Wednesday, 17 June 2026

കലഹത്തിന്റെ ജ്വാലാമുഖികള്‍

 

FB Post- 10 December, 2017

Link to the Post




കലഹത്തിന്റെ വിത്തുകള്‍

വീഴാന്‍ പാകത്തിന്

കുഴിയാനക്കുഴികളുണ്ട്

മനസ്സിന്റെ നടവഴികളില്‍


ചെറിയ വാക്കുകളില്‍ പോലും

തടഞ്ഞു തെന്നി

വീണുപോയേക്കാവുന്ന

കലഹക്കുഴികള്‍


മങ്ങിയ കാഴ്ച്ചവട്ടങ്ങളില്‍

പെടാതൊന്നടിതെറ്റി

വീഴുമ്പോഴേക്കുമവ

ജ്വാലാമുഖികളാവുന്നതെങ്ങനെ???


പതഞ്ഞൊഴുകുന്ന ലാവ

തിളയ്ക്കുന്ന വാക്കുകള്‍

കൈമോശമാവുന്നതെന്റെ

സ്വപ്നഭൂമികളാണ്


ഒടുവില്‍

കണ്‍കളില്‍ ഉറക്കമായി

തൂങ്ങുന്നത്

തണുത്തുറയുന്ന ലാവയില്‍

കിളിര്‍ക്കാത്ത സ്വപ്നങ്ങളാണ്

പിന്നെ

പലായനങ്ങളുടെ മടുപ്പ്


തിരിച്ചു കിട്ടേണ്ടതുണ്ട്

നടന്നു ശീലിക്കാന്‍

ഒരു ബാല്യം


വേരുകളില്ലാത്ത തുരുത്ത്

 FB Post- 28 June, 2016

Link to the post





ആദര്‍ശങ്ങളുടെ കരയെ

കടലെടുക്കുമ്പോഴാണ്

മനസ്സുകള്‍ തുരുത്തുകളാവുക

വേരുറയ്ക്കാതെ,

മണ്ണിനെ നിഷേധിച്ച്

ഒഴുകുന്നതിന്റെ സ്വാതന്ത്ര്യമറിയുക

യുക്തിയും അയുക്തിയും

വികാരങ്ങളും

പതഞ്ഞു തീര്‍ക്കുന്ന അലകളില്‍

ആടിയുലഞ്ഞൊഴുകുമ്പോഴൊരു

കര കണ്ടേക്കാം .

അടിയുറച്ച

ആദര്‍ശങ്ങളുടെ

ജഡത്വം പേറുന്ന കര

അവിടെ,

സ്വപ്നങ്ങളുടെ വിത്ത് പാകണം.

നോക്കുകുത്തികളുടെ,

ഓരം ചേര്‍ക്കപ്പെട്ടവരുടെ

നിറവും മണവുമുള്ള സ്വപ്നങ്ങള്‍

അവയില്‍ നിന്ന്

പടര്‍ന്നുണരുന്ന മഴവില്‍ നിറങ്ങള്‍

സ്വപ്നനാരുകളിലൂടെ

ആകാശം തൊടുമ്പോള്‍,

വീണ്ടും

തുരുത്താകണം

വേരുറയ്ക്കേണ്ടാത്ത

അനുഭവങ്ങളുടെ തുരുത്ത്


നിമിഷങ്ങളുടെ ധന്യത

 FB POST- 26th November, 2015

Link to the post




വെട്ടി വെളുപ്പിച്ച

മനസ്സുകൾക്കിടയിലല്ല

നിമിഷങ്ങൾക്ക് ധന്യത

പച്ചപ്പിന്റെ തണലും

ഒരല്പം സ്വകാര്യത്തിന്റെ

കാട്ടുവള്ളിപ്പടർപ്പും

കടന്നു ചെല്ലാൻ

നമ്മൾ തീർക്കുന്ന

വഴികളും

ഇണക്കങ്ങളും

പിണക്കങ്ങളും

ജീവനേകുന്ന

ശബ്ദകോലാഹലങ്ങളും

നിറവാകുന്ന

മനസ്സുകൾക്കിടയിലാണ്


നാട്ടില്‍ നിന്ന് ചേര്‍ത്ത് വച്ച ചില നിലാവിന്‍ തുണ്ടുകള്‍

 FB Post -23rd August, 2022

Link to the post

       

1. വര്‍ഷങ്ങള്‍ കൂടിയായിരുന്നു ഇത്തവണ സുനിതയെ കണ്ടത് . എന്റെ അടുത്ത സുഹൃത്ത്‌, വഴികാട്ടി... കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ കണ്ടെത്താവുന്ന വലിയ വലിയ സന്തോഷങ്ങളെ കുറിച്ച് പറഞ്ഞു തന്നവള്‍. കെട്ടിലും മട്ടിലും, കെട്ടിയിട്ടു കെട്ടുപോയ ചിന്തകളിലും മാറ്റങ്ങള്‍ ആവാമെന്ന് കാട്ടിത്തന്നവള്‍. കണ്ടിട്ടും സംസാരിച്ചിട്ടും നാളുകള്‍ ഏറെയായെന്ന ഒരു നിറം മങ്ങലുമില്ലാതെ ഞങ്ങള്‍ കറങ്ങി, തൃശൂര്‍ മുഴുവന്‍... ഞാനും സുനിതയും, കൂട്ടത്തിലേക്ക് ചേര്‍ന്നു നിന്ന എന്റെ കുട്ടി പാര്‍വതിയും.

2. തീരെ പ്രതീക്ഷിക്കാതെ എന്നെ അത്യാഹ്ളാദത്തിലേക്ക് എത്തിച്ച ഒരു ഫോണ്‍ വിളിയായിരുന്നു അടുത്തത്. എന്റെ വൃദ്ധനായ സ്നേഹിതന്‍, ഗുരു നിത്യചൈതന്യയതിയുടെ പ്രിയ ശിഷ്യന്‍ ഷൌക്കത്ത് ആയിരുന്നു വിളിച്ചത്. പെട്ടെന്ന് ഗുരു അടുത്ത് വന്നു നിന്ന പോലെ. ഷൌക്കത്തിനോട് ഗുരുവിനെ കുറിച്ച് വാതോരാതെ  സംസാരിച്ചു കൊണ്ടിരിക്കാം എന്നൊരു മോഹത്തിലേക്ക് എത്തിച്ചു ആ ഫോണ്‍ വിളി. ഒന്നുമുണ്ടായില്ല കാണാനും പറ്റിയില്ല. എങ്കിലും ആ വിളി തന്ന സന്തോഷം ഒട്ടും കുറഞ്ഞില്ല.

3. ആര്‍ട്ട്‌ ഹിസ്റ്റോറിയന്‍ വിജയകുമാര്‍ മേനോന്‍ സര്‍-മായുള്ള കൂടിക്കാഴ്ചയായിരുന്നു അടുത്ത ആഹ്ളാദദിവസം.  മനസ്സില്‍ തോന്നുന്നതെന്തും ഒരു അടുക്കും ചിട്ടയും കൂടാതെ പറയാനുള്ള സ്വാതന്ത്ര്യം തരുന്ന സൌഹൃദത്തിന്റെ ഊഷ്മളതയാണ് സര്‍-ന്റെ അടുത്ത് ഞങ്ങള്‍ക്ക്, പ്രത്യേകിച്ചും പാര്‍വതിക്ക്. പഠനവിഷയങ്ങളും ക്യാമ്പസ്‌ ജീവിതവും കൊച്ചു കൊച്ചു കലഹങ്ങളും എല്ലാം വിഷയങ്ങളാണ് കുട്ടിക്ക്. ഇടക്ക് സര്‍-നു വരുന്ന ഒരു ഫോണ്‍ വിളിയോ, അല്ലെങ്കില്‍ ഒരു സന്ദര്‍ശകനോ ആയിരുന്നു മുറിയിലെ അന്തരീക്ഷത്തില്‍ ഗൌരവം നിറച്ചത്. അത്തരമൊരു വിളി വന്നിരുന്നു അന്ന്, ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി യുടെ-കാളിദാസകൃതികളെ കുറിച്ച്, ദീപശിഖാകാളിദാസന്‍ എന്ന പേരിന്റെ ഉല്പത്തി....ഏകദേശം 30-40 മിനിറ്റ് നീണ്ടു പോയ സര്‍-ന്റെ ഒരു ക്ലാസ്സ്‌ ആയിരുന്നു ആ വിളി. അത് അവസാനിപ്പിച്ച അടുത്ത നിമിഷം വീണ്ടും ഞങ്ങളുടെ ചെറിയ വലിയ കാര്യങ്ങളുടെ ശ്രോതാവാകാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല സര്‍-ന്. ആദരവോടെയും കൌതുകത്തോടെയും അടുത്തിരുന്നു മതിയാവാതെയാണ് അന്ന് യാത്ര പറഞ്ഞിറങ്ങിയത്


പിന്‍നടത്തങ്ങള്‍

 


FB post-3rd January, 2026

Link to the post



മനസ്സിന്റെ കടലാഴങ്ങളില്‍

പിന്മടക്കങ്ങളുടെ

പ്രളയകാലമാണ്. 

ഈ നില്‍ക്കുന്നിടം വരെ

വലിഞ്ഞിഴഞ്ഞ

വേരുകള്‍ തീര്‍ത്ത

വഴിയടയാളങ്ങളിലൂ-

ടൊരു പിന്‍നടത്തം 

അനുഭവങ്ങള്‍

കാഴ്ചകളും

സങ്കടങ്ങള്‍

കാല്പനികവും

ആഹ്ലാദങ്ങള്‍

ജീവജലവുമാ-

കുന്നൊരു കണക്കെടുപ്പ് 


​വികാരത്തിരകളിറങ്ങിയിറങ്ങി

കടലോളം പോന്ന

മനസ്സിപ്പോഴൊരു

കുഞ്ഞുവട്ടം 

എന്റെ

ആകാശവും ഭൂമിയും

മനുഷ്യരും

ശബ്ദരൂപങ്ങളും

ഞാനും

ഒരു വട്ടക്കാഴ്ചയോളം 

കണ്ടതത്രേയുള്ളൂ

കേട്ടതും കൊണ്ടതു-

മത്രയേയുള്ളൂ 

​പരത്തിയാലും

നീട്ടിയാലും

വളരാത്ത വട്ടത്തോളം 

വട്ടം ചുരുങ്ങി

ബിന്ദുവാകുമ്പോള്‍

ഞാന്‍ ഞാനും

പിന്നെ ശൂന്യതയുമാകും

അനുഭവങ്ങള്‍, ഓര്‍മ്മകള്‍

 

FB post (11 May 2016)

Link to the post

2016 മെയ്‌ 7-നു ശനിയാഴ്ച വൈകുന്നേരം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിന്റെ മുന്‍വശത്തെ ഓപ്പണ്‍ സ്റ്റേജിലെ പുല്ലാംകുഴല്‍ നാദമധുരം അലിഞ്ഞിറങ്ങുന്ന സദസ്സിലേക്ക് നടന്നു ചെല്ലുമ്പോള്‍ പരിചയമുള്ള ഒരു മുഖം എന്റെ പ്രതീക്ഷയായിരുന്നു. വി.ജി.തമ്പിയും , ഷൌക്കത്തും വാക്കുകളിലൂടെ നിത്യചൈതന്യയതിയെ വരച്ചിടുമ്പോള്‍ നിത്യ എന്ന ആ വൃദ്ധനായ സ്നേഹിതന്‍ മാത്രമാവും എന്നെ തിരിച്ചറിയുന്ന ഒരേ ഒരാള്‍ എന്ന് വളരെ വേഗത്തില്‍ കൌതുകത്തോടെ നോക്കിക്കാണുകയായിരുന്നു ഞാന്‍.

ഈ കൂട്ടായ്മയില്‍ സന്നിഹിതയായിരുന്ന കഥാകാരി അഷിത എന്നെ ഓര്‍ക്കാന്‍ സാധ്യതയില്ല ,. ഇരുപത്-ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അഷിതയുടെ തറവാട്ടുമുറ്റത്തെ കറ്റ മെതിക്കലിന്റെ ബഹളങ്ങളിലൂടെ ഗുരുവിന്റെ കൂടെ കയറി ചെന്ന അകത്തെ വിശാലമായ മുറി, “അറിയുന്നവരുടെയെല്ലാം കല്യാണം കഴിഞ്ഞു പോയാല്‍ എന്നെ കല്യാണം കഴിക്കാന്‍ ആരുണ്ടാവും” എന്ന ഉമയുടെ (അഷിതയുടെ മകള്‍) ചിണുങ്ങലില്‍ ആര്‍ത്തു ചിരിച്ചത്….  എനിക്കെല്ലാം തെളിഞ്ഞ ഓര്‍മ്മകളാണ്

സൌഹൃദസദസ്സില്‍ നിന്ന് പെട്ടെന്ന് എന്റെ പ്രിയ കഥാകാരി എണീറ്റ്‌ പോകാന്‍ തുടങ്ങുന്നേരം പരിചയം പറഞ്ഞു അടുത്ത് ചെന്നപ്പോള്‍ ചേര്‍ത്തുപിടിച്ച കയ്യിനു, “ഈ മോളുടെ കയ്യിലൊന്നു നുള്ളിയേക്കണം, മൌഡ്യം തീര്‍ന്നു എഴുതാന്‍ തുടങ്ങട്ടെ” എന്ന്, അന്ന് ഗുരു പറഞ്ഞപ്പോള്‍ നുള്ള് തന്ന കൈ വിരലുകളിലൂടെ അറിഞ്ഞ അതേ ചൂടും അടുപ്പവും എന്ന് ഞാന്‍ പറയാതെ പറഞ്ഞു.

പ്രകാശനം ചെയ്ത “എഴുത്ത്” മാസികയില്‍ കവിതാ ബാലകൃഷ്ണന്‍ ഓര്‍മ്മകള്‍ പങ്കു വച്ച ലേഖനത്തില്‍ ഇരിഞ്ഞാലക്കുട നടനകൈരളിയില്‍ കൂടിയാട്ടശിബിരം ഉദ്ഘാടനം ചെയ്യാന്‍ വന്ന ഗുരുവിനെ ആദ്യമായി പരിചയപ്പെട്ട കഥ എഴുതിയിരുന്നു. അന്ന് അവിടെ നിന്ന് കവിത നേരിട്ട് വന്നത് എന്റെ ഇല്ലത്തേക്കായിരുന്നു. പ്രിയ സ്നേഹിതനെ കാണാന്‍ പോകാന്‍ പറ്റാത്തതിന്റെ നിരാശയിലായിരുന്ന എന്നോട് ഗുരു വരുന്നുണ്ട് ഇല്ലത്തേക്ക് എന്ന് പറയാന്‍. ഉച്ചവെയിലാറും മുന്‍പേ ഗുരു കയറി വന്നു അന്ന്, സുരേഷ് ബാബു എന്ന ഒരു എലുമ്പന്‍ കോട്ടയംകാരന്റെ കൂടെ; പ്ലാസ്റ്റിക് വയര്‍ കൊണ്ട് മെടഞ്ഞ വട്ടക്കസേരകളില്‍ ഒരു മണിക്കൂറോളം ചോദിച്ചും പറഞ്ഞും ഞങ്ങള്‍ ഇരുന്നു,

കവിതയുണ്ടായിരുന്നെങ്കില്‍ ഒന്ന് വെറുതെ ചോദിക്കാമായിരുന്നു എന്തേ അതൊന്നുമെഴുതാഞ്ഞത് എന്ന്. (എഴുത്തുകള്‍ തീരെ എഴുതാതിരുന്ന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗുരു അന്വേഷിച്ചു വന്നതായിരുന്നു എന്റെ വീട്ടിലേക്ക്. ഞാനെന്നെ ഏറ്റവും കൂടുതല്‍ സ്നേഹിച്ച നിമിഷങ്ങള്‍ ആയിരുന്നു അവ) 

നേരം വൈകുന്നു എന്നോര്‍ത്ത് കൂട്ടായ്മ പിരിയും വരെ നില്‍ക്കാനാകാതെ മകള്‍ പാര്‍വതിയും ഞാനും കൂടി എഴുന്നേറ്റു നടക്കുമ്പോഴാണ് ആ ചെറിയ സദസ്സിനു പുറത്തു സാഹിത്യ അക്കാദമി അങ്കണം ശബ്ദായമാനമായിരുന്നു എന്നറിയുന്നത്. അതോ ശബ്ദഘോഷങ്ങളെ മാറ്റി നിര്‍ത്തിയത് ഉള്ളിലെ എന്റെ പ്രിയ വൃദ്ധനായ സ്നേഹിതന്റെ നിത്യസാന്നിധ്യമോ?

Tuesday, 16 June 2026

ഞാനും നീയും

 

FB Post

Link to the post




നിന്റെ നാലതിര്‍ത്തികള്‍ക്കുള്ളില്‍

ഞാനുണ്ടായിട്ടും

നീയെന്നെ കാണാതിരിക്കുമ്പോഴാണ്

എന്റെയുള്ളില്‍

അഗ്നിപര്‍വതമൌനങ്ങള്‍

രൂപം കൊള്ളുക

പുറത്ത്,

ആകാശച്ചെരുവിലേക്ക്

സങ്കടങ്ങളെ വലിച്ചെറിഞ്ഞിട്ടുണ്ട് ഞാന്‍

കറുത്തിരുണ്ട്, വീര്‍പ്പുമുട്ടി

എല്ലാം പെയ്തു തീരട്ടെ

എന്നിട്ടും ചിലപ്പോഴൊക്കെ

കാറ്റെന്നെ പറ്റിക്കുന്നുണ്ട്

പെയ്തിറങ്ങുന്ന മഴയെ കുറിച്ച്

കേള്‍ക്കാന്‍ നീയില്ലെങ്കില്‍

പിന്നെ മഴയെന്തിനെന്ന്

സങ്കടമേഘങ്ങളെ വകഞ്ഞു മാറ്റി

ഒരു ചോദ്യം എന്നിലുണര്‍ത്തുന്നുണ്ട്

പാടാന്‍,

ഒരു പ്രണയകഥയുമില്ലെനിയ്ക്ക്

എങ്കിലും കേള്‍ക്കാന്‍

നീയടുത്തുണ്ടെന്ന അഹങ്കാരത്തില്‍ 

എനിക്കെന്നെ സ്നേഹിക്കാനാണ്