Friday, 14 December 2007

പഠിക്കേണ്ടുന്ന പാഠം



പണിതിരക്കുകള്‍ക്കിടയില്‍ സമയം കൊഴിഞ്ഞൊടുങ്ങുമ്പോള്‍,
     എനിക്കൊരു അടിമപ്പെണ്ണിന്റെ ഭാവം ?!!!
കാരണം, നീണ്ടു വരുന്ന മുഖങ്ങളില്‍ സഹായമായെന്ന സ്നേഹഭാവമില്ല 

കനക്കുന്ന ചര്‍ച്ചകളുടെ വൃഥാ വ്യായാമങ്ങള്‍ക്കിടയില്‍ 
     എരിവേറിയ വാചകങ്ങള്‍ വിളമ്പി വിഡ്ഢിയാവുന്നു ഞാന്‍ 
കാരണം, ഒടുവില്‍ തളര്‍ച്ചയുടെ നിശ്വാസങ്ങള്‍ക്കുമൊടുവില്‍ 
      വിഡ്ഢിയെന്ന ഭാവമേ ചാര്‍ത്തി തന്നുള്ളൂ. 

ആഘോഷങ്ങളുടെ അലകളില്‍ പെട്ട് ഒറ്റപ്പെട്ട തുരുത്തിലെത്തിയാല്‍ 
     സഹതാപത്തിന്റെ ആശ്വസപച്ചപ്പു പോലുമില്ല കൂട്ട് 
കാരണം ഒറ്റപ്പെടുന്നത് നിന്റെ കുറ്റമെന്ന് ജനം. 

ചുറ്റുമുള്ള പരിചിതഭാവങ്ങളില്‍ പ്രിയ സ്നേഹിതന്‍ വേറിട്ട്‌ നിന്ന് 
   നരച്ച താടി തടവി ചോദിക്കുന്നു 
" നീയെന്തു കൊണ്ട് നിന്നില്‍ നിന്ന് രക്ഷപ്പെടുന്നില്ല.......?"

ഞാന്‍ സംശയിക്കട്ടെ
 ലോകം കാണേണ്ടത് ഞാന്‍ എന്നിലൂടെയല്ലേ
                          
                    ( ഡിസംബര്‍ 2007)

Wednesday, 10 August 2005

പച്ചയും മഞ്ഞയും


ഈ പെന്‍സിലിന്റെ മഞ്ഞ എന്നെ 
         അനിയനടുത്തെക്ക് എത്തിക്കുന്നു.
കട്ടിക്കണ്ണടയിലൂടെ  ലോകം ഗൌരവത്തില്‍ നോക്കിയിട്ട് 
കുട്ടിത്തം ഇല്ലാതായ എന്റെ അനിയന്‍
മഞ്ഞ മരണത്തിന്റെ നിറമാണെന്ന് പറഞ്ഞു ചിരിച്ച അനിയന്
എന്റെ കൂട്ടു സ്നേഹത്തിന്റെ പച്ച കോരിക്കുടിച്ച
                                     സ്വപ്നങ്ങളാണെന്നു  പറഞ്ഞപ്പോള്‍
  പച്ചയും മഞ്ഞയില്‍ നിന്നുടലെടുത്തത്  
                                 എന്നെന്നെ കളിയാക്കിയ അനിയന്‍
എന്റെ പച്ച പടര്‍ന്നൊലിച്ചു മഞ്ഞയില്‍ ചേരുമ്പോള്‍ 
                                                         അനിയനെവിടെ?
അനിയന്റെ മഞ്ഞ പച്ചയില്‍ കലര്‍ന്നോ? 
                                                                      ( ഓഗസ്റ്റ്‌ 10 2005 ) 

Thursday, 3 September 1992

മടുപ്പ്

   മടുപ്പ്,
              ചിലന്തിവല പോലെ മനസ്സിനെ മൂടുന്നു
               സ്വപ്നങ്ങളില്‍ കറുപ്പ് പടര്‍ത്തുന്നു
         ഞാന്‍,
              ചലനമില്ലാത്ത കാലത്തിന്റെ പിടിയിലാണോ എന്നു ഭയക്കുന്നു
              ചുറ്റും വീഴുന്ന വാക്കുകള്‍ക്കെല്ലാം ആവര്‍ത്തനവിരസത
             പഴകിപ്പതിഞ്ഞ സ്വപ്നങ്ങളുടെ കലര്‍പ്പ്
        പക്ഷെ
             അവരെല്ലാം നേടുന്നുണ്ട്
             മടുപ്പില്‍ ചിതല്‍പ്പുറ്റില്‍ ഞാനെന്തു തേടുകയാണു?
              എന്തു നേടുകയാണു?
            ശൂന്യത,നിശ്ചലമായ കാലത്തിന്റെ വിഴുപ്പ്  
                                              
                                           

                                                                                       (Thursday, 3 September 1992)