Tuesday, 16 June 2026

അഷിതയുടെ കഥകൾ -- ഞാൻ വായിച്ചെടുക്കുന്നത്

 

 

  
(FB post- 22 May, 2019) 

കഥയും ജീവിതവും
 
അഷിത എന്ന കഥാകാരി എനിക്ക് പ്രിയപ്പെട്ടവളാകുന്നത്‌, കയ്യില്‍ കിട്ടിയതെന്തും വായിച്ചു കൂട്ടുന്ന ചെറുപ്പത്തിലെ വായനാകാലങ്ങളില്‍ നോവായി ഉള്ളില്‍ പടര്‍ന്നു കയറിയ “ഒരു കീറ് ആകാശം മാത്രം” എന്ന നോവലൈറ്റിലൂടെ ആയിരുന്നു. വായന പുതുക്കാതെ, അഷിതയെ വായിക്കാതെ വര്‍ഷങ്ങളേറെ കടന്നു പോന്നിട്ടും നോവലൈറ്റിലെ അജയനും പാര്‍വതിയും ഭ്രാന്താശുപത്രിയുടെ ഇരുണ്ട ഇടനാഴികളും ആത്മഹത്യയില്‍ അഭയം തേടുന്ന മിനിയും പിന്നെ അഷിതയെന്ന കഥാകാരിയും മനസ്സിലേറി കൂടെ പോന്നത് കഥയും കഥാപാത്രങ്ങളും അത്രയും ആര്‍ദ്രതയോടെ ഉള്ളില്‍ പെയ്തു നിറഞ്ഞതു കൊണ്ടായിരുന്നു. കഥയായിട്ടും അനുഭവമായി തോന്നുന്ന ഭ്രമാത്മകത. 
                                       അഷിതയുടെ കഥകള്‍ അങ്ങനെയാണ്. ഉള്ളില്‍ കൊളുത്തിവലിക്കുന്ന ഒരു നോട്ടം പോലെ, ആഴ്ന്നിറങ്ങുന്ന നോവിന്റെ സൂചിത്തരിപ്പ് പോലെ അവയങ്ങ് ഹൃദയത്തില്‍ പറ്റിപ്പിടിക്കും. “ അഷിതയുടെ കഥകള്‍ “ എന്ന പുസ്തകത്തിന്റെ മുഖചിത്രത്തിലെ ഇരുളും വെളിച്ചവും ഇടകലര്‍ന്ന നിഴല്‍ പാതി വീണ, കഥാകാരിയുടെ മുഖത്തെക്കുറിച്ച്, അഷിതയെ ഓര്‍ക്കുന്ന കുറിപ്പുകളിലെവിടെയോ വായിച്ചു. ഇരുളേറെ കലര്‍ന്നതായിരുന്നു അഷിതയുടെ ജീവിതമെന്ന് ഈയിടെയാണ് നാം വായിച്ചറിഞ്ഞത്. ഇരുളിന്റെ വ്യഥകളെ കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ച്, കുടുംബവ്യവസ്ഥക്കകത്തെ പെണ്‍നോവുകളെ കഥകളായി അപനിര്‍മ്മിച്ചാണ് അവര്‍ സമൂഹത്തോട് സംവദിച്ചത്. ഇത് ഞാനാണല്ലോ, ഇത് നീയാണല്ലോ, ഇത് അറിയുന്ന ജീവിതമാണല്ലോ, ഇത് സത്യമാണല്ലോ എന്നെല്ലാം ആധി പൂണ്ടാണ്‌ ഓരോ കഥാപാത്രത്തിന്റെയും നോവിനെ നാം ചേര്‍ത്തുപിടിച്ചത്. നിറവേറാത്ത മോഹങ്ങള്‍ ജീവിതത്തിനിണക്കുന്ന ശോഭയെ കുറിച്ച് വേവലാതിയില്ലാതെ ഓര്‍ക്കുന്നത് കഥയെഴുതുമ്പോഴാണ് എന്ന് അഷിത പറയുന്നുണ്ട്. വേവലാതികളെ കഥാപാത്രങ്ങളായി പുനര്‍നിര്‍മ്മിക്കുന്നത് കൊണ്ടാവാം കഥാകാരിക്ക് കഥ ജീവിതമായത്. അതുകൊണ്ട് തന്നെയാണ് കഥകളില്‍ കഥാകാരിയെ തിരയുന്നത് അര്‍ത്ഥമുള്ളതാകുന്നതും. 

                            കഥകള്‍, കഥാകാരിയുടെ യഥാര്‍ഥജീവിതത്തോട് ചേര്‍ത്ത് വായിച്ചാല്‍ കഥാപാത്രങ്ങളായി പരന്നൊഴുകിയ അഷിതയെ കാണാം. കഥാപാത്രങ്ങളെ പെറുക്കിയെടുത്ത്, സ്വഭാവങ്ങളായി, ചിന്തകളായി, വികാരങ്ങളായി, ഇഴപിരിച്ച്, ഒരു puzzle game പോലെ കൃത്യമായി ചേര്‍ത്തുവച്ചാല്‍ കിട്ടുന്ന മുഴുരൂപമാണ് അഷിത. പലതവണ ഇലക്ട്രിക് ഷോക്ക്‌ തന്ന ആകാശത്തരി മാത്രം കാണുന്ന മുറിയില്‍ നാളുകളോളം അടച്ചിടപ്പെട്ട ഭൂതകാലത്തെ കുറിച്ച് മനസ്സ് തുറക്കുന്നുണ്ട് അഷിത പ്രിയ എ എസ്.-നോട്. അതിനാലാകണം അവര്‍ തന്നിലേക്ക് തിരിഞ്ഞിരിക്കുന്ന കഥാകാരിയായത്. “ എന്റെ കഥകളിലെ കഥാപാത്രങ്ങളൊന്നും മുറി വിട്ടു പുറത്തു പോകുന്നില്ല; അങ്ങേയറ്റം നടക്കുന്നത് ജനാല വരെയാണ്. ജനാലയ്ക്കപ്പുറ ത്തെ കാഴ്ചകള്‍ മാത്രമേ കഥയില്‍ വരുന്നുള്ളൂ എന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനോട് സമ്മതിക്കുന്നുണ്ട് അഷിത. സ്വയം പലരായും പലരില്‍ തന്നെത്തന്നെയും കാണാനുമുള്ള ഉള്ളാഴം ഈ ജനല്ക്കാഴ്ചകള്‍ അഷിതക്ക് നല്‍കിയിരിക്കാം. എഴുത്ത് മാത്രമായിരുന്നു കൂട്ടും ആശ്വാസവും. അഷിതയെ ജീവിതത്തിലേക്ക് ചേര്‍ത്ത് വച്ചതും കഥയെഴുത്താവണം. 
                             
                                                    ഒരു കീറ് ആകാശം എന്ന നോവലൈറ്റിനെ കുറിച്ച് ,” അതൊരു കഥയാണോ ചവറ്” എന്നാണു അഷിത ഇന്റര്‍വ്യൂവില്‍ പറയുന്നത്. ആ കഥയെ ചവറ് എന്നാദ്യം വിശേഷിപ്പിക്കുന്നത് സുജാതട്ടീച്ചറത്രേ. ഇത്തരം ചവരുകളൊന്നും ഞാന്‍ വായിക്കാറില്ല എന്നാണത്രേ ആദ്യവായനയില്‍ സുജാതട്ടീച്ചറുടെ വിലയിരുത്തല്‍. ഒരു പത്തൊമ്പതുകാരിയുടെ മനസ്സിന്റെ അടക്കമില്ലായ്മ, കഥയെഴുത്തിലും, കഥാപാത്രസൃഷ്ടിയിലും പിന്നീട് കഥാകാരിക്ക് തന്നെ തോന്നിയിരിക്കാം. എന്റെ വായനയില്‍, പക്ഷെ, ഞാന്‍ പറയുക, കഥാകാരിയുടെ ഉള്ളു തൊട്ട കഥയാണത് എന്നാണ് ഇതിലെ മുഖ്യകഥാപാത്രമായ അജയനെ തേടി വരുന്ന, തനിക്കായി കല്യാണം ഉറപ്പിച്ചു വച്ച മിനിയുടെ ഒരു ചേച്ചി, മെന്റല്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന പാര്‍വതിയെ കുറിച്ച് പറയുന്ന ഒരു ഊമക്കത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഒളിപ്പിച്ചു വയ്ക്കപ്പെട്ട ആ സത്യം തേടിപ്പോകുന്ന അജയനാകട്ടെ, പാര്‍വതിയോട് വളരുന്ന സഹതാപതിന്റെയോ കരുണയുടെയോ ഒഴുക്കില്‍ മിനിയോ പാര്‍വതിയോ എന്ന തിരഞ്ഞെടുപ്പില്‍ തോറ്റ് മനസ്സ് കൈവിട്ടു പോകുന്ന ദുരന്തനായകനാണ് വന്നു ചേര്‍ന്നതോ, അടിച്ചേല്‍പ്പിക്കപ്പെട്ടതോ ആയ ഭ്രാന്തിന്റെ അകത്തളങ്ങളില്‍ അടക്കപ്പെട്ട പാര്‍വതി, ഒളിപ്പിച്ചു വയ്ക്കാനും, ഓര്‍മകളില്‍ നിന്ന് പുറന്തള്ളാനും അഷിത മോഹിക്കുന്ന അഷിതയുടെ തന്നെ ഭൂതകാലമാണ് എന്നാണ് ഞാന്‍ കണ്ടെത്തുന്നത്. മിനിയാകട്ടെ, വര്‍ത്തമാനസമൂഹത്തില്‍ ഇടപെടുന്ന, കാരണമറിയാതെ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തുന്ന കുറ്റമെന്തെന്നു അറിയില്ലെങ്കിലും കുരിശു ചുമക്കുന്ന (കഥയിലെ ഗോവിന്ദന്‍ നായരുടെ വാക്കുകള്‍ കടമെടുത്തിരിക്കയാണ് ഞാനിവിടെ ) അഷിതയുടെ മറുപാതിയും. എത്ര തന്നെ ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിച്ചാലും തന്നെ തേടിയെത്തുന്ന ഭൂതകാല ദുരിതസ്മരണകളില്‍ നിന്ന്, ചേച്ചിയെന്ന ദുരന്ത നായികയില്‍ നിന്ന്, തന്നെ ജീവിക്കാന്‍ വിടാത്ത അജയനില്‍ നിന്ന്, അഥവാ സമൂഹത്തില്‍ നിന്ന്, മോചനമില്ലെന്ന നിരാശയില്‍ മിനി ആത്മഹത്യയില്‍ അഭയം തേടുകയാണ്. കഥയില്‍ തന്റെ പ്രതിരൂപത്തെ ആത്മഹത്യ ചെയ്യിപ്പിച്ച്, ജീവിതത്തില്‍ അഷിത “physically and mentally aggressive “ആവുകയാണ് ചെയ്തത് എന്ന ആത്മകഥയിലെ വാചകങ്ങളെ നമുക്കിതിനോട് ചേര്‍ത്ത് വായിക്കാം. 

                                              പത്തൊമ്പതാം വയസ്സില്‍, അവഗണനയുടെയും ഒറ്റപ്പെടലിന്റെയും പാരമ്യത്തില്‍ രക്ഷാമാര്‍ഗമായി എഴുതിയ കഥകളില്‍ അനുഭവ തീവ്രത ഏറുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഈ നോവലില്‍ പറയുന്ന മന്ത്രവാദിയെ കാണല്‍ ശരിക്കും സംഭവിച്ചിട്ടുള്ളതാണ് എന്ന് അഷിത പറയുന്നുണ്ട് ആത്മകഥയില്‍. പഴയന്നൂരിലെ തറവാട്ടുവീടിനടുത്തുള്ള പ്ലാക്കോട് എന്ന സ്ഥലത്തെ ഒരു ഒറ്റക്കണ്ണന്‍ മന്ത്രവാദിയുടെ അടുത്തേക്ക് അച്ഛന്‍ കൊണ്ട് പോയ കഥ വളരെ നിസ്സംഗയായി പറഞ്ഞു പോകുന്നുണ്ട് അഷിത. കോളേജില്‍ ആരോ കൈവിഷം തന്നതാണ് എന്നും പറഞ്ഞു ഒരു വെളുത്ത പൊടി കലക്കിയ വെള്ളം കുടിക്കാന്‍ കൊടുക്കുന്നുണ്ട് മന്ത്രവാദി അഷിതക്ക്. അത് കുടിച്ചതും ഛര്‍ദ്ദി തുടങ്ങിയതും നിലയ്ക്കാതെ ഛര്‍ദ്ദിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അച്ഛന്‍ കൂട്ടാക്കാതിരുന്നതും എല്ലാം പറയുന്നത് വളരെ നിസ്സംഗമായിട്ടാണെങ്കിലും ഉള്ളില്‍ കടലിരമ്പുന്നുണ്ടായിരുന്നിരിക്കണം. കാരണം വേദനിപ്പിക്കുന്ന ഓര്‍മകളില്‍ നിന്ന് ഒരിക്കലും മോചനം ഉണ്ടായിട്ടില്ല എന്ന് അഷിത തന്നെ പറയുന്നുണ്ടല്ലോ. നോവലൈറ്റിലെ പാര്‍വതിക്കും സമാന അനുഭവങ്ങളാണ്. കോളേജ് പഠനം, ഇടയ്ക്കു വച്ചുള്ള പഠനം നിര്‍ത്തല്‍, രണ്ടു വര്‍ഷത്തോളം മുറിയിലിട്ട് പൂട്ടല്‍ എനിക്ക് ഭ്രാന്തല്ലമ്മേ എന്ന മോളുടെ ഹൃദയഭേദകമായ കരച്ചില്‍- പാര്‍വതിയുടെ അമ്മ വരച്ചിടുന്ന ചിത്രത്തില്‍ നിന്ന് നമുക്കത് വ്യക്തമാണ്. “ എനിക്ക് ഭ്രാന്തല്ലായിരുന്നു, ആര്‍ക്കും മനസ്സിലാവില്യ, ആര്‍ക്കും മനസ്സിലായിലായിരുന്നില്ല എന്ന് എണ്ണിപ്പെറുക്കുന്നുണ്ട് പാര്‍വതി എന്ന അഷിത അജയനോട്‌, അല്ല സമൂഹത്തോട്, കഥയില്‍ സ്വന്തം അനുഭവങ്ങളെയെല്ലാം അതേ വൈകാരികതീവ്രതയോട് കൂടി പകര്‍ത്തി എഴുതിയ കഥയായതു കൊണ്ടാവാം , ഉണങ്ങലും കരിയലും ഇല്ല എന്ന് അഷിത തന്നെ പറഞ്ഞ ആ പച്ച നോവ്‌ പിന്നെയും പിന്നെയും കുത്തിനോവിക്കുന്നത് കൊണ്ടാവാം “ ഒരു കീറ് ആകാശം മാത്രം “ ചവറാണെന്ന് കഥാകാരി പറഞ്ഞത് 

                               കഥയില്‍ ഞാന്‍ ചേര്‍ത്തുപിടിച്ചത് മിനിയെയായിരുന്നു. കാരണങ്ങളൊന്നുമില്ലാതെ ജീവിതം കൈവിട്ടു കളയേണ്ടി വന്ന മിനി. എന്തിനാണ് മിനിയെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിച്ചത് എന്ന ചോദ്യവുമായി കഥാകാരിയെ കാണാന്‍ മോഹിച്ചു നടന്ന കാലത്താണ് ഗുരു നിത്യചൈതന്യയതി അഷിതയുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയത്. പഴയന്നൂരിലെ തറവാട്ടു വീടിന്റെ മുറ്റത്ത്‌ കറ്റ മെതിയുടെ താളമായിരുന്നു. വിശാലമായ തളവും ഗുരുവിന്റെ കുശലാന്വേഷണങ്ങളും എനിക്കോര്‍മയുണ്ട്. അഷിത മിക്കവാറും നിശ്ശബ്ദയായിരുന്നു. ഒന്നും ചോദിക്കാതെയും പറയാതെയും ഞാന്‍ അഷിതയെ നോക്കിയിരുന്നു. ഏതോ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോകാനുള്ള ഒരുക്കങ്ങളിലോ മറ്റോ ആയിരുന്നു വീട്ടുകാര്‍. “ ഇങ്ങനെ എല്ലാവരും കല്യാണം കഴിച്ചു പോയാല്‍ എന്നെ കല്യാണം കഴിക്കാന്‍ ആരാ ഇണ്ടാവ്വാ” എന്ന അഷിതയുടെ മകള്‍ ഉമയുടെ ചോദ്യവും തുടര്‍ന്നുള്ള കൂട്ടച്ചിരിയും ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്. ഇത്തരം കുസൃതിച്ചോദ്യങ്ങളില്‍ ഒളിപ്പിച്ച വലിയ കാര്യങ്ങളുമായി “ഉമ” ക്കുട്ടികള്‍ വരുന്ന കഥകളില്‍ അഷിതയുടെ ഭാഷ തന്നെ കടമെടുത്താല്‍ വലുതാവാന്‍ മറന്ന കുട്ടിയായി കഥാകാരിയെ നമുക്ക് കാണാം. ആ കൂടിക്കാഴ്ചക്ക് ശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം തൃശ്ശൂരില്‍ നടന്ന ഗുരുസ്മരണയുടെ ഒത്തു കൂടലില്‍ വച്ച് കണ്ടപ്പോള്‍, പറയേണ്ടത് എന്തെന്ന് അറിയില്ലെങ്കിലും പണ്ട് വീട്ടില്‍ വന്ന കഥ പറഞ്ഞു പരിചയം പുതുക്കാതെ വയ്യായിരുന്നു എനിക്ക്. പരിചയപ്പെടലിന്റെ കഥകളെ എങ്ങോ മേയാന്‍ വിട്ട്, കൈ ചേര്‍ത്ത് പിടിച്ച്, ഒരല്പനേരം നിന്നു കഥാകാരി. ഇനി എന്ത് പറയാന്‍, പറയേണ്ടതെല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ കഥകളില്‍ എന്ന ശാന്തതയോടെ. 

                                     അധികം സംസാരിക്കാത്ത അഷിതയെ പോലെ തന്നെയാണ് അഷിതയുടെ കഥാപാത്രങ്ങളും. മൌനം അല്ലെങ്കില്‍ നിശ്ശബ്ദത ഒരു കഥാപാത്രമാണ് അഷിതയുടെ കഥകളില്‍. “ സംഭാഷണങ്ങള്‍ക്കിടയിലെ നിശ്ശബ്ദതകളിലാണ് നാമൊക്കെ മിക്കപ്പോഴും സത്യം പറയാറ്. ” എന്ന് പറയുന്നുണ്ട് “വാരാന്ത്യങ്ങളി”ലെ കഥാനായിക. വാചാലരാവാത്ത, അഷിതക്കഥകളിലെ കഥാപാത്രങ്ങളെ സ്നേഹിച്ചു സ്നേഹിച്ച് നമുക്കും തോന്നിപ്പോകും “ ഗമകം ” എന്ന കഥയിലെ സ്റ്റീഫനെപ്പോലെ, “ എപ്പോഴും വൃത്തി മൌനത്തിനാണ്, വാക്കില്‍ പകരുമ്പോഴേക്കും എല്ലാം എച്ചിലാവുന്ന പോലെ ”എന്ന് ആത്മഹത്യാകഥകളില്‍ അഷിതയുടെ വാക്കുകള്‍ക്ക് തീക്ഷ്ണതയേറുന്നു എന്ന് തോന്നിയിട്ടുണ്ട്. അതിലെല്ലാം ആത്മാംശമുള്ളതിനാലാവാം. 

                           രണ്ടു തവണ നടത്തി പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങളെ ക്കുറിച്ച് എഴുതിയിട്ടുണ്ട്, അഷിത, ആത്മകഥയില്‍. ഒരു തവണ ആത്മഹത്യ ചെയ്യാന്‍ കഴുത്തില്‍ കുരുക്കിട്ടു നിന്നപ്പോള്‍ അമ്മ നോക്കി നിന്നു എന്ന് പറയുന്നുണ്ട്. “ അമ്മ വെയിറ്റ് ചെയ്യുകയായിരുന്നു ഞാന്‍ ചാടി കഴുത്തില്‍ കുരുക്ക് മുറുകാന്‍ ” എന്നാണ് അഷിത വിവരിക്കുന്നത്. ആ രംഗം അത്രമേല്‍ അവിശ്വസനീയവും ഭയാനകവുമായി തോന്നിയിട്ടുണ്ടെനിക്ക്. ഈ നീറ്റലില്‍ നിന്ന് കൊണ്ടായിരിക്കണം “മേഘവിസ്ഫോടനങ്ങള്‍” എന്ന കഥ പിറന്നത്‌. അതില്‍, മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി, സ്വയം തീഗോളമായി, അമ്മേ എന്ന് വിളിച്ചു തന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന മകളെ സംശയമേതുമില്ലാതെ കെട്ടിപ്പുണരുന്ന ഒരമ്മയുണ്ട്. 

 “ചില ജീവിതങ്ങളെങ്കിലും നീണ്ടുപോകുന്ന ഒരു ആത്മഹത്യാകുറിപ്പ് മാത്രമാണ് എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട്, അടിവരയിട്ട് അവസാനി പ്പിക്കാവുന്ന ആത്മഹത്യാകുറിപ്പ് ” എന്ന് ആ കഥയില്‍ എഴുതിയിട്ട വാചകങ്ങള്‍ സ്വന്തം ജീവിതത്തെ കുറിച്ചായിരിക്കണം. “ഒരു കീറ് ആകാശം മാത്രം” എന്ന നോവലിലെ മിനി, “അലമേലു പറയട്ടെ” എന്നതിലെ അലമേലു, “ഭസ്മക്കുറികളി”ലെ ഡോ. രാജശേഖരന്‍, സുധാമയീദേവിയാകാന്‍ ശ്രമിച്ചു, പരാജയപ്പെട്ട് മരണത്തെ സ്വീകരിക്കുന്ന സുധ, “മേഘവിസ്ഫോടനങ്ങളി”ലെ അമ്മയും മകളും, ദേവ്, ഹമീദ്, എന്നിങ്ങനെ ആത്മഹത്യയില്‍ അഭയം തേടിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചാണ് അഷിത ജീവിതത്തോട് ചേര്‍ന്ന് നിന്നത് എന്നാണ് എനിക്ക് തോന്നാറ്. ഗുരു നിത്യ, സമാധിയാവുന്നതിനു മുന്‍പ് അഷിതയില്‍ നിന്ന് ഉറപ്പു വാങ്ങിയിട്ടുണ്ടത്രെ, വന്നു വിളിച്ചാലല്ലാതെ മരണത്തിലേക്ക് സ്വയം ഇറങ്ങിപ്പോകില്ലെന്ന് 

                      ഏതു നിമിഷവും ഉപേക്ഷിക്കപ്പെടാവുന്ന ഒരു കുട്ടിയായി ജീവിച്ച നിസ്സഹായകാലത്തെ അഷിത ഓര്‍ത്തെടുക്കുമ്പോള്‍ അരക്ഷിതത്വബോധത്തിന്റെ ഭയം വളരുന്നത്‌ വായനക്കാരുടെ ഉള്ളിലും കൂടിയാണ്. അച്ഛന്‍ തന്നെ ഉപേക്ഷിക്കാന്‍ ശ്രമിച്ച രണ്ടു സന്ദര്‍ഭങ്ങളെ കുറിച്ച് പറയുന്നുണ്ട്, അഷിത

ഒന്ന്: - മുംബൈയില്‍ വച്ച് ഒരു ബസ്‌ യാത്രയില്‍ ഇറങ്ങാന്‍ പറഞ്ഞേല്‍പ്പിച്ച സ്റ്റോപ്പിനു മുന്നേ അച്ഛന്‍ ഇറങ്ങിപ്പോകുന്നത് ഒരു മിന്നായം പോലെ കാണുന്ന കുട്ടി. കരഞ്ഞു ബഹളമുണ്ടാക്കി, അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി, ദൂരെ റോഡ്‌ ക്രോസ് ചെയ്യാന്‍ നില്‍ക്കുന്ന അച്ഛനടുത്തേക്ക് നിലവിളിയോടെ ഓടിയെത്തി ഷര്‍ട്ടില്‍ കയറിപ്പിടിക്കയാണ് ആ കുട്ടി. 

രണ്ട് : ഡോക്ടറെ കാണിക്കാന്‍ എന്ന വ്യാജേന വലിയൊരു മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയിട്ടായിരുന്നു രണ്ടാമത്തെ ശ്രമം. ആദ്യത്തേതിന്റെ നടുക്കം വിട്ടുമാറാത്ത അഷിത അച്ഛന്റെ ഷര്‍ട്ടില്‍ നിന്ന് പിടി വിടുന്നേയില്ല ആ യാത്രയില്‍; പിന്നീടൊരിക്കലും ഉപേക്ഷിക്കാന്‍ ശ്രമിച്ചത് അച്ഛനാണെങ്കിലും, ആ പിടി വിട്ടാല്‍ ഒറ്റപ്പെട്ടു പോകും എന്ന ഭയം അഷിതയില്‍ വരച്ചിട്ടത്, കുടുംബം മാത്രമേ ഒരു പെണ്ണിന് അഭയസ്ഥാനമായിട്ടുള്ളൂ എന്നും പുറംലോകം നിലയില്ലാ-കയമാണെന്നും ആയിരിക്കണം. അച്ഛനെന്ന അധികാര ത്തില്‍ നിന്നോ, കുടുംബവ്യവസ്ഥയില്‍ നിന്നോ ഒരു കുതറി മാറല്‍, ബോധപൂര്‍വമെന്നല്ല അബോധത്തില്‍ പോലും അഷിതയോ, അഷിതയുടെ കഥാപാത്രങ്ങളോ ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നതും ഈ ഭയത്തിന്റെ സൃഷ്ടിയാവണം. “പൊതുജീവിതം എനിക്ക് ക്ലേശകരമാണ്, യാത്രാവേളകളാവട്ടെ അലോസരപ്പെടുത്തുകയും ചെയ്യുന്നു” എന്ന് അഷിത തന്നെ സമ്മതിക്കുന്നുണ്ട്. 

                           അഷിതയുടെ കഥകളില്‍ അടഞ്ഞ വാതിലുകളും അടച്ചിട്ട ജനലുകളും ആണ്. അതിനപ്പുറത്തുള്ള പുറംലോകം എന്നും അന്യമായി തന്നെ നില്‍ക്കുന്നു. പുറത്തെ പ്രകൃതി, പുഴ മലനിരകള്‍... സാധാരണ കഥകളില്‍ കടന്നു വരുന്ന ബിംബങ്ങള്‍ ഒന്നും തന്നെ അഷിതക്കഥകളില്‍ സാന്നിധ്യമല്ല എന്നാണു എന്റെ ചുരുങ്ങിയ വായനയില്‍ എനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ മനുഷ്യശബ്ദങ്ങളുണ്ട്, വാഹനങ്ങളുമുണ്ട്. ആ മനുഷ്യരില്‍ നിന്ന് രണ്ടോ മൂന്നോ പേരെ പെറുക്കിയെടുത്ത്, കുടുംബം എന്ന സ്പേസില്‍ നിര്‍ത്തിയിട്ടാണ് അഷിത ഓരോ കഥാരചനയും നടത്തുന്നത് എന്നും തോന്നിപ്പോകും നമുക്ക്. പ്രകൃതി വരുന്നുണ്ട്, ഒരു സങ്കല്പമായി, സ്വപ്നമായി, “വീട്” എന്ന കഥയില്‍. നന്ദു എന്ന പേരക്കുട്ടിയുടെ മനസ്സിലേക്ക് വീടെന്ന സ്വപ്നം ചേര്‍ത്ത് വച്ച് കൊണ്ട് ഗോപാല്‍ ശര്‍മ പറയുന്നുണ്ട്, “വലിയൊരാല്‍മരം, ആല്‍മരക്കൊമ്പിലെവിടെ യോ കാണാത്ത കുയിലായി പാടുന്ന കൃഷ്ണന്‍, കുരുവിക്കൂടുകള്‍, മേയുന്ന മാനിന്റെ അടുത്ത് ശാന്തരായി മയങ്ങുന്ന പുള്ളിപ്പുലികള്‍, പൂക്കള്‍, പുല്‍ക്കൊടികള്‍, ആ വീടിനു ള്ളില്‍ കടന്നാലോ, വീടൊഴിച്ച്‌, ചുമരൊഴിച്ച് എല്ലാം കാണാവുന്ന വീട്.” ഇതൊരു സ്വപ്നം മാത്രമാണ് എന്ന് കഥാകാരി കലഹിക്കുന്ന പോലെ തോന്നും നമുക്ക്. 

                        തന്റെയും അന്യന്റെയും മനോനിലകളെ നിരീക്ഷിച്ചും, സ്വത്വത്തിന്റെയും സത്യത്തിന്റെയും ചില കുതറിച്ചാടലുകളില്‍ സ്വയം അന്യമായി പ്പോകുന്ന ചിന്തകളിന്മേല്‍ സംയമനം പാലിച്ചും, ഒരു ചതുരംഗക്കളിയെന്ന പോലെ കുടുംബവ്യവസ്ഥയെ കൊണ്ട് നടക്കേണ്ടി വരുമ്പോള്‍ ഒരു സ്ത്രീയുടെ ഓരോ നിമിഷവും അതിജീവനത്തിന്‍റെതാണ് എന്ന് സമ്മതിക്കുമ്പോഴും അഷിത ആവര്‍ത്തിക്കുന്നത്, “ഏതു സ്ത്രീയാണ് ദാമ്പത്യത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കാതിരിക്കുക, എന്തൊക്കെ ആയാലും ദൈനംദിന വിരസതക്കപ്പുറത്ത് ദാമ്പത്യം നീട്ടുന്നത്, വെട്ടിയൊരു ക്കി, വൃത്തിയാക്കിയ സുഗമമായ വഴിയാണല്ലോ” എന്നാണ് (ചതുരംഗം, സംശയാലുവായ തോമസ്‌) അഷിതക്കഥകളെ ഇങ്ങനെ ഉറ്റുപാര്‍ത്താല്‍ അഷിതയുടെ ജീവിതം, കഥകള്‍, അതിലൂടെ രൂപപ്പെട്ടുവന്ന അഷിത എന്ന വ്യക്തി ഇവയിലൂടെ കടന്നു പോകുന്ന ഒരു കനത്ത നൂലിഴ തന്നെ നമുക്ക് കാണാന്‍ കഴിയും 

അഷിതയും ഫെമിനിസവും 

                       Sex എന്നത് ജീവശാസ്ത്രപരമായ അവസ്ഥയാണ്. ആണ്‍-പെണ്‍ വ്യത്യാസം പ്രകൃതി നിയമവുമാണ്. എന്നാല്‍ gender അഥവാ ലിംഗപദവി, അത് സമൂഹം നിര്‍മ്മിച്ച്‌ നല്‍കുന്ന സങ്കല്പമാണ്. ഒരു സ്ത്രീക്കും പുരുഷനും ലിംഗപദവി തുല്യമായ ഒരു ജനാധിപത്യ സമൂഹം തന്നെയാണ് ഫെമിനിസത്തിന്റെ ലക്‌ഷ്യം. പുരുഷമേല്‍ക്കോയ്മയുടെ സ്ഥാപനവത്കരിക്കപ്പെട്ട രൂപമായ കുടുംബത്തിലും, പുരുഷാധിപത്യ സമൂഹത്തിലും സ്ത്രീ അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങളും ദുരിതങ്ങളും സാഹിത്യരൂപത്തില്‍ അവതരിക്കപ്പെടു മ്പോഴാണ് അത് പെണ്ണെഴുത്ത്‌ ആകുന്നത്. കേരളത്തില്‍ അതിനു തുടക്കമിട്ട എഴുത്തുകാരി ഒരുപക്ഷെ കെ.സരസ്വതിയമ്മയായിരിക്കും. പുരുഷാധിപത്യത്തെ വളരെ ശക്തമായി വിമര്‍ശിച്ച എഴുത്തുകാരിയാണ് കെ. സരസ്വതിയമ്മ. വിവാഹം എന്നതിന്റെ അപചയം , സ്ത്രീകളുടെ സ്വാതന്ത്ര്യം എന്നിവയായിരുന്നു അവരുടെ കഥകളിലെ പ്രധാന പ്രമേയം. മലയാള സാഹിത്യത്തില്‍ സ്ത്രീയുടെ സ്വത്വബോധത്തെ അടയാളപ്പെടുത്തിക്കൊണ്ട് കടന്നു വന്ന എഴുത്തുകാരി ലളിതാംബിക അന്തര്‍ജ്ജനമാണെന്ന് പറയുന്നു, കവി സച്ചിദാനന്ദന്‍. ഒരേ കാലഘട്ടത്തിലാണ് ലളിതാംബിക അന്തര്‍ജനത്തിന്റെയും സരസ്വതിയമ്മയുടെയും കഥകള്‍ പുറത്തു വരുന്നത്. ലളിതാംബിക അന്തര്‍ജ്ജനം നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ വിഷയമാക്കിയപ്പോള്‍ സാധാരണ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് സരസ്വതിയമ്മ വിഷയമാക്കിയത്. പിന്നീട് വന്ന രാജലക്ഷ്മിയാവട്ടെ എഴുത്തോ, സാമൂഹ്യബന്ധങ്ങളോ ചേര്‍ത്തുപിടിക്കേണ്ടത്‌ എന്നതില്‍ ഒരു തിരഞ്ഞെടുപ്പ് അസാധ്യമെന്നു കണ്ടു ആത്മഹത്യ ചെയ്തു. സമൂഹത്തില്‍ ഉറച്ചു പോയ പല ചിന്തകളെയും ധാരണകളെയും തന്റെ കഥാപാത്രങ്ങളിലൂടെ ചോദ്യം ചെയ്തുകൊണ്ടാണ് മാധവിക്കുട്ടി സാഹിത്യചരിത്രത്തില്‍ ഇടം നേടുന്നത്. “നാലപ്പാട്ട്” തറവാട്ടില്‍ ജനിച്ച മാധവിക്കുട്ടി എഴുത്തില്‍ അനുഭവിച്ച അസ്വാതന്ത്ര്യം കഥപാത്രസൃഷ്ടിയിലും കാണാം. (മാധവിക്കുട്ടി എന്നത് വിലക്കപ്പെട്ട പേരായിരുന്നു വീട്ടില്‍ എന്ന് ഓര്‍ക്കുന്നുണ്ട് അഷിത; “നീ മാധവിക്കുട്ടിയാവാന്‍ നോക്കേണ്ട” എന്ന ഭീഷണിയോടെയാണ് എഴുതുന്നു എന്ന പേരില്‍ ഓരോ അടിയും തന്റെ മേല്‍ വീണതെന്നും അഷിത പറയുന്നു.) അഷിത ഗ്രേസി, സാറാ തോമസ്‌, സാറാ ജോസഫ്, പി. വത്സല എന്നിങ്ങനെ നീളുന്ന സ്ത്രീവാദ സാഹിത്യ പരമ്പര സിതാര, കെ. ആര്‍ മീര, കെ. രേഖ, ഹണി ഭാസ്കരന്‍, സി എസ് ചന്ദ്രിക ..... എന്നിങ്ങനെ തുടരുകയാണ് എന്നതില്‍ അനല്പമായ സന്തോഷമുണ്ടെനിയ്ക്ക്. ‘പെണ്ണെഴുത്ത്‌’ എന്ന് എന്റെ എഴുത്തിനെ വിളിക്കല്ലേ എന്ന് അഷിത പറയുന്നുണ്ടെങ്കിലും, അവര്‍ പറഞ്ഞു പോയതെല്ലാം പെണ്‍ചരിതങ്ങളായിരുന്നു. ഒരു ആണ്‍ കോയ്മ സമൂഹത്തിലെ പെണ്‍നോവു കളായിരുന്നു. അതിനാല്‍ അത് പെണ്ണെഴുത്ത്‌ തന്നെയാകുന്നു. 

                    വളരെ ലളിതവും സൂക്ഷ്മവുമാണ് അഷിതയുടെ കഥാകഥന രീതി. ഒരു കുടുംബവ്യവസ്ഥയ്ക്കകത്ത്‌ ഒരു സ്ത്രീയുടെ സ്ഥാനമെന്തെന്നു വളരെ വ്യക്തമായും സ്പഷ്ടമായും പറഞ്ഞു വയ്ക്കുന്നുണ്ട്‌ കഥാകാരി. ചില കഥകളെ പ്രത്യേകമായെടുത്തും, ചിലവയെ തൊട്ടുപോയിട്ടും അഷിതക്കഥകളിലെ പെണ്ണെഴുത്തിനെ കണ്ടെത്താന്‍ ശ്രമിക്കയാണ് ഞാന്‍ 

ഒരു സ്ത്രീ വിവാഹമെന്ന സ്ഥാപനത്തില്‍ നിന്ന്, കുടുംബത്തില്‍ നിന്ന് എന്താണാവശ്യപ്പെടുന്നത് എന്നതിന് വളരെ വ്യക്തമായ ധാരണയാണ് അനുരാധയ്ക്ക് 
(“വിവാഹം ഒരു സ്ത്രീയോട് ചെയ്യുന്നത്”): “ എന്താണമ്മേ കാമവും സ്നേഹവും തമ്മിലുള്ള വ്യത്യാസം? കാമത്തിന് പൂര്‍ത്തിയാവാന്‍ ഒരു പ്രവൃത്തി വേണം കാമം കനകത്തോടായാലും, കാമിനിയോടായാലും . പക്ഷെ സ്നേഹം, അത് അങ്കുരിക്കുമ്പോഴേ തൃപ്തമാണ്. അതിനൊന്നും തന്നെ ആവശ്യമില്ല. സ്നേഹിക്കപ്പെടണമെന്ന് പോലുമില്ല. ഒരു നക്ഷത്രം മതി അതിനു രാവു കഴിച്ചു കൂട്ടാന്‍; ഒരു ചിരിയുടെ ഓര്‍മ്മ മതി അതിനു ജന്മം കഴിച്ചു കൂട്ടാന്‍”.  അനുരാധയുടെ ഈ വാക്കുകളില്‍ നാല്പത്തഞ്ചു കൊല്ലത്തെ വിവാഹ ജീവിതത്തില്‍ താന്‍ പറയാതെ വിട്ട പല സത്യങ്ങളും ഉണ്ടെന്ന തിരിച്ചറിവിലേക്ക് എത്തുകയാണ് അനുരാധയുടെ അമ്മ. എന്നാല്‍ ഈ കഥയുടെ രണ്ടാം ഭാഗമായ “ ശിവേന സഹനര്‍ത്തന” ത്തില്‍ നാം കാണുക, ബോധ്യപ്പെടുത്തലുകളുടെ ചില സമവാക്യങ്ങളില്‍ തൂങ്ങിയാടുന്ന ഒരു വലിയ നുണയാണ് വിവാഹജീവിതം എന്ന അറിവിനോട് വേദനയോടെ പൊരുത്തപ്പെട്ടു നില്‍ക്കുന്ന അനുരാധ യെയാണ്. പക്ഷെ ആ പൊരുത്തപ്പെടല്‍ എത്ര വേദനാജനകമാണെന്ന് അനുരാധ തന്നെ വെളിവാക്കുന്നുണ്ട് ചില വാചകങ്ങളിലൂടെ “ മടുത്തു,എന്റെ ജീവിതം ഒരു തോന്നല്‍ മാത്രമായി. മറ്റൊരാളുടെ തോന്നല്‍”. മുത്തശ്ശിയുടെ വാക്കുകള്‍ കടമെടുത്ത് “ ദാമ്പത്യമെന്നാല്‍ ഒരു നര്‍ത്തനാണ് കുട്ടീ ശിവേന സഹനര്‍ത്തനം എന്ന് പഴമക്കാര്‍ പറയും “ എന്നമ്മ പറയുമ്പോള്‍ “ നൃത്തം തന്നെയാണ് അമ്മേ, പക്ഷെ താഴേക്ക്‌ ചെല്ലുന്തോറും വിസ്താരം കുറയുന്ന ഒരു കിണറിനുള്ളിലെ നൃത്തമാണ് എന്ന് മാത്രം “ എന്നാണു അനുരാധ പുച്ഛത്തോടെ പറയുന്നത്. 
- വിസ്താരം കുറയുന്ന കിണര്‍;പരപ്പില്ലാത്ത, ആഴവും കനത്ത ഇരുട്ടും നിവര്‍ന്നു നില്‍ക്കാന്‍ പോലും പറ്റാത്ത ചുരുങ്ങിയ ഇടവും എത്ര വ്യക്തവും ഭയാനകവുമാണാ ചിത്രം !!!!!!! 

സ്ത്രീകള്‍ നുണ പറയാന്‍ വിധിക്കപ്പെട്ടവരാണ് അല്ലെങ്കില്‍ പെണ്ണ് ജീവിക്കുന്ന ജീവിതം വലിയൊരു നുണയാണ് എന്ന് തുറന്നു പറയുന്ന കഥയാണ്‌ “ അമ്മ എന്നോട് പറഞ്ഞ നുണകള്‍” അമ്മമാര്‍ പറയാതെ വിട്ട സത്യങ്ങളും പറഞ്ഞ നുണകളും ചേര്‍ത്താണ് ഒരു പെണ്ണിന്റെ ജീവിതം നുണയായി പോകുന്നതെന്നും സത്യം ഒളിപ്പിച്ചിരിക്കുന്ന മൌനത്തിന്‍റെ ഭാഷ സ്ത്രീകളുടെ ഭാഷയായിപ്പോകുന്നതെന്നും കഥ നമുക്ക് വെളിവാക്കി തരുന്നുണ്ട്. നുണകളുടെ ലോകം സൃഷ്ടിക്കാന്‍ നിര്‍ബന്ധിതരാവേണ്ടി വരുന്ന സ്ത്രീകളുടെ കഥകള്‍ പിന്നെയുമുണ്ട്. “ കല്ല് വെച്ച നുണകള്‍, വരികള്‍ക്കിടയില്‍, ശ്രേഷ്ടമായ നുണകള്‍ .. “ 

                   കുടുംബമെന്ന സ്ഥാപനത്തില്‍ സ്ത്രീകളുടെ സ്ഥാനമെന്തെന്നു കൃത്യമാ യി പറയുന്ന ഒരുപാട് വാചകങ്ങള്‍ അഷിതക്കഥകളില്‍ നിന്ന് നമുക്ക് പെറുക്കിയെടുക്കാനാ കും.
“പൊരുത്തപ്പെടലുകളിലും കീഴടങ്ങലുകളിലും മാറി മാറി മുക്കിയെടുത്തു പിന്നിത്തു ടങ്ങിയ ഞങ്ങളുടെ ജീവിതം, നഷ്ടമായ അതിന്റെ കസവ് ഭംഗികള്‍, വിവാഹമെന്ന ചവറ്റു കുട്ടയിലേക്ക് എറിഞ്ഞ കീറിയ സ്വപ്നങ്ങളും.“ ( ചില സൌന്ദര്യപ്രശ്നങ്ങള്‍ ) 

“ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന ഊണ്‍തളം പോലെ തന്റെ അതുവരെയുള്ള ജീവിതം” ( പദ്മനാഭന് ഒരു കഥ )

“കൊഴുക്കുന്ന കച്ചേരിയില്‍ പുറകില്‍ മാത്രം സ്ഥാനം ലഭിക്കുന്ന നിരന്തരം ശ്രുതിയിട്ടു കൊണ്ടേയിരിക്കുന്ന ഒരു തംബുരു മാത്രമാണ് ഞാനെന്ന അറിവ് എന്നെ തളര്‍ത്തി.” ( മണ്ണാങ്കട്ടയും കരിയിലയും ) 

 “പ്രേമവും വിവാഹവും അത്ര വലിയ ത്യാഗങ്ങളൊന്നും അര്‍ഹിക്കുന്നില്ലെന്നും ജീവിതത്തിനു കാല്‍പനിക ഭംഗികളില്ലെന്നും അത് വെറും പൊരുത്തപ്പെടല്‍ മാത്രമാണെന്നും ഒക്കെ ഉറച്ചും തെളിച്ചും പറയാന്‍ ഞാന്‍ ആഗ്രഹിച്ചു.” (എന്നിട്ടോ) “ 

മറ്റൊരു വാരാന്ത്യം ധോബിയുടെ അടയാളമഷി വീണ പല തവണ അലക്കിയ പഴയ വസ്ത്രം പോലെ ഈ ഞാനും “ ( വാരാന്ത്യങ്ങള്‍ ) 

            പൌരാണിക കാലം മുതല്‍ ഏറെ ഉദ്ബുദ്ധരായി എന്ന് പറയപ്പെടുന്ന ഈ ആധുനികകാലത്തും സ്ത്രീ, പുരുഷന് ഒരു ഭോഗവസ്തു മാത്രമാണ് എന്നതിന്റെ നേര്‍സാക്ഷ്യമാണ് ശക്തമായ എഴുത്താണ് “ ഒരു സ്ത്രീയും പറയാത്തത് “ എന്ന കഥ. കഥയില്‍, വീടിനുള്ളിലെ അചേതന വസ്തുക്കള്‍ പോലും കഥയുടെ ആശയം വായനക്കാരുമായി സംവദിക്കുന്നുണ്ട്. 
“ നിലത്തു ചിതറിക്കിടക്കുന്ന സിഗരറ്റിന്റെ ചാരം, ടീപ്പോയില്‍ നിറച്ച ഗ്ലാസ്സിനടിയില്‍ അലക്ഷ്യമായി നിവര്‍ത്തിയ വര്‍ത്തമാനപത്രത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധയുടെയും ഏഴു മാസം പോലും പ്രായമാകാത്ത കുഞ്ഞിന്റെയും ബലാല്‍സംഗവാര്‍ത്തകള്‍- 
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി അടുത്ത് വന്നു തെന്നി നിന്ന കാറില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ തല പുറത്തേക്കിട്ടു ചോദിക്കുന്ന ഒരു ആഭാസചോദ്യത്തില്‍ ആണ് സൌമിനി ടീച്ചര്‍ ഒരു പെണ്‍ ശരീരം മാത്രമായി തീര്‍ന്നത് “ നാല്‍പതുകളുടെ പടവുകള്‍ കയറുന്ന ശരീരം, ചെവിക്കു മുകളിലായി പടരുന്ന നര , നെറ്റിയില്‍ സിന്ദൂരം, നെഞ്ചില്‍ താലി “ സന്യാസിയുടെ കാവിക്കും, ട്രാഫിക്‌ കോണ്‍സ്റ്റബിളിന്റെ യൂണിഫോമിനും കിട്ടുന്ന പരിഗണന പോലും ഇവയ്ക്കൊന്നിനും ലഭിക്കാതെ പോകുന്നതെന്ത്?" എന്ന് പെണ്‍ ശരീരം മാത്രമായിപ്പോയ സൌമിനി ടീച്ചര്‍ ചോദിക്കുന്നത് സമൂഹത്തോടാണ്. ഓരോ പുരുഷനിലും അവസരം പാര്‍ത്തിരിക്കുന്ന ഒരു തെമ്മാടി വസിക്കുമ്പോള്‍ സ്വാതന്ത്ര്യത്തി ന്റെ മരപ്പാലത്തിലൂടെ നടക്കുന്ന ഓരോ സ്ത്രീയുടെയും കാല്‍ക്കീഴില്‍ നിന്ന് സുരക്ഷിത ത്വത്തിന്റെ മരപ്പലക വലിക്കപ്പെടുന്നുവെന്ന ഭയാനകമായ സത്യത്തെ പേറിയാണ് ഇരുട്ടാവാന്‍ തുടങ്ങിയിട്ടും കോളേജില്‍ നിന്നെത്താത്ത മകളെ തേടി സൌമിനി ടീച്ചര്‍ റോഡിലേക്ക് ഇറങ്ങുന്നത്. ഇതാണ് സ്ത്രീകളുടെ കുഴപ്പം. സ്വാതന്ത്ര്യം കൊടുത്താലും പരാതി, കൊടുത്തില്ലെങ്കിലും പരാതി” എന്നു പറഞ്ഞ് ഉറക്കെ ചിരിച്ച് സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ ദാനമാണ് എന്നഹങ്കരിച്ച് അടച്ചിട്ട വീട്ടിലിരുന്ന് പുരുഷലോകം അപ്പോഴും ടിവി കാണുകയാണ്. 

സ്ത്രീയെ ഒരു വ്യക്തിയായി കണക്കാക്കാത്ത ഒരു പുരുഷന്റെ ഉള്ളില്‍ നിന്ന് വെളിവാക്കപ്പെടുന്ന തെമ്മാടിക്കു മുന്നില്‍ അവള്‍ ഒരു ഭോഗവസ്തു ആകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് “ കാക്കപ്പുള്ളികള്‍, ചാറല്‍മഴ എന്നീ കഥകള്‍. 

                       ഇല്ലായ്മയാണെന്‍ മാനം, മറഞ്ഞിരിക്കുന്നതിലത്രേ സ്വാതന്ത്ര്യം എന്ന മൌലാനാ ജലാലുദ്ദീന്‍ റൂമിയുടെ വരികള്‍ സ്വന്തം ജീവിതത്തിന്റെ ഉണ്മയായി  തിരിച്ചറി യുന്ന അഷിതക്ക് തന്റെ സ്വകാര്യതയില്‍ നിന്ന് പെണ്ണെഴുത്തിന്റെ വിവാദഭൂമിയിലേക്ക് വരാനുള്ള വിമുഖതയാവാം എന്റെ രചനകളെ പെണ്ണെഴുത്ത് എന്ന് വ്യാഖ്യാനിക്കരുതെന്ന് പറയുന്നതിന്റെ പൊരുള്‍. എങ്കിലും ലിംഗനീതിക്കായുള്ള പോരാട്ടത്തില്‍, സംവാദങ്ങളില്‍ യാഥാസ്ഥിതിക സംസ്കൃതിയും നവീനപ്രതി സംസ്കൃതിയും തമ്മില്‍ നിരന്തരം നടക്കേണ്ടുന്ന ആശയവിനിമയങ്ങളില്‍ എല്ലാം അഷിതയുടെ കഥകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. 

അഷിതയും ഗുരു നിത്യചൈതന്യ യതിയും 

              അഷിതയും ഗുരുവും തമ്മിലുള്ളത്, വെറുമൊരു സൌഹൃദബന്ധത്തിനും സ്നേഹബന്ധത്തിനും അപ്പുറത്ത് വളരെ ഊഷ്മളമായ ഗുരു-ശിഷ്യ ബന്ധമായിരുന്നു എന്ന് നിത്യയുടെ ശിഷ്യന്‍ ഷൌക്കത്ത് ഓര്‍ക്കുന്നു. ജീവിതത്തിന് ഉത്തരങ്ങള്‍ തേടി നടന്ന കാലത്ത് ചോദ്യങ്ങള്‍ ചോദിച്ചു കത്തയച്ചു കൊണ്ടാണ് അഷിത ഗുരുവിനെ പരിചയപ്പെടുന്നത്. ദേഷ്യവും സങ്കടവും പരാതിയും പരിഭവവും സ്നേഹവും ആദരവും എല്ലാം പ്രകടിപ്പിക്കാന്‍ കഴിയുമായിരുന്ന ഒരു സമ്പൂര്‍ണ്ണ ബന്ധമാണ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്ന് അഷിതയെ കുറിച്ചുള്ള സ്മരണകളില്‍ ഷൌക്കത്ത് പറയുന്നുണ്ട്. അഷിതയുടെ ആത്മകഥയിലൂടെ കടന്നു പോകുമ്പോള്‍ “ താരെ സമീന്‍ പര്‍” എന്ന സിനിമ ഓര്‍ത്തു പോകുന്നു ഞാന്‍. highly creative ആയ കുട്ടി. അവളെയോ അവളുടെ ക്രിയേറ്റിവിറ്റിയെയോ മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരിക്കില്ല എന്നതാവുമോ വാസ്തവം? ചില odd behaviour, അതെഴുത്താവട്ടെ, വായനയാവട്ടെ, വാശികളാവട്ടെ, സങ്കല്പലോകത്ത് നടക്കലാവട്ടെ, മറ്റു കുട്ടികളെക്കാള്‍ ഒരല്പം അധികം, അത്, വളരെ ചെറിയ അളവില്‍ ആയാല്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയവരായിരിക്കുമോ ആ അച്ഛനും അമ്മയും? അഷിത പറയുന്നത്രയും സംഭവിച്ചിട്ടുള്ളതാകാം, സത്യമായ വിവരണവുമാകാം. Parenting-ന്റെ സങ്കീര്‍ണ്ണതകള്‍ ഒന്നും അറിയാതെ പോയതിന് മാപ്പര്‍ഹിക്കുന്നുണ്ടോ ആ അച്ഛനുമമ്മയും? ഗുരു നിത്യ അഷിതക്ക് ഗുരുവായത് അവിടെയാണ്. ഒരു കാന്തികവസ്തുവില്‍ ചിതറിക്കിടക്കുന്ന കാന്തിക മണ്ഡലങ്ങളെ എങ്ങനെയാണോ ഒരു കാന്തം ഏകദിശോന്മുഖമാക്കി കാന്തികപ്രഭാവമുള്ളതാക്കുന്നത് അതുപോലെ അഷിതയുടെ ചിതറിത്തെറിച്ചു പോയിരുന്ന ചിന്തകളെ, തൃപ്തമാവാതിരുന്ന മാനസിക മണ്ഡലങ്ങളെ ഗുരു channelize ചെയ്തിരിക്കാം. അഷിതയുടെ creativity-ക്ക് ഒഴുകാന്‍ പിന്നൊന്നും വേണ്ട, മനസ്സ് ശാന്തമാവാനും. അതുകൊണ്ടാണ് ആ ഗുരുശിഷ്യ ബന്ധം സമ്പൂര്‍ണ്ണമായതും. ഈ ആത്മീയ യാത്രയില്‍ ഒരുപാട് കൃതികള്‍, തര്‍ജ്ജമകള്‍ എല്ലാം പിറന്നിട്ടുണ്ട്. മറ്റാരും ഒരിക്കലും നമ്മോടു പറയുകയോ, സ്നേഹം നഷ്ടപ്പെടുമെന്ന് കരുതി ഒളിച്ചു വയ്ക്കുകയോ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കിത്തരികയും, നമ്മള്‍ അറിയാതെത്തന്നെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്ന ആത്മീയ വഴികാട്ടിയെന്നാണ് ശ്രീബാല കെ മേനോന്‍ അഷിതയെ വിശേഷിപ്പിച്ചത്‌. ശാന്തമായ ആ ആത്മീയ ജീവിതത്തിലേക്കുള്ള വഴി ഗുരു നിത്യയിലൂടെ ആയിരുന്നു. നിസ്സംഗയായി തന്റെ ജീവിതത്തിന്റെ ദുരന്താനുഭവങ്ങളെ തുറന്നു പറയാന്‍ അവരെ പ്രേരിപ്പിച്ചതും ഈ ശാന്തതയായിരുന്നിരിക്കണം. മരിക്കുമ്പോള്‍ മനസ്സിലൊരു കരടും ബാക്കി വയ്ക്കേണ്ടെന്നും കരുതിയിരിക്കാം. പുരുഷാധിപത്യസമൂഹനിയമങ്ങളെ ചോദ്യം ചെയ്യാന്‍, മറി കടക്കാന്‍ കെല്‍പ്പുള്ള പെണ്‍ ജീവിതങ്ങള്‍ ഉണരുന്ന കാലമാണിപ്പോള്‍. പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങളോടെയാണ് പല തുറന്നെഴുത്തും സ്വീകരിക്കപ്പെടുന്നത്, അല്ലെങ്കില്‍ നിരാകരിക്കപ്പെടുന്നത്. അഷിതയുടെ ഈ തുറന്നെഴുത്തും കാലത്തിന്റെ അനിവാര്യതയായിരുന്നു... 

* അവലംബം
  • അഷിതയെ കുറിച്ചുള്ള പലരുടെയും ഓര്‍മ്മകുറിപ്പുകള് · 
  • സിതാരയുടെ കഥകളിലെ ഫെമിനിസം –പഠനം ( ബിനു എബ്രഹാം ) 
  • പൂര്‍ണവിരാമം –പ്രിയാ നായര്‍ (ജനയുഗം ഓണ്‍ലൈന്‍) 
  • പെണ്ണെഴുത്തിന്റെ രാഷ്ട്രീയം ( മലയാളത്തിലെ തിരഞ്ഞെടുത്ത കഥകളെ മുന്‍ നിര്‍ത്തിയുള്ള പഠനം) – സിനു വര്‍ഗീസ്‌ 
  • അഷിതയുടെ പുസ്തകങ്ങള്‍ o അഷിതയുടെ കഥകള്‍ o അത് ഞാനായിരുന്നു o മഴമേഘങ്ങള്‍ · 
  • നേരിട്ടുള്ള അഭിപ്രായങ്ങള്‍- വിജയകുമാര്‍ മേനോന്‍ സര്‍ (Indian Art Critic & Writer)
  • ഈ കുറിപ്പില്‍, വായിച്ചു പോയ പഠനങ്ങളില്‍ എനിക്ക് പ്രാധാന്യം തോന്നിയവ ഒരു മാറ്റവും വരുത്താതെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

Saturday, 5 December 2015

വഴി പിരിയലുകള്‍ക്ക് മുന്‍പ്




നീ കേള്‍ക്കണം ,                                          

മൌനം മണക്കുന്ന                    
മനസ്സാഴങ്ങളില്‍                      
മഴയാവാന്‍ കാക്കുന്ന                    
വാക്കുകളുണ്ട്
അര്‍ഥശൂന്യതയുടെ
പേരുദോഷം കോറി
ഇരുള്‍കയങ്ങളില്‍ ഇട്ടു
കൂട്ടി വച്ച മോഹവാക്കുകള്‍
എല്ലാം പറഞ്ഞു 
മതിവരണമെനിക്ക്

നീ,

ഈ മരച്ചുവട്ടില്‍
ഒന്ന് നിന്നേക്കണം ,
പറയുന്നതിലെ പതിര്
പെറുക്കാതെ,
ഉണ്മയെ താങ്ങാതെ
വെറുതെയങ്ങ് കേട്ടാല്‍ മതി,
പറഞ്ഞു തീരാന്‍
നടന്നു തീര്‍ക്കുന്ന
വഴികളില്‍ കൂട്ടെന്ന്
തോന്നിപ്പിച്ചാല്‍ മതി
ജീവിതം, അതാ, ആ
ഇടവഴിയറ്റം വരേയുള്ളൂ

ഒന്നുകൂടി,

പെയ്തൊഴിയുമ്പോള്‍,
പതിഞ്ഞ വാക്കുകള്‍
കൊണ്ടൊന്നു തൊട്ടേക്കണം
ഇടവഴിയറ്റം എത്തിയാല്‍
പിരിയാനുള്ളതെന്ന്
ഇടര്‍ച്ച കൂടാതെ പറയണം

എന്നിട്ട്

ഓര്‍മ്മത്തുള്ളികള്‍ ഒട്ടിപ്പിടിച്ച
ആ മരമൊന്നു കുടയണം
തെറിച്ചു വീഴുന്ന തുള്ളികളില്‍
മനസ്സിലെ ഉണര്‍വിന്റെ
പുതുമണത്തില്‍
ഒഴുകിയെത്താനുള്ളതേയുള്ളൂ
ഇടവഴിയറ്റത്തേയ്ക്ക്



Friday, 27 November 2015

വയല്‍, തെരുവ്, തീവണ്ടി.-പി.സുരേന്ദ്രന്‍


പി.സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ യാത്രാനുഭവങ്ങളാണ് “വയല്‍, തെരുവ്, തീവണ്ടി.” ഓര്‍മ്മശകലങ്ങളെ ഒരു കൊളാഷ് പോലെ ചേര്‍ത്ത് വച്ചിരിക്കയാണ് ഇതില്‍. ഒന്നില്‍ നിന്ന് വേറൊന്നിലേക്കുള്ള യാത്ര ഒരു തുടര്‍ച്ചയാവണം എന്നില്ല. പറയുന്ന വിഷയമോ, അല്ലെങ്കില്‍ പറഞ്ഞു പോകവേ ചെന്നെത്തിപ്പെടുന്ന ഓര്‍മ്മ ത്തുണ്ടുകളോ ആണ് ഗതി നിശ്ചയിക്കുന്നത്. പലപ്പോഴും വല്ലാത്തൊരു അമ്പരപ്പോ, ആശ്വാസമോ ആകുലതകളോ സമ്മാനിക്കുന്ന വഴിത്തിരിവുകള്‍.

              
വയല്‍
മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്ന അനുഭവങ്ങളില്‍ ആദ്യത്തേതായ വയല്‍ കൃഷിയുടെയും കര്‍ഷകരുടെയും ലോകമാണ്. മറയൂരിലെ കരിമ്പിന്‍ പാടങ്ങളെ കുറിച്ചും  കരിമ്പ്‌ വാറ്റിയെടുക്കുന്ന ചക്കരയെ കുറിച്ചും ചക്കരയുടെ മണം പേറുന്ന കാറ്റിനെ കുറിച്ചും പറയുന്നതിനോടൊപ്പം ആ ദേശത്തിന്റെ സംഘകാലത്തിനും പിന്നോട്ടുള്ള വേരുകളെ കുറിച്ചുള്ള ഒരു അറിവും തരുന്നുണ്ട് ഈ പുസ്തകം. ഇടയഗോത്രങ്ങളുടെ സംസ്കൃതി പേറുന്ന മുല്ലൈനിലമാവണം മറയൂര്‍ എന്നാണ് പി. സുരേന്ദ്രന്‍ പറയുന്നത്.

മറയൂരില്‍ നിന്ന് ശീതകാല പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും നാടായ കാന്തല്ലൂരിലേക്ക്. പഴവര്‍ഗങ്ങളുടെ മണവും രുചിയും പ്ലം മരങ്ങള്‍ പൂക്കുമ്പോഴുള്ള മായിക കാഴ്ചയും മനസ്സിലങ്ങു നിറയുമ്പോ ഴാണ് വള്ളുവനാടന്‍ ഗ്രാമങ്ങളിലെ പള്ളിയാലുകളെ കുറിച്ച് എഴുത്തുകാരന്‍ വാചാലനാവുക. പിന്നെ അവിടെ നിന്ന് ഡക്കാന്‍ കാര്‍ഷികഗ്രാമങ്ങളിലേക്ക്. വെണ്‍മേഘത്തുണ്ട് ചിതറിക്കിടക്കുന്ന ആകാശം പോലെയുള്ള പരുത്തിപ്പാടങ്ങള്‍, ബെല്ലാരിയിലെ കൃഷിയെ വിഴുങ്ങാന്‍ നില്‍ക്കുന്ന ഖനനം, കൊല്‍ക്കത്തയിലെ കടുകുവയലുകള്‍, വിഷാദം പേറുന്ന ബംഗാളി ഗ്രാമങ്ങള്‍, യാത്രയിലുടനീളം നമ്മെ കൂടെ കൂട്ടാന്‍ വല്ലാത്ത മിടുക്കുണ്ട് ഈ എഴുത്തുകാരന്റെ വാക്കുകള്‍ക്ക്.

മനസ്സില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ചില വാക്കുകളും കാഴ്ചകളും വ്യക്തികളും ഉണ്ട്. പാമ്പാറിലെ പാറക്കൂട്ടങ്ങളിലെ ജൈവശില്‍പ്പങ്ങള്‍, ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യാന്‍ ഭര്‍ത്താവിന്റെ കുഷ്ഠരോഗത്തെ സ്നേഹം കൊണ്ട് മറച്ചു വച്ച ബഞ്ചാര സ്ത്രീ, ചെടികളെയും മണ്ണിനെയും സ്നേഹിച്ച ഹരിതരാജന്‍ എന്ന രാജന്‍ പിന്നെ ഉമ്മര്‍ഭായ്. ഉമ്മര്‍ഭായ് വഴികളത്രയും നടന്നു താണ്ടിയത് വയല്‍ മണം പേറിയാ യിരുന്നു. ഒരു പുസ്തകത്തില്‍ നിന്നും വായിച്ചു നേടാനാവാത്തത്രയും അറിവ് അനുഭവങ്ങളിലൂടെ നേടിയ പഴയ നക്സലൈറ്റ് അനുഭാവി.
കൃഷിയില്ലാതാവുമ്പോള്‍ ധാന്യങ്ങളും പച്ചക്കറികളും മാത്രമല്ല, ഭാഷയില്‍ നിന്ന് പല വാക്കുകളും അപ്രത്യക്ഷമാവുമെന്നു കണ്ടെത്തുന്നുണ്ട് പി.സുരേന്ദ്രന്‍

തെരുവ്

തെരുവ്, ഗന്ധങ്ങളുടെയും, അതിജീവനങ്ങളുടെയും സര്‍ഗാത്മകതയുടെയും ഒക്കെ ലോകമാണ്. ഒരു കള്ളനെ, കൊലപാതകിയെ, ലൈംഗികത്തൊഴി ലാളിയെ എല്ലാം  വളരെ ഉദാരമനസ്സോടെ സ്വീകരിക്കുന്ന തെരുവിനെ കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ക്ക് ഒരു വന്യതാഭാവം കൈവരുന്നു എന്ന് തോന്നിപ്പോകും. ഒരു ചെറുതീപ്പൊരിയിന്മേല്‍ ആളിപ്പടരാവുന്ന വന്യമായ തീമണം പേറുന്ന വാക്കുകള്‍.

തെരുവില്‍ നിന്നുള്ള കുറിപ്പുകളില്‍ ഏറ്റവും വേദനിപ്പിച്ചത് അല്ലെങ്കില്‍ ചിന്തിപ്പിച്ചത്, ചിദംബരത്ത് വച്ച്, ദുര്‍ഗന്ധമുള്ള തോട്ടില്‍, പന്നികളോടൊ പ്പം പുളയ്ക്കുന്ന രണ്ടു കുട്ടികളുടെ കാഴ്ചയാണ്. ദാരിദ്ര്യം ഗൃഹസ്ഥരാ ക്കുന്ന ആ കുട്ടികള്‍ക്ക് ബാല്യം തിരിച്ചു കിട്ടുന്നത് തോട്ടിലെ ആ കളിക ളിലായിരിക്കുമെന്ന് സഞ്ചാരി നിരീക്ഷിക്കുന്നു

തെരുവുകള്‍ ഗന്ധം കൊണ്ടും സര്‍ഗാത്മകത കൊണ്ടും എത്ര വൈവിധ്യ മാര്‍ന്നതാണെന്നു വാക്കുകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട് ഗ്രന്ഥകാരന്‍ നമുക്ക്. മനുഷ്യരുടെ ദേശാടനങ്ങള്‍ക്കൊപ്പം രുചികളും സഞ്ചരിച്ചു തുടങ്ങുന്നു. തെരുവുകളിലാണ് അവ ആദ്യം ആധിപത്യം സ്ഥാപിക്കുക. പുരാതന കപ്പല്‍ചാലുകളിലൂടെ അതിര്  കടന്നെത്തിയ പലതരം കൈപ്പു ണ്യങ്ങളുടെ രസാവഹമായ കൂട്ടുകള്‍ നിറഞ്ഞ കോഴിക്കോട്-കണ്ണൂര്‍ മുസ്ലിം തെരുവുകള്‍, രസഗുളയുടെ മണമുള്ള ബംഗാള്‍ തെരുവുകള്‍, അച്ചാറുകളുടെ മണം പേറുന്ന ആന്ധ്രാ തെരുവുകള്‍, ഇങ്ങനെ തെരുവ് രുചികളുടെ വര്‍ണ്ണനകള്‍ വായിച്ചു പോകുമ്പോള്‍ ഇനിയീ തെരുവുകളെ മണം കൊണ്ട് തിരിച്ചറിയാനാകും എന്നൊരു അഹങ്കാരത്തിലായിപ്പോകും മനസ്സ്.

ചുമരുകളെയും നിരത്തുകളെയും പ്രതലമാക്കുന്ന തെരുവുചിത്രകാരന്മാര്‍-ഇറ്റലിയിലെ മഡോണാരികള്‍, ഡച്ച് ചിത്രകാരനായ ലിയോണ്‍ കീര്‍ -ഓരപ്പെടലിന്റെ നിസ്സഹായതകളില്‍ നിന്ന് മികച്ച കലാസൃഷ്ടികള്‍ പിറക്കുന്നതിന്റെ കാഴ്ചയുണ്ട് മാതൃഭൂമി ബുക്സ്‌ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തില്‍.

തെരുവുപുസ്തകശാലകള്‍ കൊല്‍ക്കത്തയുടെ സൌന്ദര്യമാകുമ്പോള്‍ തന്നെ സോനാഗാച്ചിയിലെ തെരുവുകള്‍ നമ്മെ ഭയപ്പെടുത്തും. സോനാഗാച്ചിയി ലെ കെട്ടിടങ്ങള്‍ക്കകത്തേയ്ക്ക് നീണ്ടു നീണ്ടു പോകുന്ന ഇടവഴികള്‍, നമ്മുടെ മനസ്സിലും, വേദനയുടെ, സഹാനുഭൂതിയുടെ, ഭയത്തിന്റെ, അമ്പരപ്പിന്റെ, നിസ്സഹായതയുടെ ഒക്കെ ഇടനാഴികള്‍ സൃഷ്ടിക്കും. അവയ്ക്കിടയില്‍ മനസ്സ് കുരുങ്ങുന്നു എന്ന ഭയച്ചീളുകള്‍ വളരാന്‍ തുടങ്ങുന്നിടത്ത് നിന്ന് വളരെ ഭംഗിയായിട്ടാണ് കഥാകാരന്‍ നമ്മെ തഞ്ചാവൂരിലെ വീണ നിര്‍മ്മാണത്തിന്റെ തെരുവിലേക്കെത്തിക്കുക. മഴ പെയ്യുന്ന പോലെയുള്ള വീണയുടെ ശബ്ദം നമ്മെ ആശ്വസിപ്പിക്കും. വീണ സ്വന്തം ജീവിതത്തില്‍ സംഗീതം പകര്‍ന്നിട്ടില്ലെങ്കിലും വീണ നിര്‍മ്മിക്കു ന്നതില്‍ അവര്‍ കാണിക്കുന്ന ചാരുത നമ്മെ അത്ഭുതപ്പെടുത്തും.

പിന്നെയുമുണ്ട് തെരുവുകാഴ്ചകള്‍. ഭാഗല്‍ക്കോട്ടിലെ പന്നിയെ ആരാധിക്കുന്നത് കാണുമ്പോള്‍ എല്ലാം വലിച്ചെറിഞ്ഞു സ്വന്തം മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യന് പന്നി തന്നെ ആരാധനാമൂര്‍ത്തി എന്ന എഴുത്തുകാരന്റെ വാചകം നമ്മെ ചിന്തിപ്പിക്കും.

തീവണ്ടി

തീവണ്ടികളും റെയില്‍പാളങ്ങളും മറ്റൊരു യാത്രയാണ്. റെയില്‍വേ പ്ലാറ്റ്ഫോം കാഴ്ചകള്‍ എവിടെയും ഒന്നുതന്നെ. എന്തിന്, പാസഞ്ചര്‍ വണ്ടിയില്‍ പാട്ടു പാടി പിച്ച തെണ്ടുന്ന അന്ധന്‍ പാടുന്ന പാട്ട് “ കണ്ണുകളാം ദൈവം നല്‍കിയ കനകവിളക്കുകളുള്ളവരെ” 
ഇരിഞ്ഞാലക്കുട ബസ്സ് യാത്രകളിലും എനിക്ക് സുപരിചിതമാണ്

തീവണ്ടി യാത്രാദൃശ്യങ്ങള്‍ക്ക് ഒരു എകാത്മകതയുണ്ട്. എന്നിരുന്നാലും ദൂരദേശ വണ്ടികളില്‍, ദേശം മാറുമ്പോള്‍ കടന്നു വരുന്ന രുചിഭേദങ്ങളും ഗന്ധങ്ങളും ഒരു അനുഭവം തന്നെയാവും. എനിക്കത്തരം നീണ്ട യാത്രാനു ഭവങ്ങള്‍ ഇല്ല. എന്നിട്ടും ഈ പുസ്തകത്തിലെ അനുഭവങ്ങള്‍ ചിരപരി ചിതമെന്നു തോന്നിയത് അവയുടെ ഏകാത്മകത കൊണ്ടാണ് .

കണ്ണ് നിറച്ച കാഴ്ചകളുമുണ്ട്‌ ഇതില്‍. ചോക്ലേറ്റ് നിറച്ച ഡപ്പയുമായി അമ്മയെ എവിടെയോ കൊണ്ടുചെന്നാക്കാന്‍ പോകുന്ന മകന്‍, ജീവിതകാഠിന്യങ്ങള്‍ സമ്മാനിച്ച ധാര്‍ഷ്ട്യവുമായി കടലപ്പയ്യന്‍ രാജ, കുപ്പുസ്വാമി, മലക്കറിക്കൂട മുത്തശ്ശി.. ഉള്ളില്‍ നെരിപ്പോട് തീര്‍ത്ത മുഖങ്ങളാണിവര്‍.


പുസ്തകം അവസാനിക്കുമ്പോഴും യാത്ര അവസാനിച്ച പ്രതീതി നമുക്കുണ്ടാവുന്നില്ല. അതങ്ങനെ നീണ്ടു പോകയാണ്, അവ്യക്തമായ ശബ്ദങ്ങളും ദൃശ്യങ്ങളുമായി സഞ്ചാരിയുടെ വാക്കുകളും പേറി.  

Friday, 20 November 2015

ശൂന്യ മനുഷ്യര്‍ -പി.സുരേന്ദ്രന്‍


പി. സുരേന്ദ്രന്റെ ഓരോ പുസ്തകവും ഓരോ യാത്രയാണ്. നമുക്കെത്ര പരിചിതം ഇതെല്ലാം എന്ന് ആഹ്ലാദിപ്പിച്ചു കൊണ്ട് കൂടെ കൊണ്ടുപോ കുന്ന നാട്ടുവഴികളായാലും, കാണാത്ത നാടിന്റെ, വാക്കുകളിലൂടെ വര ച്ചിടുന്ന ദൃശ്യാനുഭവങ്ങളായാലും എല്ലാം യാത്രകളാണ്,  നമ്മെ ആഹ്ലാദി പ്പിക്കുന്ന യാത്രകള്‍. “ശൂന്യമനുഷ്യര്‍” എന്ന ഈ പുസ്തകവും ഒരു യാത്ര തന്നെ, മനുഷ്യന്റെ മനസ്സിലേക്കുള്ള യാത്ര. 

പരിചയമുള്ള പല മുഖങ്ങളും ആത്മഹത്യയില്‍ അഭയം തേടിയപ്പോഴെ ല്ലാം അമ്പരന്നുനിന്നിട്ടുണ്ട്. സ്വന്തം ജീവിതത്തെ മരണത്തിന്റെ കരങ്ങളി ലേക്ക് എടുത്തെറിയുന്ന ആ അവസാനനിമിഷങ്ങളില്‍ അവരുടെ മനസ്സി ലെ ചുഴികള്‍ (അതോ ഉള്ളൊന്നാകെ കത്തുന്ന തീ വെളിച്ചങ്ങളോ) എന്താ ണെന്ന് ആലോചിച്ചു വ്യകുലപ്പെട്ടിട്ടുമുണ്ട്. ആ ഒരു നിമിഷത്തിലായിരി ക്കണം അവര്‍ ശൂന്യമനുഷ്യരായി പോകുന്നത്, മരണം ജീവിതത്തെ ജയി ക്കല്‍ ആണെന്ന് കരുതിപ്പോകുന്നത്   

നോവലിലെ ആദ്യത്തെ പേജ് മറിക്കുമ്പോള്‍ നാം വായിക്കുന്നത് അല്ലെ ങ്കില്‍ അറിയുന്നത്  “സല്ലേഖന”ത്തെ കുറിച്ചാണ്. സല്ലേഖനം-മരണത്തെ സ്വയം വരിക്കല്‍, മുന്‍പും പരിചിതമാണ്, നോവലുകളിലൂടെ. കാശി യിലും ബംഗാളിലും ഈ രീതി സ്വീകരിക്കുന്ന ഹിന്ദുക്കള്‍ ഉണ്ടെന്നു തോന്നുന്നു, ഇപ്പോഴും. അതിനാല്‍ സല്ലേഖനം അമ്പരപ്പുണ്ടാക്കിയില്ല, വേദനയും സങ്കടവുമല്ലാതെ. മരണത്തെ സ്വയം വരിക്കല്‍ കരുത്താണോ കീഴടങ്ങല്‍ ആണോ എന്നിപ്പോഴും വേര്‍തിരിക്കാന്‍ ആവുന്നില്ല.

സല്ലേഖനത്തെ കുറിച്ച് കഥയിലെ കൃഷ്ണചന്ദ്രന്‍ ഇങ്ങനെ പറയുന്നുണ്ട്
“സല്ലേഖനം മഹത്തായ അനുഷ്ഠാനമാണ്. പ്രപഞ്ച സത്യത്തില്‍ വിലയി ക്കല്‍. സല്ലേഖനം അനുഷ്ടിക്കുന്നവന്‍ നിര്‍ഭയനാവണം, സഹിഷ്ണുവാവ ണം. ആഴമേറിയ മറവിയിലേക്ക് എല്ലാവരെയും ഉപേക്ഷിക്കണം. അക ത്തും പുറത്തും അപാരമായ ശൂന്യതയും നിശ്ശബ്ദതയും അറിയാനുള്ള ധീരതയും ഉണ്ടാവണം. കര്‍മ്മബന്ധങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണമുക്തി യാണത്.”

ഞാന്‍ ഓര്‍ത്തത് എന്റെ അച്ഛനെയാണ്. മനസ്സാഗ്രഹിക്കാത്ത നേരത്ത് മരണവാഹകനായി കടന്നു വന്ന അസുഖത്തില്‍ പതറിയ അച്ഛന്‍. ആവ ലാതികളേക്കാള്‍ അച്ഛന് കരച്ചിലായിരുന്നു. കരച്ചിലിന്റെ നീര്‍ച്ചാലുക ളിലൂടെ അച്ഛന്‍ ഹൃദയം തൊടും.എന്തിനാ ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചാല്‍ “ നിനക്കറിയില്ല, എന്റെ ഒറ്റപ്പെടല്‍. ഞാനൊരിക്കലും അനുഭവിച്ചിട്ടില്ല ഇത്ര ശക്തമായ ഒറ്റപ്പെടല്‍ “ എന്ന് പറഞ്ഞ് അച്ഛന്‍ കരയും. മരണത്തിനു മുന്നില്‍ നിസ്സഹായരും ഭീരുക്കളുമാകുന്നവര്‍ക്ക് കൂട്ടിരിക്കുമ്പോഴാണ് ജീവിതത്തെ മനസ്സിലാവുക എന്ന് തോന്നിയിട്ടുണ്ട്. നിരര്‍ത്ഥകതയുടെ പര്യായമാവും ജീവിതമപ്പോള്‍.

സല്ലേഖനം അനുഷ്ടിക്കുന്നവരുടെ മരണം എങ്ങനെയായിരിക്കും?
(മൂഡ്‌ സിദ്രിയിലെ ചൌദാര്‍ കൊട്ടാരത്തിലെ തൂണില്‍ ഒമ്പത് സ്ത്രീരൂപ മൂഡ്‌ സിദ്രിയിലെക്കൊരു യാത്രയുന്ടെങ്കില്‍ കാണേണ്ട ഒന്ന്...)

“വിശ്വാസം വിപ്ലവം വിഷാദ”ത്തിലെ ഭൂപന്‍ ദാ ഒരു വ്യക്തിയല്ല ഒരു പ്ര സ്ഥാനമാണ്. ഭൂപന്‍ ദാ യുടെ ഭൂമികയിലേക്കുള്ള യാത്രയിലെ സന്താളു കളും, ഒറോണുകളും, ദാമാലുകളും, കെംചി നദിയും............
ഭൂപന്‍ ദാ പറയുന്നു
“ദരിദ്രന്റേതു ചെറിയ വൃത്തങ്ങളില്‍ തളയ്ക്കപ്പെട്ട കാഴ്ചയാണ്. ഒരു ഗോത്രഗ്രാമത്തെ കാണാന്‍ അത് മതിയാകും. പക്ഷെ ഏറെ വൈവിധ്യ മുള്ള ഒരു രാഷ്ട്രത്തെ കാണാന്‍ മതിയാവില്ല. ദരിദ്രന്റെ മോചനം മാത്ര മല്ല വിപ്ലവം.”

ആശയങ്ങള്‍ അനുഷ്ഠാനമാവുമ്പോഴാണോ കാഴ്ചകള്‍ പരിമിതപ്പെട്ടു പോകുന്നത്??

അഹമ്മദ്പൂരിലെ കബീര്‍ സരായ് നെയ്ത്തുതെരുവിലെ സൈറാബാനു വിന്, സ്വയം ഒരു മനുഷ്യബോംബായി കത്തിയെരിയുക എന്നത് ഒരു രാഷ്ട്രീയ പ്രതികരണമാണ്. ഒരു വിപ്ലവചിന്തയില്‍ ജ്വലിക്കുന്ന ആദര്‍ശ ത്തിന്റെ വീര്യമുണ്ടതിന്. പക്ഷെ “ ജലരോദനത്തിലെ” സുവര്‍ണ്ണലത.. അവളെന്നെ കരയിപ്പിച്ചു. ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന അകക്കാഴ്ച കള്‍ കാണിച്ചു തന്നു. സുവര്‍ണ്ണലത ആത്മഹത്യ ചെയ്യുകയായിരുന്നില്ല, ചെയ്യിക്കയായിരു ന്നു.. അവളുടെ ശരീരം, സമൂഹം, സാഹചര്യങ്ങള്‍. ആ കീഴടങ്ങല്‍ എന്നെ കരയിപ്പിച്ചു. ഡോക്ടര്‍.വി.പി.ഗംഗാധരന്റെ “ജീവിത മെന്ന മഹാത്ഭുത"ത്തില്‍ ഒരു സുവര്‍ണ്ണലതയുണ്ട്, മറ്റൊരു പേരില്‍. സൌന്ദര്യം ശാപമായവള്‍. അനാഥത്വം നിസ്സഹായയാക്കിയ ജീവിതം. എ ല്ലാറ്റിനും മറുപടിയായി ആത്മപീഢയെ വരിച്ചു അവള്‍. അതൊരു ഭീക രമായ ആത്മഹത്യയായിരുന്നു. അര്‍ബുദത്തെ മനസ്സ് കൊണ്ടവള്‍ വിളി ച്ചു വരുത്തിയതാണെന്നു എഴുതിയിട്ടുണ്ട് ഡോക്ടര്‍ അതില്‍. വേദനയെ പുഞ്ചിരി കൊണ്ടും രോഗം കൊണ്ട് ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്ന സ്വ ന്തം മാറിടം വസ്ത്രം കൊണ്ടും മറച്ചു ജീവിച്ച അവള്‍ ഡോക്ടറുടെ മു ന്നില്‍ എത്തുന്നത്‌, ഒന്നും കൈക്കുള്ളില്‍ ഒതുങ്ങാതെ ആവുമ്പോള്‍ മാത്ര മാണ്. ഡോക്ടറുടെ മുന്നില്‍ അനാവൃതമാക്കപ്പെടുന്ന അര്‍ബുദം കാര്‍ന്നു തിന്ന മാറിടത്തിന്റെ ആ കാഴ്ച ഭയത്തിന്റെ മരവിപ്പ് തന്നെനിക്ക്. എത്ര ശ്രമിച്ചിട്ടും മറവിയുടെ ഇരുളിലേക്ക് അകന്നു പോകാത്ത ആ മരണക്കാഴ്ച.

മറ്റൊരു കഥയുണ്ട്, സംഭവിച്ചതോ കെട്ടുകഥയോ എന്ന് വേര്‍തിരിക്കാന്‍ ആവാത്ത ഒന്ന്. പുറത്തു ശുദ്ധനും മിടുക്കനും സൌമ്യനും ആയ അമ്മാ യിയച്ഛന്റെ, മരുമകളുടെ മുന്നില്‍ മാത്രം തെളിയുന്ന മറ്റൊരു മുഖം. എ ത്ര ശ്രമിച്ചിട്ടും ഭര്‍ത്താവിനെ പോലും വിശ്വസിപ്പിക്കാന്‍ ആവാത്ത നിസ്സ ഹായമായിപ്പോയ ജീവിതം. എപ്പോഴോ എവിടെയോ താളം തെറ്റുന്നു എ ന്ന് തോന്നിയ അമ്മായിയച്ഛന്‍ വിഷം കഴിച്ചു. മരണക്കിടക്കയില്‍ വച്ച് പറഞ്ഞു മരുമകള്‍ തന്നതെന്ന്. കൈവിട്ടു പോകുന്ന സ്വന്തം ജീവിതം നോ ക്കി വായ്‌പൊളിച്ചു നിന്ന ആ മരുമകള്‍ ഇപ്പോഴെവിടെയാണാവോ??!!!

നീലകണ്ഠന്‍ എനിക്കേറെ പരിചയമുള്ളവന്‍. ഇല്ലങ്ങളിലെ പ്രകാശം കടക്കാത്ത മുറികളിലെ ഇരുട്ട് മനസ്സില്‍ പേറുന്നവരെ എനിക്ക് പെട്ടെന്ന് മനസ്സിലാകും. എന്റെ ഇല്ലത്ത് ജനലുകള്‍ ചെറുതെങ്കിലും കണ്ണും ചെവി യും ബുദ്ധിയും മനസ്സും തുറന്നുവയ്ക്കാനും വെളിച്ചത്തെ ആവോളം ചേര്‍ത്തു പിടിക്കാനും പരിശീലിപ്പിച്ചിരുന്നു അച്ഛനുമമ്മയും. പരിശീലനം എന്നല്ല സ്വാതന്ത്ര്യം എന്നാണു ശരിയായ വാക്ക് പറയേണ്ടത്. എങ്കിലും ഇല്ലങ്ങളിലെ ഞങ്ങളുടെ ജീവിതം ഒരുപാട് ഒറ്റപ്പെട്ടതാണ്, സമൂഹത്തില്‍ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

പഴമയില്‍ നിന്ന് പുതുമയിലേക്കുള്ള യാത്രയുടെ ആരംഭത്തില്‍ തന്നെ എങ്ങനെയാണ് നീലകണ്ഠന് ജീവിതം വഴുക്കിയത്?

ഉടലിലെ കൊക്കരണികളിലെ ദേവകി എന്റെ നാട്ടിലെ ശാന്തയാണ്. കോ ങ്കണ്ണും കറുത്ത നിറവും ദാരിദ്ര്യവും കൊണ്ട് നിറം കെട്ടതായിരുന്നു ശാന്തയുടെ ജീവിതം. ശാന്ത പക്ഷെ ഉടലിലെ കൊക്കരണികളെ നിഷേധി ച്ചില്ല. അത് ജീവിതത്തിന്റെ സ്വഭാവമാണെന്ന് തെളിയിച്ചു. കല്യാണം കഴിക്കാതെ രണ്ടു പ്രസവിച്ചു

സ്വയം സ്നേഹിക്കാന്‍ കഴിയാതെപ്പോയ ദേവകിമാര്‍ മനസ്സിന്റെ വിങ്ങലാണ്

ഉന്മാദിയുടെ നീലമരണത്തിലെ ശ്രീധരന്‍ മാഷ്‌  ഉള്ളില്‍ കല്ലിച്ചു കിടക്കു ന്നു. ഒരു നീല മരണത്തിലും അവസാനിക്കാത്ത കല്ലിപ്പ്. “കവിയുടെ ശി രസ്സിലെ” നാരായണവാര്യരും ശ്രീധരന്‍ മാഷും വഴി തെറ്റിയ ചിന്തകളുടെ നാഡീവ്യുഹങ്ങളെ നേരെയാക്കാന്‍ ഏതു വിശ്വാസമാണ് കൊണ്ട് നടക്കേണ്ടിയിരുന്നത്?

വനജ, ഭവാനി, സൈനബ... ഇവര്‍ കാണിച്ചു തരുന്ന ജീവിതത്തിലെ ഇ രുണ്ട വനസ്ഥലികള്‍ മനസ്സിലാവില്ലെന്ന് പറഞ്ഞൊഴിയാനും അവയൊന്നും വിശ്വസിക്കാതിരിക്കാനും പിടയുന്നുണ്ടെന്റെ മനസ്സ്. “ആത്മഹത്യ”യിലെ “ത്യ” വള്ളി രാജപ്പൂവള്ളിയായി, മരണത്തിന്റെ പുണ്യവുമായി ഇത്തരം ജീവിതങ്ങളിലേക്ക് വന്നിറങ്ങുന്നു എന്ന ചിന്തയെ സ്നേഹിക്കയല്ലാതെ വേറെന്തു ചെയ്യാന്‍??????  


നോവലില്‍, ആത്മഹത്യകളെ കുറിച്ചു പുസ്തകം എഴുതിയാലോ എന്ന ആലോചനയില്‍ കൃഷ്ണചന്ദ്രന്‍ പറയുന്നുണ്ട്, “കറുത്ത അനുഭവങ്ങളില്‍ നിന്നാണ് മനുഷ്യര്‍ വെളുത്ത ജീവിതം സ്വപ്നം കാണാന്‍ ശീലിക്കുക. ആത്മഹത്യാമുനമ്പില്‍ നിന്ന് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം എഴുതിയാലോ” എന്ന്. വെളുത്ത മരണങ്ങളെ തേടുന്നവരുടെ കഥ പറയുന്ന ഈ പുസ്തകം,  അത് തന്നെയാണ് ചെയ്യുന്നത്, നമ്മെ ജീവിതത്തോട് ഒന്നുകൂടി ചേര്‍ത്ത് നിര്‍ത്തുക എന്നത് തന്നെ 

Thursday, 19 November 2015

ഒറ്റമരം പൂക്കുന്ന വഴികള്‍


FB Post
Link to the post




അസഹ്യതയുടെ

നെരിപ്പോടുകളില്‍ നിന്നാണ്

പനിഞെരുക്കങ്ങള്‍ പുറപ്പെടുക

 

തൊലിക്കടിയിലെ കോശങ്ങള്‍

തീ തുപ്പും മട്ട്

പനി തപിക്കും

 

മധുര വാക്കുകള്‍

ചേര്‍ത്ത ഗുളികകള്‍ വിഴുങ്ങാതെ,

മനസ്സില്‍ നിലയില്ലായ്മയുടെ

മേളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്ന

വാക്കുകളില്‍ മെനഞ്ഞിട്ട

ജീവിതചിത്രങ്ങള്‍ പേറുന്ന

പുറംശല്‍ക്കങ്ങള്‍

പനിച്ചൂടില്‍

ഉരുകി ഉറയൂരണം

 

പിന്നെ

പനിക്കുളിരിന്നന്തിയില്‍

ശല്‍ക്കങ്ങളൊഴിഞ്ഞ്

മനസ്സുടല്‍ തീര്‍ക്കുന്ന തൊലിക്ക്

വെണ്ണമിനുപ്പുണ്ടാവണം;

തള്ളാതെ, ഒന്നിനെയും

കൊള്ളാതെ

വഴുതിമാറുന്ന

അതിമിടുക്കിന്റെ മൃദുലത

 

അന്നേരം മനസ്സില്‍

ഒറ്റമരം പൂക്കും

വാക്കുകളുടെ

കാഴ്ച്ചക്കോലങ്ങള്‍ക്കിടയിലൂടെ

ഒറ്റമരത്തിലെ

നക്ഷത്രപ്പൂക്കള്‍

കാണിക്കുന്ന വഴിയിലൂടെയാണ്

പിന്നെ എന്റെ

ഒറ്റയ്ക്കുള്ള യാത്ര