുന്നു.

സന്തോഷങ്ങളും സങ്കടങ്ങളും പരിഭവങ്ങളും അനുഭവിക്കുകയും ആസ്വദിക്കയും അതു കഴിഞ്ഞു അവിടെത്തന്നെ ഉപേക്ഷിക്കയും ചെയ്യുന്ന ബാല്യകാലം. ഉപേക്ഷിക്കപ്പെടുന്നവയില്‍ ചിലവ എവിടെയോ എങ്ങനെയോ ഒട്ടിപ്പിടിക്കും. മധുരമുള്ളതെന്നോ ദുഃഖമുണ്ടാക്കുന്നതെന്നോ വേര്‍തിരിവില്ലാതെ ഹൃദയത്തോടങ്ങ്‌ ചേര്‍ന്ന് നില്‍ക്കുന്ന കുറെ ഒട്ടിപ്പിടുത്തങ്ങള്‍. അത്തരത്തില്‍ ഹൃദയത്തോട് ഒട്ടിപ്പിടിച്ച ഒരു ഓര്‍മ്മയാണ് പീതാംബരന്‍.

അക്കാലത്ത് ഞങ്ങളുടെ നാടിന്റെ, നടവരമ്പിന്റെ ഗായകനായിരുന്നു പീതാംബരന്‍. . ഞങ്ങള്‍ക്ക് കുട്ടികള്‍ക്ക് പീതാംബരനേക്കാള്‍ വലിയ ഗായകന്‍ എന്നത് സങ്കല്‍പം മാത്രമായിരുന്നു. അച്ഛന്‍ ബോംബെയില്‍ നിന്ന് കൊണ്ടു വന്ന ചെറിയ റേഡിയോവിലൂടെ കേള്‍ക്കുന്ന ശബ്ദത്തിനപ്പുറം യേശുദാസ്, ജയചന്ദ്രന്‍-മാര്‍ക്കൊക്കെ മനുഷ്യരൂപം ഉണ്ടെന്നു പോലും സങ്കല്‍പ്പിക്കാത്ത ബാല്യം. കണ്മുന്നിലെ പീതാംബരന്‍ അതിനാല്‍ ജീവിച്ചിരിക്കുന്ന അത്ഭുത പ്രതിഭാസവും.

സ്ക്കൂളിലെ കാര്യങ്ങള്‍ സ്ക്കൂളിലും വീട്ടിലെ കാര്യങ്ങള്‍ വീട്ടിലും ഒതുങ്ങുമായിരുന്ന ആ കാലത്ത് രണ്ടിനും ഇടയ്ക്കുള്ള പാലങ്ങളായിരുന്നു സ്ക്കൂളില്‍ നടക്കുന്ന ആനിവേഴ്സറിയും മറ്റും. സ്ക്കൂളിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ഞാനും ചേച്ചി സുമയും. ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന പദ്മജ ടീച്ചറുടെ പരിചയക്കാരനായ പാട്ടുകാരനായിട്ടാണോ (ഞങ്ങള്‍ക്ക് ഡാന്‍സിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്നത് പദ്മജ ടീച്ചറായിരുന്നു.), അതോ ഏട്ടന്റെ കൂട്ടുകാരനായിട്ടാണോ എങ്ങനെയാണ് പീതാംബരന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും ഇല്ലത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവനായത് എന്ന് ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല. പിന്നീട് ഇല്ലത്തെ ഒരു അംഗമായി പീതാംബരന്‍. മിക്ക വിശേഷാവസരങ്ങളിലും ഒത്തുകൂടലിന്റെ ആഹ്ലാദങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒരാളായി പീതാംബരന്‍ ഉണ്ടാവുമായിരുന്നു, പ്രത്യേകിച്ചും ഉത്സവക്കാലങ്ങളില്‍.

സ്ക്കൂളില്‍ മാത്രമല്ല നാട്ടിലെ പല സ്റ്റേജുകളിലും ഡാന്‍സ് അവതരിപ്പിക്കുന്ന കുട്ടി സംഘങ്ങളില്‍ ഞങ്ങളുമുണ്ടായിരുന്നു. ഓരോ പരിപാടിക്കുമുള്ള റിഹേഴ്സലുകള്‍, മേയ്ക്ക്-അപ്പ്‌, ഓര്‍ക്കസ്ട്ര എല്ലാം ചുമതലയായി പീതാംബരനും കൂട്ടരും ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഡാന്‍സ് റിഹേഴ്സലുകള്‍ മിക്കവാറും പീതാംബരന്റെ വീട്ടില്‍ വച്ചാണ് പതിവ്. അന്നാട്ടിലെ പ്രധാന നായര്‍ തറവാടായ പര്യേടത്ത് തറവാടിന്റെ വിശാലമായ തളത്തില്‍. ഹാര്‍മോണിയം രവി മാഷ്, ട്രിപ്പിള്‍ ഡ്രം രാധാകൃഷ്ണന്‍ മാഷ്‌, നന്ദനന്‍ മാഷ്, പാട്ട് പീതാംബരന്‍, അനിയന്മാരായ വിജയന്‍, സുഭാഷ് ( സുഭാഷ്‌ പിന്നീട് കാന്‍സര്‍ ബാധിതനായി മരിച്ചു ) .. റിഹേഴ്സലും കളികളുമായി എത്ര ദിവസങ്ങള്‍, എത്രയെത്ര ഓര്‍മ്മകള്‍!!!! ഓരോ പരിപാടി അടുക്കുമ്പോഴും പിടി കൂടുന്ന തൊണ്ട വേദനക്ക് മരുന്നായി കുരുമുളകും ചവച്ചു നടക്കുന്ന പീതാംബരന്റെ രൂപം ഇന്നും മനസ്സിലുണ്ട്.

ഞാന്‍ നാലില്‍ പഠിക്കുന്ന കാലത്താണ് എന്ന് തോന്നുന്നു പാര്‍വതി ടീച്ചര്‍ ഡാന്‍സ് പഠിപ്പിക്കാന്‍ വന്നത്. അന്ന് ഇരിഞ്ഞാലക്കുടയില്‍ പാര്‍വതി ടീച്ചറും ഇടവേള ബാബുവിന്റെ അമ്മയായ ശാന്ത ടീച്ചറുമായിരുന്നു പ്രധാന ഡാന്‍സ് ടീച്ചര്‍മാര്‍ എന്നാണ് എന്റെ ഓര്‍മ്മ. പാര്‍വതി ടീച്ചറുടെ ഡാന്‍സ് പരിപാടികള്‍ക്ക് സ്ഥിരം പാട്ടുകാരന്‍ പീതാംബരനും ശാന്ത ടീച്ചറുടെ സ്ഥിരം പാട്ടുകാരന്‍ ഒരു സുകുമാരനുമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.

പീതാംബരന്‍ പിന്നീട് തൃശൂര്‍ വോയ്സ് എന്ന ഗാനമേള ട്രൂപ്പിലും പാടിയിരുന്നു. ഒരിക്കല്‍ നാട്ടിലെ തൃപ്പയ്യ അമ്പലത്തില്‍ ഉത്സവത്തിനു പീതാംബരന്റെ നേതൃത്വത്തില്‍ തൃശൂര്‍ വോയ്സിന്റെ ഗാനമേള ഉണ്ടായിരുന്നു. അതിനു വരുന്ന വഴിക്ക് ആക്സിഡന്റ്റ് ഉണ്ടായതും പ്രധാന ഗായികയുടെ കണ്‍പോളകള്‍ മുറിഞ്ഞു തൂങ്ങിയതും പീതാംബരന്‍ പിന്നീട് വിസ്തരിച്ചത് ഓര്‍ക്കുന്നുണ്ട് ഞാന്‍. അന്നവര്‍ പാടിയ “ സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ..” എന്ന പാട്ട് ഇപ്പോഴും മനസ്സിലുണ്ട്.

ഐക്കരക്കുന്ന്‍ സ്ക്കൂളില്‍ പീതാംബരനും അനിയന്മാരും കൂടി അവതരിപ്പിച്ച ഹാസ്യനാടകം, സംഘഗാനം... അങ്ങനെ ഓര്‍മ്മകള്‍ ഏറെയുണ്ടെങ്കിലും ഇല്ലത്തിന്റെ പടിഞ്ഞാറേ ഇറയത്തിരുന്നു ആസ്വദിച്ച, അന്നത്തെ ഗാനമേളയില്‍ പീതാംബരന്‍ പാടിയ “കേരളം കേരളം...കേളി കൊട്ടുയരുന്ന കേരളം....” എന്ന പാട്ട് , അതേ മാധുര്യത്തോടെ ഇന്നും ചെവിയില്‍ മുഴങ്ങുന്നു. ആ ഗാനമേളയിലായിരുന്നു, പീതാംബരന്റെ പ്രോത്സാഹനത്തില്‍ എന്റെ ഏട്ടന്‍ പാടിയത്. അതായിരുന്നു ഏട്ടന്റെ ആദ്യത്തെയും അവസാനത്തെയും സ്റ്റേജ് പെര്‍ഫോര്‍മന്‍സ്. പിന്നീട് ജോലി കിട്ടി വയനാട്ടിലേക്ക് യാത്രയായി പീതാംബരന്‍

കാലം കടന്നു പോകുമ്പോള്‍ ജീവിതത്തിന്റെ നല്ലതും ചീത്തയുമായ മാറ്റങ്ങളുടെ കൂട്ടത്തില്‍ എവിടെയോ വച്ച് പാടുന്ന പീതാംബരന്‍ പാടാത്ത പീതാംബരനായി. കാലം ഏറെ കടന്നു വന്നു ഇപ്പുറം നില്‍ക്കുമ്പോഴാണ്, മകന്‍ ഗോവിന്ദ്. പി. മേനോന്‍-ന്റെ തൈക്കുടം ബ്രിഡ്ജ് എന്ന ട്രൂപ്പിന്റെ വേദിയില്‍ നിന്ന് പീതാംബരന്‍ പാടുന്നത് ഞങ്ങള്‍ വീര്‍പ്പടക്കി കേട്ടിരുന്നത്. അന്നത്തെ മെലിഞ്ഞു നീണ്ട സുന്ദരനായ ആ ഗായകനെ എത്ര ഊഷ്മളതയോടെയാണ് ഞങ്ങളൊക്കെ ചേര്‍ത്തു വച്ചിരിക്കുന്നത് എന്ന് ഇപ്പോള്‍ ഈ പാട്ട് കേള്‍ക്കവേ ഞങ്ങള്‍ അറിയുന്നു.

ഈ തിരിച്ചു വരവ് ഞങ്ങള്‍ മനസ്സാല്‍ ആഘോഷിക്കുന്നു
പാടൂ പീതാംബരാ പാടൂ ഇനിയും..



Wednesday, 8 January 2014

ദൃശ്യം ( സിനിമ)- ഒരു വിയോജനക്കുറിപ്പ്


ഏറെ കൊണ്ടാടപ്പെട്ട ദൃശ്യം എന്ന സിനിമ കാണാന്‍ പോയത് ഇന്നലെയാണ്. മിക്കവാറും ഒഴിഞ്ഞു കിടക്കാറുള്ള സീറ്റുകള്‍ മുഴുവന്‍ ഇന്നലെ നിറഞ്ഞിരുന്നു. ആകാംക്ഷയോടെ കാത്തിരുന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സംശയിച്ചു എന്തുകൊണ്ടാണ് ഈ സിനിമ ഇത്രയേറെ ആഘോഷിക്കപ്പെട്ടത്‌?വിഷയത്തിന്റെ പ്രാധാന്യം ? (പ്രാധാന്യമുള്ളത് തന്നെ. പക്ഷെ ആ വിഷയത്തെ സമീപിക്കേണ്ടത് ഇങ്ങനെയാണോ?), സാങ്കേതികത? ( അതില്‍ എനിക്കറിവു തീരെയില്ല), അഭിനയത്തികവ്? (അത് ഞാന്‍ കണ്ടില്ല ആരിലും,ആ കൊച്ചുപെണ്‍കുട്ടിയിലൊഴിച്ച്).

അത്യന്തം നെഗറ്റിവ് ആണ് ഈ സിനിമ, സ്ത്രീവിരുദ്ധവും.


ഒരമ്മ എന്ന നിലയില്‍ എന്നെ ഭയപ്പെടുത്താന്‍ ആയിട്ടുണ്ട് സിനിമക്ക്. പലപ്പോഴും വളരെ നെര്‍വസ്സ് ആയി ഇറങ്ങിപ്പോരാന്‍ തോന്നുന്നത്രയും ശക്തമായ ഒരു കഥാതന്തു അല്ലെങ്കില്‍ വിഷയം അതിലുണ്ട്. എന്റെ കുട്ടിയുമൊത്തു സ്വതന്ത്രമായി ഇറങ്ങി നടക്കാനും മകളെ ഒറ്റയ്ക്ക് പുറത്തേയ്ക്കും കൂട്ടായ്മകളിലേക്കും വിടാനും പേടിക്കേണ്ടതുണ്ടോ എന്നൊന്ന് ഭയന്ന് പോയി എന്നിലെ അമ്മ മനസ്സ്. ഇത്തരം ഭയത്തെ മുന്നറിയിപ്പുകളായി മകള്‍ക്ക് പകരും ഓരോ അമ്മയും. വളര്‍ച്ചയുടെ ഓരോ പടവിലും ഇത്തരം മുന്നറിയിപ്പുകളിലൂടെ, മുന്‍ധാരണകളിലൂടെ കടന്നുപോകുന്ന ഓരോ പെണ്‍കുട്ടിയും എങ്ങനെയായിരിക്കും ഒരു പുരുഷനെ കാണുക? തന്റെ സഹജീവിയായിട്ടോ അതോ എപ്പോള്‍ വേണമെങ്കിലും രൂപം മാറാവുന്ന ഒരു ദുഷ്ടമൃഗമായിട്ടോ?

എപ്പോഴും ആരുടെയൊക്കെയോ സംരക്ഷിത കവചങ്ങളില്‍ കുരുങ്ങിക്കിടന്ന് ഒരു പരീക്ഷണത്തെയും നേരിടാന്‍ കെല്‍പ്പില്ലാത്ത കുറെ പെണ്‍ജന്മങ്ങളെ സൃഷ്ടിക്കലാണോ ഇത്തരം സിനിമകള്‍ കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധത? തനിക്കു നേരെ നീണ്ടു വരുന്ന ഭയപ്പെടുത്തുന്ന ഒരു ആപത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന ഒരു പാഠവും ഈ സിനിമ നല്‍കുന്നില്ല. പകരം ജീവിതാവസാനം വരെ നീണ്ടു പോയേക്കാവുന്ന കുറെ കുരുക്കുകള്‍ ഉണ്ടാക്കി വയ്ക്കുക മാത്രമാണ് ചെയ്യുന്നത്..

അത്യന്തം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സിനിമയില്‍ ഉടനീളം കാണാം. പെണ്ണ് എന്നാല്‍ അടുക്കളക്കാരി മാത്രമെന്ന്, അതിലപ്പുറം ലോകവിവരമൊന്നും അവള്‍ക്കുണ്ടാവില്ലെന്ന് മോഹന്‍ലാലെന്ന നായകന് വേണ്ടി എഴുതിയുണ്ടാക്കിയ സീനുകളില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. നിരാശപ്പെടേണ്ട ഇനി സ്ത്രീകള്‍ എന്ന മട്ടില്‍ മുന്നില്‍ കൊണ്ട് നിര്‍ത്തുന്ന ആശാ ശരത്-ന്റെ ഗീതാ പ്രഭാകര്‍ എന്ന പോലീസുദ്യോഗസ്ഥയോ, നായകന്‍റെ created story, ഗിമ്മിക്കുകള്‍ തിരിച്ചറിയാനുള്ള ബുദ്ധിവൈഭവം കാണിക്കുമ്പോള്‍ പോലും സ്വന്തം മകനെ കണ്ണടച്ച് വിശ്വസിക്കുന്ന പുത്രസ്നേഹിയായ അമ്മയാകുന്നു. എല്ലാം കൃത്യമായും വ്യക്തമായും ചിന്തിക്കാന്‍ പുരുഷന്‍ തന്നെ വേണം.. (പലപ്പോഴും കുങ്കുമപ്പൂവ് എന്ന സീരിയല്‍ നടിയുടെ ഭാവഹാവാദികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുമില്ല ആശാ ശരത്). നായക കഥാപാത്രത്തിനു മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലെന്ന ഇമേജ് കളങ്കിതമാകാന്‍ പാടില്ലാത്ത ഒരു നായകനെ കൂടി സൃഷ്ടിച്ചു വീണ്ടും എന്നല്ലാതെ എന്തുണ്ട് ഈ സിനിമയില്‍ പറയാന്‍?

സൂര്യനെല്ലി പെണ്‍കുട്ടി അനുഭവിക്കുന്ന നീതി നിഷേധം, തെളിവില്ലാതെ പോയ ഐസ്-ക്രീം പാര്‍ലര്‍ കേസ്,  കേസില്‍ നിന്ന് പിന്മാറാന്‍ വിതുര പെണ്‍കുട്ടിയെ നിര്‍ബന്ധിതയാക്കുന്ന സാഹചര്യസമ്മര്‍ദ്ദങ്ങള്‍, ഡല്‍ഹി സംഭവം ഇതെല്ലാം ഒരു സ്ത്രീ വിരുദ്ധ സമൂഹത്തിന്റെ സൃഷ്ടികളാണ്.  സുനിതാ കൃഷ്ണന്റേത് പോലെയുള്ള ഒരു അതിജീവനത്തിന്റെ കഥയും പറയാന്‍ ഇഷ്ടപ്പെടാത്ത പത്ര-ചാനല്‍ മാധ്യമങ്ങളും , പിന്നെ ഇത്തരം സിനിമകളും എല്ലാം ചേര്‍ന്ന് നിലനിര്‍ത്തുന്ന അതേ സമൂഹത്തിലാണല്ലോ ഞാന്‍ എന്റെ മകളെ വളര്‍ത്തേണ്ടത് എന്ന ദുഃഖം വാക്കുകളില്‍ ഒതുക്കാന്‍ ആകാത്ത വിധം അസഹ്യമാവുന്നു.


അതിനാല്‍ ദൃശ്യം എന്ന സിനിമയെ എന്റെ കാഴ്ചകളില്‍ നിന്നെടുത്തു ഈ ലോകത്തിന്റെ ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കയാണ് ഞാന്‍. കൂടെ ഈ സിനിമയെ കൊണ്ടാടുന്ന ഓരോരുത്തരോടുമുള്ള എന്റെ പ്രതിഷേധവും അറിയിക്കുന്നു.

Thursday, 21 November 2013

എന്റെ ഒരു ദിവസത്തിന്റെ തുടക്കം ..



ഫ്ലാറ്റിന്റെ ജനലിലൂടെ ദൂരെയുള്ള കടലിലേക്ക്‌ നോക്കി,“അതാ കാണുന്നു ഒന്ന്, രണ്ട്, .... ഇന്ന് അഞ്ചായി ട്ടോ എന്നിങ്ങനെ എണ്ണം പിടിച്ച്  അച്ഛനും മകളും കൂടി പറഞ്ഞു കൊതിപ്പിക്കുന്ന കപ്പലുകളെ കാണാന്‍ ചാഞ്ഞും ചെരിഞ്ഞും കണ്ണു തിരുമ്മിയും ഒക്കെയുള്ള വൃഥാശ്രമങ്ങളി ലൂടെയാണ് ഈയിടെ എന്റെ പ്രഭാതക്കാഴ്ചകള്‍ തുടങ്ങുക.രാവിലത്തെ ചെറിയ തണുപ്പും കയ്യിലെ കപ്പിലെ ചുടുകാപ്പിയും.സുഖകരമാണ് ജനലരികിലെ ഈ നില്‍പ്പ്

കടല്‍, നിറങ്ങള്‍ മാറ്റിക്കളിക്കുന്നുണ്ടാവുമപ്പോള്‍. മഞ്ഞു പുതച്ചു വെ ളുത്ത നിറത്തില്‍ ആദ്യം, ഉദയസൂര്യന്റെ കൈകള്‍ തീര്‍ക്കുന്ന ഒരിളം ചുവപ്പ് പിന്നെ, അത് കഴിഞ്ഞാല്‍ ആകാശത്തിന്റെ  നീല ...

അപ്പോഴേക്കും കടലിനും എന്റെയീ ഫ്ലാറ്റിനുമിടയില്‍ ജീവിതം ചലനാ ത്മകമാവും.ജോലിക്ക് പോകുന്നവര്‍ക്ക് ദ്രുതതാളമാണ്.താഴെ പാര്‍ക്കിങ്ങ് ലോട്ടിലെ കാറുകളുടെ വാതിലുകള്‍ ദ്രുതഗതിയില്‍ തുറക്കുകയും അടയുകയും ചെയ്യും.പിന്നെ ഓരോ വാഹനങ്ങളായി യാത്ര പറയും. അതിനിടയില്‍ സ്കൂള്‍ ബസ്സുകള്‍ കണ്ണു ചിമ്മി ചിമ്മി വന്നു നില്‍ക്കുന്ന കാണാം.റോഡില്‍.. സ്ക്കൂള്‍ ബാഗുകള്‍ ചുമന്നും കൊണ്ട് കുട്ടികളുടെ യാത്ര. (എന്റെ പഴയ വിദ്യാര്‍ഥിനി നൂര്‍ പറയുമായിരുന്നു,  അവര്‍ ബാഗുകളെ ചുമന്നു നടക്കുകയല്ല, ബാഗുകള്‍ അവരെയാണ് ചുമക്കുന്നത് എന്ന് ).ഈ തിരക്കിനിടയിലൂടെ നടന്ന് ഓറഞ്ചു കുപ്പായക്കാരന്‍ ആളുകള്‍ എറിഞ്ഞിട്ട ചപ്പുചവറുകളെല്ലാം തന്റെ കുന്ത മുനയില്‍ കോര്‍ത്ത്‌ കയ്യിലെ ബാസ്കറ്റില്‍ നിക്ഷേപിക്കുന്നതും കാണാം ഇടയ്ക്കു നടന്നു പോകുന്നവര്‍ തമ്മിലുള്ള കുശലാന്വേഷണങ്ങളുമുണ്ട് നാലാം നിലയില്‍ നിന്നുള്ള ഈ കാഴ്ച്ചയില്‍ എല്ലാം ശബ്ദമില്ലാത്ത ചലനങ്ങളാകുന്നു കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ഒരു വര പോലെ മാത്രം കാണുന്ന സ്ക്കൂള്‍ ബസ്സ്‌ വളഞ്ഞു പുളഞ്ഞ് ഇങ്ങെത്തി പാര്‍വതിയെ കയറ്റി കൊണ്ടുപോകും വരെ നീളും എന്റെയീ രാവിലെയുള്ള ജനലരികിലെ നില്‍പ്പ്







Thursday, 31 October 2013

ഇന്നെന്റെ സമരവീര്യം

"സമൂഹത്തിനു വന്ന രോഗത്തിന് ചികിത്സിക്കണം. അല്ലാതെ അതിനു മീതെ കോട്ട് എന്ന പുതപ്പിട്ടിട്ടു ഒരു കാര്യവുമില്ല. ഒരു വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ വെടി വെച്ചു കൊന്നു, അതിനാല്‍ ഇനി മുതല്‍ എല്ലാ അധ്യാപകരും ബുള്ളറ്റ് പ്രൂഫിട്ടു നടക്കുക എന്ന രീതിയിലാണോ നമ്മള്‍ ഒരു വിഷയത്തെ സമീപിക്കേണ്ടത്" ഇത്തരം പ്രസക്തമായ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു കേട്ടു, കഴിഞ്ഞ ദിവസം മനോരമ ചാനലിലെ നിയന്ത്രണരേഖ എന്ന പ്രോഗ്രാമില്‍, അദ്ധ്യാപകര്‍ കോട്ടിടണോ എന്ന ചര്‍ച്ചയില്‍..

ആണ്‍-പെണ്‍ ശരീര-ചിന്തകളെ മാറ്റി വച്ച് വ്യക്തികളായി സമൂഹത്തില്‍ ഇടപഴകാനുള്ള സ്വാതന്ത്ര്യം, സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യത്തോടെ ജീവിച്ചു പോകാനുള്ള അവകാശം എന്നിങ്ങനെയുള്ള വാദങ്ങളുമായി സ്ത്രീ-പുരുഷ സമത്വം എന്നത് നിഷേധിക്കാനാവാത്ത സത്യമായി സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. ഈ സമയത്തും ശ്രീമാന്‍ എല്‍ദോസ് കുന്നപ്പള്ളി, ശ്രീ. ഇബ്രാഹിം ഖാന്‍ എന്നിവരെ പോലുള്ളവര്‍ എത്തിപ്പെടുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ചര്‍ച്ചയില്‍ മുഴങ്ങിക്കേട്ട അതേ സമരവീര്യത്തോടെ തന്നെ അധ്യാപികമാര്‍ ഒരു പോരാട്ടത്തിനു ഇറങ്ങട്ടെ. അത് വിജയത്തിലെത്തട്ടെ. ആ പോരാട്ടത്തില്‍ അതെ സമരവീര്യമുള്ള മനസ്സുമായി ഈയുള്ളവളും ചേരുന്നു.

                                      

Sunday, 22 September 2013




ഇന്നെന്റെ അച്ഛന്റെ മൂന്നാമത്തെ ശ്രാദ്ധം. ഓര്‍മ്മയായിട്ടല്ല, ഉള്ളിലെ സാന്നിധ്യമായി തന്നെ ഞാന്‍ അറിയുന്ന എന്റെ അച്ഛന് മുന്നില്‍ നമിച്ചു കൊണ്ട് .......

Photo: ഇന്നെന്റെ അച്ഛന്റെ മൂന്നാമത്തെ ശ്രാദ്ധം. ഓര്‍മ്മയായിട്ടല്ല, ഉള്ളിലെ സാന്നിധ്യമായി തന്നെ ഞാന്‍ അറിയുന്ന എന്റെ അച്ഛന് മുന്നില്‍ നമിച്ചു കൊണ്ട് .......

Monday, 16 September 2013

ഇല്ലത്തെ ഓണക്കാഴ്ചകള്‍


            


ഓണനാളുകളിലെ എന്റെ ഇല്ലത്തെ നടുമുറ്റക്കാഴ്ചകള്‍
                             
   












മൂന്നു-നാലു ഇടങ്ങഴി അരി വേണം ഇങ്ങനെ അണിയാന്‍..  അരി അരച്ച് നാലി റയവും നടുമിറ്റവും മുഴുവന്‍ അണിഞ്ഞ് ഓണത്തിനായി ഒരുക്കാന്‍ ഈ വയ സ്സു കാലത്തും അമ്മയ്ക്ക് മടിയില്ല.ആ ഉത്സാഹത്തില്‍ കൂടാന്‍ ഞങ്ങള്‍ക്കും. 

ഓണം അനുഷ്ഠാന പ്രധാനമല്ല ആഘോഷപ്രധാനമാണ് എന്നത് കൊണ്ട് തന്നെ അലങ്കാരങ്ങള്‍ ഏറും.ഈ അരി കൊണ്ടുള്ള അണിച്ചില്‍ അലങ്കാരങ്ങളുടെ ഭാ ഗം തന്നെ.അലങ്കാരങ്ങള്‍ക്ക്  പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാവാം ഇരി ഞ്ഞാലക്കുടയില്‍ എല്ലാ വിശേഷാവസരങ്ങളിലും ഈ അണിച്ചില്‍ പ്രധാനമാ ണ്,ഒരു പറ നിറയ്ക്കുമ്പോള്‍ പോലും. വേളി(കല്യാണം) പോലുള്ള വിശേഷാ വസരങ്ങളില്‍ ചുമരിലും അണിയും.നിറപറ,വിളക്ക്, ആഭരണങ്ങള്‍ തുടങ്ങി എല്ലാ അലങ്കാര വസ്തുക്കളും ചുവരില്‍ അരിമാവ് കൊണ്ടുള്ള ചിത്രങ്ങള്‍ ആവുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട് ഞാന്‍.

                     
ഇല്ലത്ത് ഓണത്തിന് പൂക്കളം ഇടാറില്ല, അതുപോലെ തന്നെ മാതേവരെ വയ്ക്ക ലും പതിവില്ല. എന്തുകൊണ്ടെന്ന ചോദ്യമൊന്നും കുട്ടിക്കാലത്ത് മനസ്സില്‍ തോ ന്നിയിട്ടില്ല.ഞങ്ങള്‍ കുട്ടികളുടെ മോഹത്തിന് പൂക്കള്‍ പൊട്ടിച്ചു കൊണ്ടുവന്നാ ല്‍ മുറ്റത്ത് ഇടാന്‍ ആരും വിരോധം പറഞ്ഞിട്ടുമില്ല. പ്രധാന അലങ്കാരങ്ങളും ഒരുക്കങ്ങളും നടുമിറ്റത്തും നാലിറയത്തും ഒതുങ്ങുന്നത് കൊണ്ടാവാം.

നടുമിറ്റത്ത് പൂക്കളത്തിനു പകരം,ചുവപ്പും കറുപ്പും നിറങ്ങള്‍ ഉപയോഗിച്ചു ള്ള ചതുരക്കള്ളികളാണ് പതിവ്.അത്തമാവുമ്പോഴേക്കും ഇഷ്ടികപ്പൊടിയും ക രിക്കട്ട പൊടിച്ചുണ്ടാക്കിയ കരിപ്പൊടിയും രണ്ടു ചിരട്ടകളിലായി അമ്മ റെഡി ആക്കി വച്ചിട്ടുണ്ടാകും.കൂടെ തുമ്പത്ത് തുണി ചുറ്റിക്കെട്ടിയ കുഞ്ഞുവടി ബ്രഷും അത്തത്തിന്‍ നാള്‍ ആണ് ചതുരക്കള്ളികള്‍ വരയ്ക്കാന്‍ തുടങ്ങുക. ഓരോ ക ള്ളിയിലും ഇടവിട്ട്‌ ചുവപ്പ് കറുപ്പ് പൊട്ടുകളും വരയ്ക്കും.ഓരോ ദിവസവും വരച്ചു ചേര്‍ക്കുന്ന കള്ളി ചതുരത്തിന്‍റെ വലിപ്പം കൂട്ടും. ഉത്രാടത്തിന്റെ അന്ന് ഈ ചതുരക്കളത്തിനു മീതെയാണ് അരി കൊണ്ട് അണിയുന്നത്. അതിന്മീതെയാ ണ് വലിയ വാഴയിലയില്‍ പറമ്പ് മുഴുവന്‍ നടന്നു ശേഖരിച്ച തുമ്പച്ചെടി കൂമ്പാ രം കൂട്ടുക.  കള്ളികള്‍ വരയ്ക്കാനും അണിയാനും തുമ്പച്ചെടി ശേഖരിക്കാനും അമ്മയെ സഹായിക്കുക,അമ്മ അല്ലെങ്കില്‍ മുത്തശ്ശി നടുമിറ്റത്ത് നിവേദ്യം കഴി ഞ്ഞു നാളികേരം കൊട്ടുമ്പോള്‍ ആര്‍പ്പു വിളിക്കുക എന്നതില്‍ ഒതുങ്ങിയിരു ന്നു ഞങ്ങള്‍ കുട്ടികളുടെ ചുമതലകള്‍.

വലുതായപ്പോള്‍ ചടങ്ങുകളില്‍ താല്പര്യം കുറയുകയും അലങ്കാരങ്ങളില്‍ കൌതുകം ബാക്കി നില്‍ക്കുകയും ചെയ്തു. അതിനാല്‍ ഈ ആചാരവ്യത്യാ സങ്ങള്‍ എന്തു കൊണ്ടെന്ന ചോദ്യം പിന്നീട് ഉയര്‍ന്നു വന്നതേയില്ല.

                                                2005-ലെ ജ്യോതിഷരത്നം മാഗസിന്‍ 









































ഈ ഫീച്ചര്‍ തയ്യാറാക്കിയവര്‍ ഇല്ലത്ത് വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നടു മിറ്റം ഓണത്തിനെന്ന പോലെ ഒരുക്കിയും,തലമുറകളിലൂടെ കൈമാറി വ രുന്ന കഥകളും അനുഷ്ഠിച്ചു വരുന്ന ചടങ്ങുകളും അവര്‍ക്ക് പറഞ്ഞു കൊടുത്തും അമ്മ അവരെ സ്വീകരിച്ചു. ചിത്രങ്ങളില്‍ നടുമിറ്റത്തിരിക്കു ന്നത് എന്റെ ചേച്ചിമാരാണ്   


  

Saturday, 1 June 2013

ഇന്നെന്റെ ആകുലത

നാലാം നിലയിലെ ഈ ഫ്ലാറ്റില്‍ നിന്ന് ദൂരെയുള്ള കടല്‍ കാഴ്ചകളിലേക്ക് കണ്ണു പായിച്ചപ്പോഴാണ് കാഴ്ചകളെല്ലാം അവ്യക്തമാണല്ലോ എന്നോര്‍ത്തത്. കാഴ്ചയുടെ വ്യക്തതയ്ക്ക് കണ്ണട വേണമല്ലോ എന്നറിഞ്ഞതും.എന്നിട്ടും ആ അവ്യക്തതയിലും കടലിന്റെ ആഴവും പരപ്പും എന്നെ ഭ്രമിപ്പിക്കുന്നു. ഇതുപോലെ ഓരോ അറിവിന്റെയും ആഴവും പരപ്പും എന്റെ ഈ ചെറിയ കാഴ്ചക്ക് അവ്യക്തമാണല്ലോ എന്ന ബോധത്തിന്റെ വ്യക്തതയാണ് ഇന്നത്തെ എന്റെ തിരിച്ചറിവ്. 

എന്നാണ് എനിക്ക് കാഴ്ചകള്‍ വ്യക്തമാവുക? എന്നാണ് ഞാനെന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ തുടങ്ങുക?