Friday, 26 February 2010

ഇന്നെന്റെ ഭയം

പ്രമോദ്.ആര്‍- ന്‍റെ “ ഛേദാംശജീവിതം” എന്നെ ഭയപ്പെടുത്തുന്നു.  
 (മാതൃഭൂമി- ഫെബ്രു 21) അസ്തിത്വമില്ലാതാവുന്ന പോലെ. ഭയത്തിന്റെ ആകാശത്തില്‍ പഞ്ഞിക്കെട്ട് പോലെ പാറി.......നേഹചന്ദ്രന്‍, മഞ്ജുമേനോന്‍......... ഇത്രമേല്‍ വിലയില്ലാത്തതോ സ്വന്തം അസ്തിത്വവും വ്യക്തിത്വവും പുതിയ തലമുറക്ക്? ഉടുപ്പു മാറും പോലെ മാറിത്തുടങ്ങുമോ ശരീരങ്ങളും പിന്നീട് തിരിച്ചറിവിന്റെ, വേദനയുടെ നിരാശയുടെ താഴ്വരകളിലെക്കു അലിഞ്ഞിറങ്ങി അപ്രത്യക്ഷമാവുമോ

                                                     (26 ഫെബ്രുവരി 2010)



Thursday, 21 January 2010

ഹിമാലയം

ഇന്നു വലിച്ചു നിര്‍ത്തിയ കമ്പി പോലെ കമ്പനം ചെയ്യാന്‍ തുടങ്ങിയിരുന്നു മനസ്സ്....അനില്‍ എന്ന സുഹൃത്തിന്റെ വാക്കുകളിലൂടെ. 

എം.കെ.രാമചന്ദ്രന്റെ സുഹൃത്ത് എ ന്നു അവകാശപ്പെടുന്ന അനില്‍ തന്റെ ഹിമാലയന്‍ യാത്ര വിവരിക്കയായി രുന്നു. ആ വാക്കുകള്‍ ക്കൊപ്പം ഹിമാ ലയത്തിലേക്കു നടന്നു കയറുകയായി രുന്നു ഞാന്‍. കൈകള്‍ മരവിച്ചു പോ കുന്നതും കൈവിരലുകള്‍കീ ബോര്‍ ഡിലെ അക്ഷരങ്ങളെ തൊടാന്‍ സമ്മ തിക്കാതെ വിറകൊള്ളുന്നതും ഞാന്‍
അറിഞ്ഞിരുന്നു.ഹിമാലയം ഒരു മാ യികമോഹമാണ്എന്ന അറിവ് കൂടി യായിരുന്നു എനിക്കത്.

ഹിമാലയം. മരണത്തിന്റെ തണുപ്പ് പേറുന്ന നഗാധിരാജന്‍.നമ്മുടെ ജീവി തം തന്നെയാണ് കടന്നുപോകുന്ന  ഓ രോ നിമിഷത്തിലും മരണം കൂടെയു ണ്ടെന്നു ഓര്‍മ്മിപ്പിക്കുന്ന ഓരോ ഹി മാലയന്‍ യാത്രയും. ദൃശ്യവിസ്മയ ങ്ങള്‍ ഒരുക്കിത്തരുന്ന പ്രകൃതി,ഭയാ നകമായ അട്ടഹാസത്തോടെ  പത ഞ്ഞൊഴുകുന്ന കാളിന്ദി, ഉറച്ച വിശ്വാ സങ്ങളെ കബളിപ്പിച്ചു കൊണ്ട് തെന്നി 
മാറുന്ന മഞ്ഞിന്‍ പാളികള്‍ താങ്ങി നിര്‍ത്താന്‍ താങ്ങാവാന്‍ എപ്പോഴും കൂടെയുള്ളത് വഴികാട്ടികളും കോവര്‍കഴുതകളും പിന്നെ വിശ്വാസത്തിന്റെ ഊന്നുവടികളും....നീ ചേര്‍ത്തുപിടിക്കുന്നതൊന്നും നിന്റേതല്ല എന്നു പറയുന്ന എത്രയെത്ര വഴിത്തിരിവുകള്‍!!!! !!!!
'വിശ്വാസത്തിന്റെ ഊന്നുവടികള്‍"', ഞാന്‍ ക്ലാസ്സില്‍ പറയാറുള്ളതോര്‍ത്തു
ഓരോ മതവും ജീവിതയാത്രയില്‍ ഒരു താങ്ങ് മാത്രമാണ്, ഒരു കൈത്താങ്ങ്. ദുര്‍ബലര്‍ക്ക് നിത്യാശ്രയം
ഇത് ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും മനസ്സിന്റെ ഓരോ കണികയും അഹങ്കാരത്തിന്റെ പിടിയിലാവുമായിരുന്നു.ചിരിയിലും വാക്കുകളിലും പരിഹാസം നിറയും-“ നിങ്ങളെന്തൊരു വിഡ്ഡികള്‍

എം.കെ.രാമചന്ദ്രന്റെ, അനിലിന്റെ വാക്കുകളിലൂടെ ഹിമാലയം കണ്മു ന്നില്‍ തെളിയുമ്പോള്‍ ഞാനറിയുന്നു ഊന്നുവടികളില്ലാത്ത യാത്ര ദുര്‍ഘടം എന്ന്. കാലിന്നടിയിലെ മഞ്ഞിന്‍ പാ ളികള്‍ തെന്നിമാറുമ്പോള്‍, മഞ്ഞു പോ ലെ മിനുത്തു പോയ പാറകളില്‍ കാല്‍ വഴുതുമ്പോള്‍, മരണം പേറുന്ന ഹിമ ക്കാറ്റിനു മുന്നില്‍ പകച്ചു നില്ക്കു മ്പോള്‍,മുന്നിലെ  നടവഴികളില്‍ മല യിടിഞ്ഞ് വീഴുമ്പോള്‍, ഈ കൈത്താ ങ്ങുകളല്ലാതെ മറ്റെന്താശ്രയം? !
അനിലിന്റെ വാക്കുകള്‍ക്കു മുന്നിലിരിക്കുമ്പോള്‍ മരണത്തിന്റെ മണം വന്നി രുന്നെനിക്ക്. കൈകാലുകളിലൂടെ മരണതിന്റെ തണുപ്പ് അരിച്ചു കയറും പോ ലെ. എനിക്കു പിന്നില്‍ മരണത്തിന്റെ നിഴല്‍ കഴിഞ്ഞ ഏതോ ഒരു ദിവസത്തെ പ്പോലെ അതെന്നെ ഭയപ്പെടുത്തുന്നില്ലായിരുന്നു. ഞാന്‍ നിന്റെ കൂടെ എപ്പോഴു മുണ്ട് എന്ന് ചിരിച്ചു കൊണ്ട് ഓര്‍മ്മിപ്പിക്കയായിരുന്നു
കഴിഞ്ഞ ഏതു ദിവസമാണ് ഒരു വല്ലാത്ത മണം ഈ വീടിനുള്ളില്‍നിറഞ്ഞത്? കുഞ്ഞേട്ടന്‍ പറഞ്ഞു അത് ഒരു മനുഷ്യശരീരം കത്തുന്ന മണമാണെന്ന്. എത്ര പെട്ടെന്നാണ് ശക്തമായ തലവേദനയില്‍ നെറ്റി ചുട്ടുപൊള്ളാന്‍ തുടങ്ങിയത്??!! എത്രമാത്രം ഭയപ്പെട്ടിരുന്നു അന്ന്!!!
ആരോഗ്യനികേതനം തുറന്ന് ആ പിംഗളകേശിനിയെക്കുറിച്ചുള്ള ആ അധ്യായം വീണ്ടും വായിച്ചുനോക്കിയത് അന്നാണ്. അന്ധയും ബധിരയുമായ മൃത്യുദേവ ത, പിംഗളകേശിനി, പിംഗളനേത്രിണി, പിംഗളവര്‍ണ. ജീവിതത്തിനിടയില്‍ മര ണത്തെ തിരിച്ചറിയാന്‍ കഴിവു നേടിയ ജീവന്‍മശായ്.......
ഇവിടെ സുധയില്ലാതാവുന്നു                            

                                                                     (21 ജനുവരി 2010)




                  

Wednesday, 6 January 2010

ഒരു പ്രസംഗം

എന്റെ മകള്‍ പാര്‍വതിക്ക് വേണ്ടി തയ്യാറാക്കിയ ഒരു പ്രസംഗം  

" മാന്യ സദസ്സിനു  വന്ദനം
നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നത് മാതൃസ്നേഹത്തെ കുറിച്ച് പറയാനാണ്. പറയേണ്ടവ, തെരഞ്ഞെടുത്ത കവിതകളിലെ വരികളിലൂടെയും , കഥാ സന്ദര്‍ഭങ്ങളിലൂടെയും പറയാന്‍ ശ്രമിക്കയാണ് ഞാന്‍ 
മാതൃസ്നേഹത്തെ കുറിച്ച് പറയുമ്പോള്‍ താരാട്ടില്‍ നിന്നു തുടങ്ങണം . അമ്മിഞ്ഞപ്പാല്‍ പോലെ മധുരമായ ഉറക്കുപാട്ട് .ചതുരംഗ കളിയില്‍ തോല്‍ക്കാന്‍  തുടങ്ങുന്ന  രാജാവിനുള്ള സന്ദേശവുമായി അകത്തു നിന്നു ഉയര്‍ന്ന,  തൊട്ടിലില്‍ കിടക്കുന്ന  കുട്ടിയെ ഉറക്കുന്ന രാജ്ഞിയുടെ ആ താരാട്ടിന്റെ ഈണം അല്ലെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥക്ക് പ്രചോദനം? കേട്ടിട്ടില്ലേ ആ താരാട്ടു? അമ്മയുടെ സ്നേഹവും രാജ്ഞിയുടെ കരുതലും സമന്വയിച്ച ആ താരാട്ട്? " ഉന്തുംന്തും................." താരാട്ടിലൂടെ  കുട്ടിയില്‍ എത്തുന്നത്‌  അമ്മയുടെ സ്നേഹം തന്നെ ആണ് 

ഏറെ പ്രസിദ്ധമായ ഇരയിമ്മന്‍ തമ്പിയുടെ "ഓമനത്തിങ്കള്‍ കിടാവോ..."എന്ന ഉറക്ക് പാട്ടായിരിക്കില്ലേ, സ്വാതി തിരുനാളിലെ കലാനൈപുണ്യം ഉണര്‍ത്തിയത്?
" ഇതിലും വലിയതാണെന്റെ പൊന്നോമന , അതിനെ തരികെന്റെ പൂതമേ നീ " എന്ന് ആര്‍ത്ത് കരഞ്ഞു  സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌ കാഴ്ച വച്ച് പൂതത്തെയും തോല്പിച്ച മാതൃസ്നേഹത്തിന്റെ  കഥയാണ് ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ നമുക്ക് പറഞ്ഞു തരുന്നത്. ആ പൊട്ടപൂതത്തിലും ഉണര്‍ന്ന ഒരു അമ്മമനസ്സല്ലേ  ഉണ്ണിയെ തിരികെ കൊടുത്തത്

ഈരേഴു  പതിന്നാലു ലോകത്തിനും അധിപനായ കൃഷ്ണനെ ഉരലില്‍ ബന്ധിതനായ കുട്ടിയാക്കിയ  യശോദ എന്ന അമ്മയുടെ  സ്നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക?

" മാമ്പഴം പെറുക്കാന്‍ ഞാന്‍ വരുന്നീല " എന്ന് പറഞ്ഞു പിണങ്ങി എന്നന്നേക്കുമായി ഓടിയകന്ന ഓമനമകനെ ഓര്‍ത്തു തേങ്ങല്‍ അടങ്ങാത്ത വൈലോപ്പിള്ളിയുടെ "മാമ്പഴം" എന്ന കവിതയിലെ ആ അമ്മയെ ആര്‍ക്കു മറക്കാനാകും?   

അമ്മയുടെ സ്നേഹത്തിലൂടെ കുട്ടിക്ക് പകര്‍ന്നു  കിട്ടുന്നത് ജീവിതത്തിലെ എത്ര വലിയ പാഠങ്ങള്‍ ആണ്...!!!

" കണ്ണ് വേണം ഇരുവശമെപ്പോഴും
കണ്ണ് വേണം മുകളിലും താഴെയും 
കണ്ണിലെപ്പോഴും കത്തി ജ്വലിക്കുന്ന 
ഉള്‍-കണ്ണ് വേണം അണയാത്ത കണ്ണ് "

എന്ന കടമ്മനിട്ട കവിതയിലെ തള്ളക്കോഴി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കു ന്നത് മുന്നോട്ടുള്ള വഴികളില്‍ എപ്പൊഴും തുറന്നു പിടിക്കേണ്ടുന്ന ഉള്‍ക്കണ്ണിനെ കുറിച്ചാണ് 

ജീവിതത്തിലെ ഓരോ ഘട്ടത്തിലും തണലും തുണയുമേകുന്നത് അമ്മയാണ് . നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ പഠിപ്പിക്കുന്നതും അമ്മ തന്നെ . മഹാഭാരതത്തില്‍  കുന്തി എന്ന അമ്മയുടെ സ്നേഹമാണ് പഞ്ചപാണ്ഡവരെ കൂട്ടി നിര്‍ത്തിയ ശക്തി. അന്ധനായ ഭര്‍ത്താവിനൊപ്പം ഗാന്ധാരി അന്ധത സ്വയം വരിച്ചപ്പോള്‍ വഴി പിഴച്ചത് മക്കള്‍ നൂറ്റവര്‍ക്കുമല്ലെ

ബന്ധങ്ങള്‍ ശാശ്വതമല്ലാതാവുന്ന   ഈ പുതിയ ലോകത്ത് ,എന്റെ മക്കള്‍ തെറ്റുകാര്‍ എന്ന് മനസ്സ് നൊന്തു പറയുന്ന അമ്മമാരുടെ ലോകത്ത്,  "പടി പാതി ചാരി കരള്‍ പാതി ചാരി തിരിച്ചുപോയ്ക്കൊള്‍ക" എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസിദ്ധമായ 'യാത്രാമൊഴി എന്ന കവിതയിലെ വരികള്‍ അന്വര്‍ഥം ആക്കുന്ന മക്കളുടെ ഈ ലോകത്ത്, അമ്മമാര്‍ക്ക് വേണ്ടി വൃദ്ധ-മന്ദിരങ്ങള്‍ ഉയരുന്ന ഈ ലോകത്ത് എല്ലാവരും ഓര്‍ക്കേണ്ടുന്ന ഒരു നാലു വരി ശ്ലോകം ചൊല്ലി അവസാനിപ്പിക്കട്ടെ  ഞാന്‍‍ 

" നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാല, മേറും ചടപ്പും
 പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
 നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
 തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍""

                     ( 06 ജനുവരി 2010)



                                      

Thursday, 10 September 2009

കൃഷ്ണാ..( രണ്ടു കുറും കവിതകള്‍ )

ആലിന്നിലയാകില്‍,എന്‍ ഹൃദയമേറ്റുന്ന കണ്ണന്നു ശയ്യയായീടാം
പീലിയെന്നാകിലോ,അവന്‍ തന്‍ കൂന്തലിന്‍ ഭംഗിയേറ്റിടാം
പൂവാകില്‍,ഹാ!! നിത്യപ്രണയിതന്‍ നെഞ്ചോടൊട്ടിടാം
തൃപ്പാദങ്ങളില്‍ പ്രാര്‍ത്ഥനകളേറ്റുന്ന ചുംബനങ്ങളായീടാം

                                   07/07/09          

ഞാനിന്നാഴി, ഉള്‍ത്തിരകളാം ആത്മഹിതങ്ങള്‍ പതഞ്ഞുറഞ്ഞു തീര്‍ക്കും നറുനിലാപ്പാലാഴി
കാര്‍മുകിലെഴും കണ്ണനെന്‍ തോഴന്‍,അവന്‍ കനിവാര്‍ക്കും നീര്‍ത്തുള്ളികളെന്‍ പ്പൂമൊഴി
കരളുരുകിലും കാര്‍മുകില്‍ അകലുകിലും, കനിവാര്‍ന്നു നീ പെയ്തിറങ്ങിയെന്നാല്‍
കനവെഴും തിരകളാല്‍ സുസ്മിതം സഖേ, സഫലമെന്‍ ജീവിതപ്പാലാഴി
                             10/09/09        

Friday, 14 December 2007

പഠിക്കേണ്ടുന്ന പാഠം



പണിതിരക്കുകള്‍ക്കിടയില്‍ സമയം കൊഴിഞ്ഞൊടുങ്ങുമ്പോള്‍,
     എനിക്കൊരു അടിമപ്പെണ്ണിന്റെ ഭാവം ?!!!
കാരണം, നീണ്ടു വരുന്ന മുഖങ്ങളില്‍ സഹായമായെന്ന സ്നേഹഭാവമില്ല 

കനക്കുന്ന ചര്‍ച്ചകളുടെ വൃഥാ വ്യായാമങ്ങള്‍ക്കിടയില്‍ 
     എരിവേറിയ വാചകങ്ങള്‍ വിളമ്പി വിഡ്ഢിയാവുന്നു ഞാന്‍ 
കാരണം, ഒടുവില്‍ തളര്‍ച്ചയുടെ നിശ്വാസങ്ങള്‍ക്കുമൊടുവില്‍ 
      വിഡ്ഢിയെന്ന ഭാവമേ ചാര്‍ത്തി തന്നുള്ളൂ. 

ആഘോഷങ്ങളുടെ അലകളില്‍ പെട്ട് ഒറ്റപ്പെട്ട തുരുത്തിലെത്തിയാല്‍ 
     സഹതാപത്തിന്റെ ആശ്വസപച്ചപ്പു പോലുമില്ല കൂട്ട് 
കാരണം ഒറ്റപ്പെടുന്നത് നിന്റെ കുറ്റമെന്ന് ജനം. 

ചുറ്റുമുള്ള പരിചിതഭാവങ്ങളില്‍ പ്രിയ സ്നേഹിതന്‍ വേറിട്ട്‌ നിന്ന് 
   നരച്ച താടി തടവി ചോദിക്കുന്നു 
" നീയെന്തു കൊണ്ട് നിന്നില്‍ നിന്ന് രക്ഷപ്പെടുന്നില്ല.......?"

ഞാന്‍ സംശയിക്കട്ടെ
 ലോകം കാണേണ്ടത് ഞാന്‍ എന്നിലൂടെയല്ലേ
                          
                    ( ഡിസംബര്‍ 2007)

Wednesday, 10 August 2005

പച്ചയും മഞ്ഞയും


ഈ പെന്‍സിലിന്റെ മഞ്ഞ എന്നെ 
         അനിയനടുത്തെക്ക് എത്തിക്കുന്നു.
കട്ടിക്കണ്ണടയിലൂടെ  ലോകം ഗൌരവത്തില്‍ നോക്കിയിട്ട് 
കുട്ടിത്തം ഇല്ലാതായ എന്റെ അനിയന്‍
മഞ്ഞ മരണത്തിന്റെ നിറമാണെന്ന് പറഞ്ഞു ചിരിച്ച അനിയന്
എന്റെ കൂട്ടു സ്നേഹത്തിന്റെ പച്ച കോരിക്കുടിച്ച
                                     സ്വപ്നങ്ങളാണെന്നു  പറഞ്ഞപ്പോള്‍
  പച്ചയും മഞ്ഞയില്‍ നിന്നുടലെടുത്തത്  
                                 എന്നെന്നെ കളിയാക്കിയ അനിയന്‍
എന്റെ പച്ച പടര്‍ന്നൊലിച്ചു മഞ്ഞയില്‍ ചേരുമ്പോള്‍ 
                                                         അനിയനെവിടെ?
അനിയന്റെ മഞ്ഞ പച്ചയില്‍ കലര്‍ന്നോ? 
                                                                      ( ഓഗസ്റ്റ്‌ 10 2005 ) 

Thursday, 3 September 1992

മടുപ്പ്

   മടുപ്പ്,
              ചിലന്തിവല പോലെ മനസ്സിനെ മൂടുന്നു
               സ്വപ്നങ്ങളില്‍ കറുപ്പ് പടര്‍ത്തുന്നു
         ഞാന്‍,
              ചലനമില്ലാത്ത കാലത്തിന്റെ പിടിയിലാണോ എന്നു ഭയക്കുന്നു
              ചുറ്റും വീഴുന്ന വാക്കുകള്‍ക്കെല്ലാം ആവര്‍ത്തനവിരസത
             പഴകിപ്പതിഞ്ഞ സ്വപ്നങ്ങളുടെ കലര്‍പ്പ്
        പക്ഷെ
             അവരെല്ലാം നേടുന്നുണ്ട്
             മടുപ്പില്‍ ചിതല്‍പ്പുറ്റില്‍ ഞാനെന്തു തേടുകയാണു?
              എന്തു നേടുകയാണു?
            ശൂന്യത,നിശ്ചലമായ കാലത്തിന്റെ വിഴുപ്പ്  
                                              
                                           

                                                                                       (Thursday, 3 September 1992)