Friday, 2 October 2015

മനസ്സിലെ സ്വപ്നക്കാട്

     
            


ചെടിച്ചെട്ടിയിലെ
ചെടിയെ പോലെയാണിപ്പോള്‍
ജീവിതങ്ങള്‍.

വിശ്വാസത്തിന്റെ
ഒരു പിടി മണ്ണില്‍
ആഴ്ന്നിറങ്ങിയ വേരുകളിലാണ്
നിവര്‍ന്നു നില്‍ക്കുന്നത്.
വലിച്ചെടുക്കുന്ന വെള്ളത്തില്‍
സ്നേഹത്തെക്കാള്‍
നിറയുമന്നജങ്ങള്‍
വെയിലും മഞ്ഞും, മഴയും
തട്ടാതെ, തളര്‍ത്താതെ
പുഴുക്കുത്തുകള്‍ വീഴാതെ
കാക്കും കാവലാള്‍
ചെറിയ പൊക്കത്തില്‍ തന്നെ   
വലിയ ലോകത്തെ അളക്കും,
പണയം വയ്ക്കപ്പെട്ട മനസ്സുകള്‍

കൊഴിഞ്ഞു വീഴുന്ന മോഹങ്ങളുടെ
ഇലകളോട്,
അളിഞ്ഞലിഞ്ഞു ചേരുന്നതെ-
ന്നിലേക്ക് തന്നെയെന്നൊരു
സാന്ത്വന വാക്കിന് മുന്‍പേ
പെറുക്കിയകറ്റും
മണമില്ലാത്ത കാറ്റ്
ഇലക്കൈകളില്‍ ഒളിച്ചു കളിക്കുന്ന
മഞ്ഞു തുള്ളിയോ
ഇറ്റു വീഴുന്ന
മഴയുടെ സ്നേഹമോ ആണ്  
ഋതുഭേദങ്ങളെ
പറഞ്ഞു തരിക

അപ്പോഴെല്ലാം –

കാടിന്റെ കാറ്റിനെന്തൊരു
മണമെന്നു പുലമ്പാറ്
മുല്ലയാണ്

“ആഴിയോളം ആഴമുള്ള
മണ്ണിലെ നീണ്ട വേര്
പൊങ്ങി നിവരാന്‍
സ്വാതന്ത്ര്യത്തിന്റെ
അനന്തമായ ആകാശം
കാട്ടുമരങ്ങള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കും,
കാട്ടുജീവി കുലങ്ങള്‍ക്കുമിടയിലെ
അതിജീവന പാഠങ്ങള്‍ “

ഈട്ടം കൂട്ടി വച്ചയീ
സ്വപ്നക്കാടിന്റെ
തീക്ഷ്ണമണമാണ്‌
വെണ്‍നിലാവ് തലോടി
വെളുപ്പിച്ചിട്ടും
മായാതെ നിന്നതെന്ന്
മുല്ല പിന്നെ ചിരിയ്ക്കും

ഞാന്‍ മോഹിക്കും
  ഓരോ ചെടിയില്‍ നിന്നും
മോഹവേരുകള്‍ പൊട്ടി മുളച്ച്
  ചട്ടിയെ തുളച്ച്
പുറത്തേയ്ക്ക് നീണ്ട്,
മണ്ണിലാഴ്ന്ന്,
ഭൂവിന്റെ മാറില്‍ തൊട്ട്
മോഹവള്ളികളും ശാഖകളും
പടര്‍ന്നു പടര്‍ന്നു കേറി
ആകാശത്തോളം നിവര്‍ന്നൊ-
രുക്കുന്ന കാടിന്റെ

നടുവിലാകണം എന്റെ നാട് 

Wednesday, 3 June 2015

ഓര്‍മ്മകളിലെ ബിംബരൂപങ്ങള്‍










ഏകാന്തത ,
ഓര്‍മ്മക്കൂട്ടങ്ങളില്‍
അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച്
രൂപങ്ങള്‍ തീര്‍ക്കുന്ന
പണിശാലയാണ്

ശബ്ദഘോഷങ്ങളില്ലാത്ത
അക്ഷരരൂപങ്ങളിലാണ്,
മൌനത്തിന്റെ
ധ്യാനാത്മകതയിലാണ്,
ഓര്‍മ്മകളുടെ
മുള പൊട്ടുന്നതിന്റെ ചാരുത
കാണെക്കാണെ
പടര്‍ന്നൊലിച്ച്
മഴവില്‍ വര്‍ണ്ണങ്ങളില്‍
രൂപം വച്ച്
ജീവന്‍ വച്ച്
മനസ്സില്‍ നിറയുന്നതിന്റെ സൌന്ദര്യം

ഒരു മൌനം തീര്‍ത്ത
മയില്‍‌പ്പീലിയാണ് 
നീ ചൂടിയത്
മയില്‍‌പ്പീലി വര്‍ണ്ണങ്ങളില്‍
നിന്നൂറിയൊലിച്ച
നിറങ്ങള്‍ തീര്‍ത്തതാണ്
നിന്റെ മഞ്ഞ പട്ടുടയാട
നിന്‍ കരിനീല വര്‍ണ്ണം
സ്നേഹാക്ഷരങ്ങളുടെ 
ഞാവല്‍പ്പഴങ്ങളായിരുന്നു.
ഓടക്കുഴലും കൂടി
ചേര്‍ന്നപ്പോഴായിരുന്നു
നീ ബിംബരൂപമായത്

ശബ്ദഘോഷങ്ങളുടെ
അക്ഷരത്തിരകളില്‍
പിന്നെ നീ
തെന്നി തെന്നി
ദൂരെ ...

അതെന്നും അങ്ങനെയാണ്
ബിംബങ്ങളെ
പേറാന്‍ മനസ്സില്ലെനിയ്ക്ക് 


Saturday, 18 April 2015

ഒരു അത്താണിയുണ്ടോ?


Image result for അത്താണിയും മനസ്സും

ഒരു അത്താണിയുണ്ടോ?
വഴിയരികിലെങ്ങാനും

മനസ്സിലേറ്റാന്‍ വയ്യാത്ത
മര്യാദകളുടെ ഭാരം കൊണ്ട്
മുതുകു വളഞ്ഞിരിക്കുന്നു.
കാലടികളില്‍ ഞെരിഞ്ഞമരുന്ന
മുള്ളുകളുടെ വേദന
അറിയാതെയായിരിക്കുന്നു.

വഴിവിളക്കുകള്‍ തെളിയുന്നില്ല തീരെ
നടപ്പാതകളില്‍
സംസ്കാര പഠനങ്ങളുടെ
കൂര്‍ത്ത നോട്ടങ്ങളാണ്
വഴി കാട്ടുന്നത്
വഴിയേറെ പോന്നിരിക്കുന്നു

ഒരു അത്താണിയുണ്ടോ?
ഇതൊന്നിറക്കി വച്ച്,
മുതുകൊന്ന് നിവര്‍ത്തി,
അലസമായി
ചെന്നെത്തണം
ഞാന്‍ ഞാനാകുന്ന ലോകത്തേക്ക് 

Tuesday, 17 February 2015

അസ്തിത്വം തേടുന്ന വാക്കുകള്‍



ശ്രോതാക്കളില്ലാതെ
അന്തരീക്ഷത്തില്‍
അലിഞ്ഞില്ലാതാവുന്ന വാക്കുകള്‍
അനാഥര്‍

ചിരിയുടെ മഷി തീര്‍ന്ന
പേന കൊണ്ടെഴുതുന്നവ
തെളിഞ്ഞില്ലെങ്കിലും
കടലാസില്‍ പതിയും
അവയുടെ ഹൃദയമിടിപ്പ്‌
പക്ഷെ
ആരും കാണില്ല

ആര്‍ത്തു വിളിച്ചാലും
ശബ്ദം ചേരാതെ
തൊണ്ടയില്‍
കുരുങ്ങിക്കിടക്കും
അവയുടെ ജീവന്‍

വാക്കുകള്‍
അനാഥമാവുമ്പോഴാണ്
രൂപം
അസ്തിത്വം തേടുക

അപ്പോഴാണ്‌
ജീവിതം
സമരമാവുക

Saturday, 6 December 2014

മനസ്സിലെ മറവിയുടെ മണം

FB Post- 6 December, 2014





കാലത്ത്, കുളിച്ചുദിച്ച
സൂര്യന്‍ വഴി കാണിച്ചു
തന്നതാണീ കുളത്തിലേക്ക്‌
ഓര്‍മ്മകളുടെ തണുപ്പിലേക്ക്.

മറവിയുടെ കാട്ടുപൊന്ത-
കളാണ് വഴി നീളെ,
പണ്ട്, സ്വര്‍ണ്ണലരിപ്പൂക്കള്‍
തീര്‍ത്ത രാജപാതയിലിന്ന്
കാറ്റിനും വേണ്ടാത്ത
കരിയിലകളാണ്,കത്താന്‍
ഊര്‍ജ്ജം പേറാത്ത
നനഞ്ഞു കരിഞ്ഞോര്‍മ്മകള്‍

വഴിയില്‍ പിതൃക്കളുറങ്ങും
മണ്ണില്‍ വാനോളം വളര്‍ന്ന
പുല്ലുകള്‍, അടുത്താല്‍ മുറിയും
വേദന തിന്നും മനസ്സും ശരീരവും

കൊക്കര്‍ണ്ണിയിലെ സ്ഫടിക
ജലത്തില്‍ അടിഞ്ഞൂറിയ ചേറ്
ഓര്‍മ്മകള്‍ ഒന്നാകെ മറഞ്ഞു
പോയ ചേറിന്‍പുതപ്പ്‌

കുളിരുന്ന വെള്ളം, പുതഞ്ഞ
ചേറില്‍ കാല്‍ തൊട്ടപ്പോള്‍
കുമിളകളായി ചിരിച്ചുണര്‍ന്ന
ഓര്‍മ്മകളുടെ നനുത്ത സ്പര്‍ശം
മോഹിച്ചിട്ടും, മുങ്ങി നിവരാതെ
പുതഞ്ഞു പോയെന്‍ ശരീരം

കരിയിലകളില്‍ നനവിന്‍
പളുങ്കുമണികളുതിര്‍ത്ത്
പരിഭവങ്ങളുറക്കെപ്പറഞ്ഞ്
നാട്ടുമാങ്ങ തന്‍ മണം കൊതിച്ച്
കാലടികള്‍ തീര്‍ത്ത വഴിയെ പോകവേ

കാട് പടര്‍ന്ന മനസ്സ് പേറുന്ന
മണമൊന്നേയൊന്ന്,
ഓര്‍മ്മകളെ മറച്ച
ചേറിന്‍ മണമെന്ന
അറിവിന്റെ പുല്‍നാമ്പ് വരഞ്ഞ
മുറിവിന്റെ വേദനയിലാണ്
ഞാനിന്നു കരഞ്ഞത്

Tuesday, 2 December 2014

ഒരു സ്വപ്നത്തിന്റെ ചിറക്
















അടച്ചിട്ട മുറികള്‍ക്ക്
അസ്വാതന്ത്ര്യത്തിന്റെ മണമുണ്ട്.
കാലില്‍ ചങ്ങലയില്ലെങ്കിലും
ലക്ഷ്മണരേഖകള്‍ വരയ്ക്കുന്ന
നോട്ടങ്ങളുണ്ട്.

പക്ഷികളെ പോലെ പാറാന്‍
നനുത്ത ചിന്തകളുടെ തൂവലും
മനസ്സൊന്നു തളര്‍ന്നാല്‍
പറന്നിറങ്ങാന്‍
ഒരല്പം സ്നേഹത്തിന്‍ മണ്ണും
അതിര്‍ത്തികള്‍ തിരിക്കാത്ത
സൌഹൃദത്തിന്റെ ആകാശവും മതി,
ചതുരക്കള്ളികള്‍
വിലയ്ക്ക് വാങ്ങേണ്ടെനിയ്ക്ക്

ഈയൊരു രാത്രി കൂടി കടന്നാല്‍
പകല്‍ വെളിച്ചത്തില്‍
പറന്നുയരാനുള്ള മോഹ-
മാണെന്റെ ചിറക്


Wednesday, 13 August 2014

മനസ്സിന്റെ അപനിര്‍മ്മിതികളും സമൂഹവും

കേട്ടാല്‍ വളരെ നിരുപദ്രവമെന്ന് തോന്നുന്ന നമ്മുടെ മനസ്സിന്റെ ചില അപനിര്‍മ്മിതികളെ കുറിച്ചുള്ള സംസാരങ്ങളിലേക്ക് എത്തിപ്പെട്ടത് ആകസ്മികമായിട്ടായിരുന്നു.

ഡിസ്ക്കവറി ചാനലില്‍ ചായ നിര്‍മ്മാണത്തെ കുറിച്ചുള്ള പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ക്കിടയില്‍ വളരെ വില പിടിച്ച ഒരു കാപ്പിപ്പൊടി നിര്‍മ്മാണത്തെ കുറിച്ച് കേട്ട കൌതുകകരമായ കഥ തര്‍ക്കവിഷയമായത്.  കേട്ടത് എവിടെ നിന്ന്, എപ്പോള്‍, എങ്ങനെ എന്നിങ്ങനെ ഒട്ടും പ്രാധാന്യമില്ലാത്ത വിഷയങ്ങളിന്മേല്‍ ആയിരുന്നു തര്‍ക്കം. ടി.വി.യില്‍ നിന്നെന്നു ഒരു പക്ഷവും നാട്ടില്‍ വച്ച് പറഞ്ഞു കേട്ടതെന്നു മറുപക്ഷവും. പിന്നെ സമയം, സന്ദര്‍ഭം, പറഞ്ഞ ആള്‍ ഇങ്ങനെയെല്ലാം നിരത്തി വച്ച് ഓര്‍മ്മകളെ ഒന്ന് കുടഞ്ഞപ്പോള്‍ ടി.വി.യില്‍ നിന്നെന്നു വാദിച്ച എനിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. പറഞ്ഞുകേട്ട കാര്യങ്ങളെ ഇങ്ങനെ തെളിമയുള്ള ദൃശ്യങ്ങളാക്കിയ മനസ്സിന്റെ വികൃതി അമ്പരപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു അന്ന്. മനസ്സിന്റെ ഈ തോന്ന്യാസം ഈയൊരു കാര്യത്തില്‍ നിരുപദ്രവമെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാവില്ലെന്ന അറിവിന്റെ പിടച്ചിലായിരുന്നു ആ അസ്വസ്ഥത. ചെറുതെങ്കിലും ഈ ഭ്രമാത്മകത മാനസിക ദൌര്‍ബല്യമെന്ന അറിവ് എന്നെ ആകുലപ്പെടുത്തിയിരുന്നു.

കേട്ട കഥ വളരെ സൌകര്യപ്രദമായ ഒന്നിലേക്ക് ഇനിയൊരു കഥാകഥനത്തിന് ഉതകുന്ന വിധത്തില്‍ കൂട്ടിയിണക്കുക, കേട്ട കാര്യങ്ങളെ സ്വന്തം അനുഭവങ്ങളായി തോന്നുകയും അത് സ്വാനുഭവങ്ങളായിത്തന്നെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുക, പുതുതായ കല്പനകളിലും വസ്തുതകളിലും ഭ്രമിച്ചു പോകുമ്പോള്‍ പഴയ യാഥാര്‍ഥ്യങ്ങളുടെ സ്മരണകള്‍ പൊടി പിടിച്ചു പോകുക എന്നിങ്ങനെ മനസ്സിന്റെ ഇത്തരം വികൃതികള്‍ നിറഞ്ഞ, കണ്ടതും കേട്ടതുമായ കഥകളുടെ പൊതിയഴിക്കലായി പിന്നെ. സമൂഹമനസ്സിന്റെ അത്തരം അപനിര്‍മ്മിതികളുടെ ഇരയായ “തനിയാവര്‍ത്തന”ത്തിലെ നായകനും, ഇത്തരം  അപനിര്‍മ്മിതികളെ സ്വന്തം സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് ഉപയോഗിച്ചു ജയിക്കുന്ന Triacharithra “ എന്ന ഹിന്ദി സിനിമയിലെ വില്ലനായ നായകനും ചര്‍ച്ചകളില്‍ കടന്നു വന്നു. അതൊരു പഠനമായിരുന്നു, സ്വന്തം മനസ്സ് ഭ്രമാത്മകതയുടെ വലകളില്‍  കുരുങ്ങാതെ ഓരോ നിമിഷവും ജാഗരൂകമാവേണ്ടതിന്റെ ഒരു പഠനം. 

ബാല്യകാലം മുതല്‍ക്കേ നമ്മുടെ കൂടെയുണ്ട് ഈ ഭ്രമാത്മകത. ദൈവങ്ങളെക്കാള്‍ വിശ്വസിച്ചിരുന്നു പ്രേതങ്ങളെ. ഇല്ലത്തിനകത്ത് അറിയാതെ വന്നു പെടുന്ന പാമ്പിനെ കണ്ടാല്‍ “പൊയ്ക്കോ, നിനക്ക് വഴി തെറ്റീതാണ്, പൊയ്ക്കോ..” എന്ന് മുത്തശ്ശി പറഞ്ഞാല്‍ കേള്‍ക്കാത്ത പാമ്പുകളില്ലെന്നു തന്നെയായിരുന്നു വിശ്വാസം. കുറേക്കൂടി മുതിര്‍ന്നപ്പോള്‍ കഥകളിലെ ഭ്രമാത്മകത യാഥാര്‍ഥ്യത്തോട് ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങി. അവയിലൊന്നാണ് വെണ്ണ ഉരുക്കുന്നതെങ്ങനെ എന്നതിനുള്ള മുത്തശ്ശിക്കഥ.” അത് സുധേ, ഒരു വിഷമോല്യ.. വെണ്ണ അടുപ്പത്ത് വച്ചാ ആദ്യം ഒന്ന് പതയും, പിന്നെ അത് കൃഷ്ണ കൃഷ്ണാ ന്നു പൊട്ടാന്‍ തുടങ്ങും അപ്പൊ തീ കെടുത്താം”.. എത്ര എളുപ്പമായി വെണ്ണ ഉരുക്കല്‍ !!!! ഇത്തരം ഓരോ കഥയും വിശ്വാസത്തിന്റെ അദൃശ്യമായ ചങ്ങലക്കെട്ടുകള്‍ കൊണ്ട് പൂട്ടിയിടുന്നുണ്ട് നമ്മുടെ ചിന്താശേഷികളെ.  

പിന്നെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരോടൊക്കെ തല്ലിട്ടും, ആചാരങ്ങളെ സ്നേഹിച്ചും, എന്നിട്ടും ഉള്ളില്‍ ഭക്തി തോന്നാത്തതില്‍ സങ്കടപ്പെട്ടും കഴിഞ്ഞിരുന്ന  ഡിഗ്രി കാലഘട്ടവും കടന്ന്, പാലക്കാട് ഒരു ചെറിയ പഠനത്തിനായി എത്തിയ സമയത്താണ് ഇല്ലാത്ത ഭക്തിയെ താങ്ങുന്ന മനസ്സിനെ മടുത്തു തുടങ്ങിയത്. ഞാന്‍ താമസിച്ചിരുന്ന ബന്ധുവീട്ടിലെ ഗൌരിയേടത്തിയുടെ സഹായത്തോടെ അതില്‍ നിന്ന് ഉറയൂരാന്‍ തുടങ്ങിയതും, അക്കാലത്ത് തന്നെ. ഉത്സാഹിയായ ആ ഏടത്തിയുടെ കൂടെ കണ്ടതും കേട്ടതും വിമര്‍ശിച്ചും, പരിഹസിച്ചും, സ്നേഹി ച്ചും പാലക്കാട് മുഴുവന്‍ കറങ്ങി നടന്നു. ഒരിക്കല്‍ ഒരു കൂട്ടം സായിഭക്തരുടെ കൂടെ ഒരു വിളക്കു പൂജയ്ക്ക് പോയതോര്‍മയുണ്ട്. അവര്‍ ചെയ്യുന്നതെല്ലാം ആ വര്‍ത്തിച്ച്, അവര്‍ തന്ന ഭക്ഷണവും വയറു നിറച്ചു കഴിച്ച്, തിരിച്ചു വരും വഴി മുഴുവന്‍ അവിടെ പറഞ്ഞു കേട്ട കഥകളിലെ അസംബന്ധങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞു ആര്‍ത്തു ചിരിച്ച ആ ദിവസം രാത്രി സായിബാബ ആജാനുബാഹുവായി,  ക്രുദ്ധനായി എന്റെ സ്വപ്നത്തില്‍ വന്നു. ഈ സ്വപ്നം ഉള്ളില്‍ അ വശേഷിക്കുന്ന ഭയത്തിന്റെ സൃഷ്ടിയാണെന്നും, മനസ്സില്‍ ഇടം പിടിക്കുന്ന യുക്തി രഹിതമായ ഇത്തരം ഭയങ്ങളെ കയ്യൊഴിയേണ്ടതുണ്ടെന്നും ഉള്ള ബോധം ശക്തമായത്‌ അന്നാണ് 

പ്രശസ്ത മജീഷ്യനായിരുന്ന പ്രൊഫസര്‍ വാഴക്കുന്നം ഒരിക്കല്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്, “ ഞാനൊരു ചെറിയ മജീഷ്യന്‍ എങ്കില്‍, സായിബാബ ഒരു വലിയ മജീഷ്യനാണ്‌” എന്ന്. സായിബാബയുടെ അത്ഭുതകഥകളുടെ എക്കാലത്തെയും മേമ്പൊടിയാണ് വായുവില്‍ നിന്നെടുക്കുന്ന ഭസ്മം. പ്രൊഫ. വാഴക്കുന്നത്തിന്റെ മാജിക്, മാജിക് ആണെന്ന് അറിഞ്ഞു കൊണ്ട് ആസ്വദിക്കുന്നതിനാല്‍ അത് കൌതുകവും അത്ഭുതവും ആണ് സൃഷ്ടിക്കുക. എന്നാല്‍ സായിബാബയെ മാജിക്, ദൈവമാക്കുന്നു. വെണ്ണ ഉരുകുമ്പോള്‍ പൊട്ടുന്നത് കൃഷ്ണാ എന്നാണെന്ന ഭാവനയെ സ്നേഹിക്കാം. എന്നാല്‍ വെണ്ണ, കൃഷ്ണാ എന്ന് ഉരുവിട്ടുരുകുകയാണെന്ന് വിശ്വസിക്കാന്‍  തുടങ്ങിയാല്‍ അവിടെ യുക്തി തോല്‍ക്കുന്നു.
ഇങ്ങനെ യുക്തിക്കും വിശ്വാസത്തിനും ഇടയില്‍ ഊയലാടി വളരുമ്പോള്‍, യുക്തിയെ കൂട്ടുപിടിക്കാനല്ല മറിച്ച് ചോദ്യങ്ങളൊന്നും വേണ്ടാത്ത, ഉത്തരവാദിത്തങ്ങളില്ലാത്ത വെറും വിധേയത്വത്തിന്റെ ഭാഷ മാത്രമുള്ള വിശ്വാസങ്ങളെ മുറുകെ പിടിക്കാനാണ് എളുപ്പമാവുക.

പണ്ട് മാതൃഭൂമി ബാലപംക്തിയില്‍ വായിച്ച വരികള്‍ ഓര്‍ക്കാന്‍ ശ്രമിക്കട്ടെ 
“ ഞാനെന്റെ വിഘ്നം
 ഗണപതിക്ക്‌ കൊടുത്തു,
 വിദ്യ സരസ്വതിക്ക് ,
 ഭയം അര്‍ജ്ജുനന്
 .........................
 അങ്ങനെ ഞാന്‍ സ്വതന്ത്രനായി
(മുഴുവന്‍ വരികളും ഓര്‍മ്മയില്ല)

ഈ എളുപ്പമാകല്‍, നിരന്തരമായ പ്രക്രിയയാവുമ്പോള്‍, അത് മനസ്സിന്റെ സ്വഭാ വമായി മാറുന്നു. പിന്നെ അധികാരത്തിനു അധീശത്വം സ്ഥാപിക്കല്‍ എളുപ്പമായി, വരിഞ്ഞുമുറുകിയ വലകളില്‍ കുരുങ്ങിയ ഇരകളായി.

സിനിമ കാണുമ്പോഴോ പുരാണകഥകള്‍ കേള്‍ക്കുമ്പോഴോ ഉള്ള ഭ്രമകല്‍പ്പനകള്‍ ആ നേരത്തേക്ക് മാത്രമുള്ളതാണ്, അത് കഴിഞ്ഞാല്‍ വിട്ടു പോകുന്നവ. പക്ഷെ ചില കാര്യങ്ങള്‍ നനവുള്ള പ്രതലത്തില്‍ ഒട്ടിപ്പിടിക്കുന്ന പൊടി പോലെ ദുര്‍ബലമായ മനസ്സുകളില്‍ പറ്റിപ്പിടിക്കുന്നുണ്ടാകും. അത്തരം ഇടങ്ങളില്‍ കേറിക്കളി ക്കുന്നവരാണ് സകല ആള്‍ദൈവങ്ങളും പൊങ്കാല ഭഗവതിമാരും എല്ലാ മതസംഘടനകളും. ആളുകളെ ഭ്രമകല്പനകള്‍ക്കടിമകളാക്കി, വന്‍തോതില്‍ മാനസിക രോഗികളാക്കുന്ന കമ്പോള ആത്മീയതയുടെ വക്താക്കളാണ് ഇവരെല്ലാം.(ഈ വാക്കിന് ഡോ.പി.എസ്.ശ്രീകലയോട് കടപ്പാട്) -പൊങ്കാല എന്ന് കേട്ടാല്‍ എന്റെയുള്ളില്‍ അടുപ്പില്‍ നിന്ന് സാരിയിലേക്ക് പടരുന്ന തീയും, കരിഞ്ഞു പോയ ഒരു പെണ്‍ജീവിതവുമാണ് ഓര്‍മ്മയില്‍ വരിക.. അതിനാല്‍ പൊങ്കാലയടുപ്പുകളും ജനത്തിരക്കും, പുകയും എന്നും വെറുപ്പിക്കുന്നു.-
സമൂഹമനസ്സിന്റെ ഇത്തരം അപനിര്‍മ്മിതികളിലൂടെ രൂപപ്പെട്ടതാണ് ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ. ഈ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുറകെ പോകുന്ന സമൂഹം തന്നെയാണ് സ്ത്രീ വിരുദ്ധതയുടെ കൃഷിയിടവും. സാധാരണ ജീവിതത്തില്‍ നിന്ന് ഇഴപിരിച്ചു വേര്‍തിരിച്ചെടുക്കാന്‍ ആവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന സ്വഭാവമായിരിക്കുന്നു ഇന്ന് സ്ത്രീവിരുദ്ധത. അതുകൊണ്ട് തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞു പോകുമ്പോഴേക്കും ഒരാള്‍ കൂട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത്.

ബാല്യം മുതല്‍ സമൂഹത്തിനു നിരക്കുന്നത് എന്ന പേരില്‍ ഒരു പെണ്‍കുട്ടിയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങള്‍ തീര്‍ക്കുന്ന മതിലുകള്‍ക്കുള്ളില്‍ കുരുങ്ങിപ്പോകുന്ന ഓരോ പെണ്‍ജന്മത്തിനും സംഘട്ടനം നടത്തേണ്ടത് രണ്ടു തരത്തിലാണ്.

1) അവനവനോടും (അവളവളോടും) 2) സമൂഹത്തോടും. തനിക്കു ചുറ്റും വേലികള്‍ തീര്‍ക്കുന്നത് വിശ്വാസങ്ങളാണോ സമൂഹമാണോ അതോ അവനവന്‍ തന്നെയാണോ എന്നത് എപ്പോഴും ചോദിച്ചു കൊണ്ടേയിരിക്കേണ്ടി വരുന്നുണ്ട് ഓരോ സ്ത്രീ മനസ്സിനും. കേട്ടു പോരുന്നതും അനുഭവിച്ചു പോരുന്നതുമാണ് സത്യം എന്ന് ഊട്ടിയുറപ്പിക്കാന്‍ പാകത്തിന് എത്രയോ കാലങ്ങളായി ഒരേ വാചകങ്ങള്‍ തന്നെയാണ് സമൂഹം സ്ത്രീകളോട് ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നത്, ഒരേ നിലപാടുകളില്‍ തന്നെയാണ് മാറ്റമില്ലാതെ. മാറ്റം വന്നത് സ്ത്രീകളുടെ സംഘട്ടനങ്ങള്‍ക്കാണ്, വീടിനു പുറത്തുള്ള വിശാലതയിലേക്ക് മാറിയിരിക്കുന്നു വേദി. സ്ത്രീ വിരുദ്ധതയും ഫെമിനിസവും വില കുറഞ്ഞ വാക്കുകളാവുന്നു എന്ന് പറയുന്നവരോട്, പ്രസക്തി നഷ്ടപ്പെടാത്ത അതേ ആശയങ്ങളുടെ കരുത്തില്‍ എന്നും പട വെട്ടേണ്ടതുണ്ട് എന്നതാണെന്റെ ചിന്ത.    

സ്വാതന്ത്ര്യത്തിന്റെ പാതയില്‍ തടസ്സം സൃഷ്ടിക്കുന്ന മതില്‍ക്കെട്ടുകള്‍ മറികടന്ന് തനിക്കുള്ള ഇടം വലുതാക്കാനുള്ള ഒരു അവബോധത്തിലേക്ക് വളരാന്‍ ഒരു സ്ത്രീയെയും അനുവദിക്കാതിരിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ തന്നെയാണ് ഇന്നും നടക്കുന്നത്. സമൂഹം കല്‍പ്പിച്ചു തരുന്ന ഇടങ്ങളില്‍ കയറിപ്പറ്റുകയല്ല, കൃത്യമായ അവബോധത്തോടെ തന്റേതായ ഒരിടം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് ഓരോ സ്ത്രീയും ചെയ്യേണ്ടത് എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ സ്ത്രീകള്‍ സുരക്ഷിതത്വം തേടുകയല്ല പകരം അരക്ഷിതത്വത്തെ ഭയമില്ലാതെ നേരിടുവാന്‍ ഉള്ള കരുത്താര്‍ജ്ജിക്കയാണ് വേണ്ടതെന്നും ഞാന്‍ വിശ്വസിക്കുന്നു .

-1955- ഇല്‍ എന്റെ അമ്മ പഠിച്ച മലയാളം പാഠപുസ്തകത്തിലെ ഒരു പാഠമുണ്ട്‌ “മനുവും സ്ത്രീകളും”.ആര്‍. ഈശ്വരപ്പിള്ളയുടെതാണ് ആ പഠനം .
“സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത ഒരു സമുദായം പക്ഷവാതം പിടിപ്പെട്ട ഒരു മനുഷ്യനെ പോലെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പ്രവൃത്തി ശക്തിയില്ലാതെ വര്‍ത്തിക്കുന്നു” എന്നും “ലോകരും ലോകവും ലോകകാര്യങ്ങളും ഒരേനിലയില്‍ എന്നും ഇരിക്കുന്നില്ല” എന്നും അദ്ദേഹം പറയുന്നു.

ഇന്നും ആണും പെണ്ണും തുല്യരല്ല എന്നും ആണിന് പ്രകൃതി തന്നെ മേല്‍ക്കോയ്മ കൊടുത്തിട്ടുണ്ടെന്നും, ഇന്നത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊക്കെ ഒരളവു വരെ സ്ത്രീകള്‍ തന്നെയാണ് കാരണം എന്നുമെല്ലാം വാദിക്കുന്ന എല്ലാ ആണ്‍-പെണ്‍ പ്രജകളും വായിക്കേണ്ട ഒരു പാഠഭാഗമാണ് അത്.

ഈ പാഠം അന്നത്തെ മാഷ്‌ എങ്ങനെ പഠിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത്, അന്ന് മലയാളം പണ്ഡിറ്റ്‌ അതൊന്നും ശരിയല്ല എന്ന രീതിയിലാണ് പറഞ്ഞു തന്നത് എന്നാണ്. പാഠഭാഗങ്ങള്‍ അന്നും ഇന്നും വേണ്ടവര്‍ക്ക് വേണ്ട പോലെ-


അതുകൊണ്ട് ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക്,  മനസ്സിന്റെ അപനിര്‍മ്മിതികള്‍ കൊണ്ട് നെയ്തെടുക്കുന്ന ആദര്‍ശത്തിന്റെയും വിശ്വാസങ്ങളുടെയും വലക്കണ്ണികളില്‍ കുരുങ്ങാത്ത, തികഞ്ഞ ശാസ്ത്രീയ അവബോധത്തിന്റെ വക്താക്കളായിത്തന്നെ വേണം അടുത്ത തലമുറ വളര്‍ന്നു വരേണ്ടത്. അതിനായി അവരെ സജ്ജരാക്കുക എന്നതാവട്ടെ നമ്മുടെ ലക്‌ഷ്യം