Monday, 20 February 2012

ഒരു യാത്ര പറച്ചില്‍


എന്റെ കുട്ടികളെ, 
എന്താണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്? ഇതുവരെ പറഞ്ഞതെല്ലാം ചേര്‍ ത്ത് ഒരു ഉപദേശംപറയാനുണ്ടായിരുന്നതെല്ലാം ഓര്‍ത്തെടുത്ത് വീണ്ടും ഒരു പ്രഭാഷണം? അതോ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയവയെല്ലാം കോര്‍ ത്തെടുത്തു ഒരു ഏറ്റു പറച്ചില്‍?  
എല്ലാം ഉണ്ടാവാം.നിങ്ങള്‍ എനിക്ക് മനസ്സില്‍ ഏറ്റി തന്ന രസച്ചരട് ഇവയെല്ലാം കോര്‍ത്തിണക്കിയവ തന്നെ.  
ഈ ഒരു വര്‍ഷത്തെ യാത്രയുടെ ഓര്‍മ്മക്കുറിപ്പ്‌ എഴുതുമ്പോള്‍ എങ്ങനെ ആണ് പറഞ്ഞു തുടങ്ങുക? എന്റെ സ്കൂള്‍ ദിവസങ്ങളിലെ ആരാവണം എന്ന ചോദ്യ ത്തിന് ഉത്തരമായി എഴുതിയ അദ്ധ്യാപിക എന്ന സങ്കല്‍പ്പത്തെ കുറിച്ച് പറ ഞ്ഞു കൊണ്ട്?  ചൂണ്ടു വിരലില്‍ ബാല്യത്തെ ചേര്‍ത്ത് പിടിച്ചു ഈ വലിയ ലോ കത്തിന്റെ അത്ഭുതങ്ങളിലേക്ക് നടത്തേണ്ടുന്നവള്‍... അവരില്‍ അറിവിന്റെ കൌതുകങ്ങള്‍ ഉണര്‍ത്തുന്നവള്‍ അറിവിന്റെ ലോകം മനസ്സില്‍ വിരിയിക്കുന്ന മഴവില്ല് അവരുടെ കണ്ണുകളില്‍ തെളിയുമ്പോള്‍ ഒരു പുഞ്ചിരി ചുണ്ടില്‍ ചേര്‍ ത്ത് വയ്ക്കുന്നവള്‍................... അങ്ങനെ സങ്കല്പങ്ങള്‍ ഏറെ ആയിരുന്നു. 

ഇന്ന്..!!! ഇന്ന് ഞാന്‍ എങ്ങനെ നിങ്ങളെ ചൂണ്ടുവിരലില്‍ കോര്‍ത്ത്‌ എന്റെ ഈ ചെറിയ ലോകത്തേക്ക് കൊണ്ടുപോകും?നിങ്ങള്‍ക്ക്‌ മുന്നില്‍ പുതിയ യന്ത്രയു ഗം അറിവിന്റെ  വാതായനങ്ങള്‍ അനന്തമായി തുറന്നിടുമ്പോള്‍ഞങ്ങള്‍ അറി യുന്നു കുട്ടികളെ,അറിവിന്‌ അധ്യാപികയുടെ രൂപമോ മുതിര്‍ന്നവരുടെ ഉപദേ ശത്തിന്റെ രൂപമോ പ്രസക്തമല്ല  നിങ്ങളുടെ ലോകത്തെന്നു. അത്‌ സൌഹൃദ ങ്ങളുടെ ലോകമാണ്.അതിലേക്കുള്ള ശീട്ട്"സ്നേഹം"മാത്രമാണ് എന്നും

നിങ്ങള്‍ എനിക്ക് മുന്നിലെ നല്ല ശ്രോതാക്കള്‍ ആയപ്പോഴെല്ലാം  ഒരു ലീഡര്‍ ആ യും,പഠിപ്പിക്കുന്നതിന്റെ മാസ്മരികതയില്‍ ചുറ്റും മറക്കുമ്പോള്‍ ഒരു ടീച്ചര്‍ ആയും,നിങ്ങളുടെ കൊച്ചുലോകത്തെ വര്‍ത്തമാനങ്ങള്‍ക്ക് ചെവിയോര്‍ത്തിരി ക്കുമ്പോള്‍  ഒരു നല്ല സുഹൃത്തായും, ചെറിയ ചെറിയ വേദനകളില്‍ നിങ്ങളുടെ മനസ്സ് തളരുമ്പോള്‍ ചേര്‍ത്ത്പിടിച്ചു ഒരു അമ്മയായും എന്നില്‍ നിന്നു അകന്നു പോകുമ്പോള്‍ വേദനിച്ചും എന്നേക്കാള്‍ മറ്റുള്ളവരോട് അടുക്കുമ്പോള്‍ ഒരല്‍ പം ദേഷ്യം തോന്നിയും വളരെ വളരെ ചലനമുള്ള മനസ്സുമായി ഞാന്‍ നിങ്ങള്‍ ക്കിടയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചിരുന്നു.ആസ്വദിച്ചിരുന്നു ഞാനെല്ലാം എങ്കിലും കൌതുകമേറുക  ഒരു കൈപ്പാടകലെ നിന്നു നിരീക്ഷിക്കുന്നതിലാണ്‌ എന്ന് പറ ഞ്ഞു തന്നതും എന്റെ കുട്ടികളെ നിങ്ങള്‍ തന്നെ ...

നിങ്ങളുടെ കുസൃതികള്‍ മൃദുലമായ മനസ്സ്, അസൂയ, പരദൂഷണം, ചെറിയ ചെ
റിയ തീപ്പൊരികള്‍,വന്യത,സൌഹൃദങ്ങളുടെ ഭംഗി,ചെറിയ പരാതികള്‍,സങ്ക ടങ്ങള്‍,ഒറ്റപ്പെടല്‍,വാദപ്രതിവാദങ്ങള്‍., മനോഹരമായിരുന്നു മറകളില്ലാത്ത നി ങ്ങളുടെ ലോകം. ഇതുതന്നെ ആണ് ശരിയായ ക്ലാസ്സ്‌ റൂം 

തുറന്ന മനസ്സോടെ ഈ എല്ലാ ഭാവങ്ങളോടും പുഞ്ചിരിച്ചു നില്‍ക്കുക പ്രയാസം തന്നെ.ഒരു പക്ഷെ നിങ്ങള്‍ മനസ്സിലാക്കി തന്ന വലിയ പാഠവും അതായിരിക്കും "ആ പുഞ്ചിരി  തന്നെയാണ് ശരിയായ സ്നേഹം"എന്ന്.അങ്ങനെ ഞാനൊരു പഠിതാവുമായി........ 


(20 ഫെബ്രുവരി 2012 ) 







                                                                             

Tuesday, 22 November 2011

മനസ്സിന്റെ വിലാപം



" നടന്നു പോകുന്നത് എന്റെ മകളാണ്
        തല കുലുക്കി ചിരിച്ചവള്‍ എന്നോട് പറഞ്ഞു 
                " നിങ്ങളൊരു നല്ല സ്ത്രീയാണ്"
മനസ്സില്‍ നിന്നുരുകി വീണത്‌ മറുചോദ്യമാണ്.
          " നല്ല അമ്മയല്ല???"
ഉത്തരം പറയാതെ ചിരി മായ്ക്കാതെ അവള്‍
       മറുവാതിലിനു അപ്പുറത്തേയ്ക്ക് മറഞ്ഞു പോയി.
ഉത്തരമില്ലാത്ത ചോദ്യം ഉള്ളില്‍ പ്രതിധ്വനികളായി
      സങ്കടക്കടലിന്റെ  അലകളായി... 
അപ്പോഴും ഓടക്കുഴലേന്തിയവന്  ചിരി !!!!
ചിരിയില്‍ അവന്‍ ചോദ്യമെറിഞ്ഞു
 " സ്വപ്നം കാത്തവളെ... മഴവില്ലാക്കിയവളെ..
    സ്വപ്നത്തെ  തൃഷ്ണയാക്കിയതെന്തിനു  ? "
തൃഷ്ണയുടെ കൊടും ചൂടില്‍ ഊഷരമായോ  മനസ്സ്?
മഴ പെയ്യാത്തത്  മരുഭൂമിയായത് കൊണ്ട് എന്ന് പഴി പറഞ്ഞോ
 കണ്ണുകള്‍ അവനില്‍...... നന്ദ നന്ദനില്‍  ... 
" തൃഷ്ണയും സ്വപ്നവും നിന്റേതു...
   പിന്നെയും എനിക്കെന്തിനു പഴി?"
 പിണങ്ങിപ്പോയിരുന്നു ഞാന്‍  
ഉത്തരം ഓടക്കുഴല്‍ നാദമായി. " അറിവിനെ അറിയൂ"
  കടലലകള്‍ വാക്കുകളായി 
"എല്ലാം  അറിവായാല്‍  പിന്നെ ഞാനെന്തിന്  ? ഈ ഭുവനമെന്തിന്?
           നീയെന്തിന്? "

                                                        (22 നവംബര്‍ 2011)




                                          

Tuesday, 8 March 2011

സിറ്റിവില്ല എന്ന ഓണ്‍ ലൈന്‍ കളിയുടെ മന:ശാസ്ത്രം

സ്കൂളിലെ വര്‍ക്ക്‌  ഒരു മല പോലെ തലയ്ക്കു മുകളില്‍ . അതെന്റെ മുക്കാല്‍ ഭാഗം ശക്തിയും ചോര്‍ത്തി എടുക്കുന്നു. ആശ്വാസം സുഹൃത്തുക്ക ളാണ്. അതിന്റെ പട്ടികയിലേക്ക് എന്റെ cityville  കളിയും 


  










cityville  എന്റെ ആത്മ സുഹൃത്താണ്‌   ഇപ്പോള്‍.  അതു ഒരു മനുഷ്യാകാരം പൂണ്ടിരിക്കുന്നു. ഉള്ളിലെ സമ്മര്‍ദം എന്റെ രക്തക്കുഴലുകളെ വിടര്‍ത്തു കയോ ചുരുക്കുകയോ ചെയ്യുമ്പോള്‍, തളര്‍ന്നു പോകുന്ന കോശങ്ങള്‍ വേദനയായി ശരീരം മുഴുവന്‍ വ്യാപിക്കുന്നെന്നു തോന്നും എനിക്ക്. കമ്പ്യുട്ടറിനു മുന്നില്‍ എന്റെ ആത്മ സുഹൃത്തിനോടൊത്ത് കളിച്ചിരിക്കു മ്പോള്‍, അവന്‍ എന്നെ കൊണ്ടു പോകും, Maja Malinovic- ന്റെ city-യിലേക്ക് ഒരു നഗരം പണിതുയര്‍ത്തുന്നതിന്റെ കല കാണിച്ചു തരും. ജനസംഖ്യ ആവശ്യത്തിനു മാത്രം.ധാരാളം പച്ചപ്പ്‌ ..ഒരു ചിത്രകാരന്റെ കരവിരുത് പോലെ ഭംഗിയാര്‍ന്ന നഗരം.ഇനി Danny De Ros -ന്റെ നഗരം?  അത്യത്ഭുതം!! എന്റെ കമ്പ്യുട്ടര്‍ ആ നഗരത്തെ മുഴുവന്‍ എനിക്ക് വെളിവാക്കിത്തരില്ല എന്റെ കണ്ണ് പറ്റിയാലോ എന്ന് പേടിച്ച്. കൃഷിയിടങ്ങളെപോലും അവര്‍ അലങ്കാരങ്ങള്‍ ആക്കിയിരിക്കുന്നു. അസൂയ കൊണ്ടോ അത്ഭുതം കൊണ്ടോ എന്റെ നെഞ്ച് വിങ്ങും.katja,Lee Fisher,Tim അങ്ങനെ എത്ര പേരാണ് കലാവിരുത് കൈമുതലായുള്ളവര്‍!!!!!!!  !

എന്റെ ആത്മസുഹൃത്ത്‌ പിന്നെയും തുടരും. നോക്കൂ നിന്റെ സിറ്റി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ എവിടെയാണ് സ്ഥിരം തങ്ങുന്നത് എന്ന് !! Katja ക്കിഷ്ടം ആ പഗോടയും അതിനു ചുറ്റുമുള്ള സ്ഥാപനങ്ങളുമാണ് നടാഷക്ക്  നിരത്തി വച്ച വീടുകള്‍ അജേഷിനു bay duplex, Ela-ക്ക് ആ സിനിമ തിയേറ്ററും ചുറ്റും. Tim.. Mercedes. സ്ഥിരം കൃഷിയിടങ്ങള്‍ അല്ലെങ്കില്‍ കപ്പലുകള്‍ തേടി പോകും. എനിക്കെല്ലാവരെയും അറിയാം. അവരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്ന സങ്കല്പങ്ങളാണ് ഇപ്പോള്‍ ഏറ്റവും വലിയ വിനോദം. എല്ലാവരുടെയും  ആശയങ്ങള്‍ കടം വാങ്ങി നഗരത്തെ അണിയിച്ചൊരുക്കാന്‍  പറയുന്നു എന്റെ ഈ സിറ്റിവില്ല സുഹൃത്ത്‌.

ഈ നഗരത്തിലെ പണി കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും. മനസ്സ് ആര്‍ദ്രവും ശുദ്ധവും  ഈ ഭ്രാന്തിനോട് പ്രണയത്തിലാണ് ഇപ്പോള്‍ ഞാന്‍

                               (08 മാര്‍ച്ച്‌ 2011)






                          

Tuesday, 15 February 2011

ഇന്നെന്റെ ആഹ്ലാദം

ഇന്ന് സ്കൂളില്‍ നിന്നെനിക്കൊരു നിലാവിന്‍ തുണ്ടു കിട്ടി. അതിന്റെ നനുത്ത

വെളിച്ചം ഒഴുകിപ്പരക്കുന്നത് ഒരു ജന്മത്തേക്കുമാണല്ലോ !!!


                                                           (15 ഫെബ്രുവരി 2011)






                                                           

Thursday, 10 February 2011

മനസ്സിന്റെ ശബ്ദം

തണുപ്പുകാലം വിട പറയുന്നതിന്റെ  സങ്കടത്തിലോ എന്തോ ഒരു തരം തീക്ഷ്ണമായ ഈര്‍പ്പവും പേറി കാറ്റ് വീശി അടിക്കുന്നു. ശരീരത്തിലെ ജീവകോശങ്ങള്‍ ആ തീക്ഷ്ണതയില്‍ വിറങ്ങലിക്കുന്നു, ഇന്ന്. വിറങ്ങലിച്ചു പോകുന്നത് ശരീരകോശങ്ങള്‍ മാത്രമല്ല ചിലപ്പോള്‍ മനസ്സും. കഴിഞ്ഞ ദിവസം സ്കൂളില്‍ പോകാന്‍ കാറിന്റെ വരവും കാത്തു നില്‍ക്കുമ്പോള്‍ കുട്ടി അകത്തു തന്നെ ഇരുന്നു. തണുപ്പ് സഹിക്കാന്‍ വയ്യ എന്നും പറഞ്ഞ്‌ ... അങ്ങനെ അങ്ങനെ നില്‍ക്കെ പെട്ടെന്ന് ഞാന്‍ കുട്ടിയുടെ ചിരി പിന്നില്‍ കേട്ടു.. കളിപ്പിക്കാന്‍ എന്റെ പുറകില്‍ നില്‍ക്കുന്നു എന്ന തോന്നലില്‍ ഞാന്‍ ശബ്ദത്തോടെ ചിരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ആരുമില്ല.. ദിവസവും ഞങ്ങളുടെ മുന്നിലൂടെ കടന്നുപോകാറുള്ള ഒരച്ഛനും മകളുമുണ്ട്(അറബ് കുടുംബം) അവര്‍ ഞെട്ടി തിരിഞ്ഞു നോക്കി. വല്ലാതായിപ്പോയ  ഞാന്‍ ആ ചിരി അവസാനിപ്പിക്കാതെ വീട്ടിലേക്കു തിരിച്ചോടിക്കയറി. പിന്നെ അതും  പറഞ്ഞ്‌ ഞങ്ങള്‍ കുറെ ചിരിച്ചു..എന്തേ എനിക്കങ്ങനെ തോന്നിയത്? ഞാന്‍ വ്യക്തമായി കേട്ട ശബ്ദം എന്തായിരുന്നു

അന്ന് മോറല്‍ സയന്‍സ് ക്ലാസ്സില്‍ ഞാന്‍ പറഞ്ഞ്‌ തുടങ്ങിയത്  spiritual intelligence -നെ കുറിച്ചായിരുന്നു. spirit എന്ന വാക്ക് എപ്പോഴും ദൈവം എന്നതില്‍ തുടങ്ങണം എന്നോ  ഒടുങ്ങണം എന്നോ  ഇല്ല.. ദൈവം എങ്ങനെ ആണ് മനുഷ്യമനസ്സില്‍ നിന്നു സൃഷ്ടിക്കപെട്ടത്‌.. എന്ന് തുടങ്ങി ഒരു 40 മിനിറ്റ് നീണ്ടു നിന്ന ഒരു നീണ്ട പ്രസംഗം .. പ്രചോദനം രാവിലത്തെ ആ ശബ്ദമായിരുന്നു.
                          (10 ഫെബ്രുവരി 2011)







                                     

Thursday, 13 January 2011

ഇന്നെന്റെ സങ്കടം !!!

എന്തു കൊണ്ടാണ് ഈ കുട്ടികള്‍ മനസ്സില്‍ സ്വതന്ത്ര്യം ഇല്ലാത്തവരും പുറമെ 

സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടൂന്നവരുമാകുന്നത്? എന്തുകൊണ്ടാണ്  
അവര്‍ ശാസനകളെ സ്നേഹിക്കുന്നത്? ആരാണ് ക്ലാസ്സ് മുറികളിലെ 

സ്വതന്ത്രമായ അന്തരീക്ഷത്തിന്റെ അത്യാഹ്ലാദങ്ങളെ കുറിച്ച് അവര്‍ക്കു

പറഞ്ഞു കൊടുക്കുക ???!! എനിക്കതിന് ആവുന്നില്ലല്ലൊ
              
                                                              (13 ജനുവരി 2011)






                                                                                         

Wednesday, 22 December 2010

ഒരു പരിഭാഷാശ്രമം

ഹരിഹരന്റെ "ഹാത്ത് മേം...." എന്ന ഗസല്‍ പരിഭാഷപ്പെടുത്താനുള്ള ശ്രമം. അതൊരു വിഡ്ഢിത്ത ശ്രമമാണ് എങ്കിലും.

വാക്ക്-വാക്കു പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഈണം കിട്ടില്ല ഈണം കിട്ടിയാല്‍ വാക്കുകളുടെ മനോഹാരിത ഇല്ല.അല്ലെങ്കിലും ആ ഗസലിന്റെ ഭംഗിയും ആകര്‍ഷണവും വാക്കുകളില്‍ മാത്രമല്ലല്ലോ, ഈണംശബ്ദസൌന്ദ ര്യം എല്ലാം ചേര്‍ന്നതാണല്ലോ.. 

     
    " കയ്യിലെന്‍ കൈകള്‍ ചേര്‍ത്തെടു-
                    ത്തീ വാക്കെനിക്കേകൂ
           പിരിഞ്ഞു പോകില്ലകലെ,യെന്നുമരികില്‍,
                   നീ വാക്കെനിക്കേകൂ
                                            (കയ്യിലെന്‍ ....)
          മാറുമീ കാലമെന്‍ പ്രേമമേ നീ 
                 മാറൊലാ ....ജീവനില്‍ 
           പെയ്യുമീ മാരി തന്‍ പ്രേമത്തില്‍  
                 ഈ വാക്കെനിക്കേകൂ  
                                                       (പിരിഞ്ഞു പോകില്ല ......) 
           മാറുമീ ലോകവും ശീലവും ..
                   കാലത്തിന്‍ താളത്തില്‍    
            മാറ്റൊലാ നീയീ പ്രേമ- താള 
                   മീ വാക്കെനിക്കേകൂ    
                                                       (പിരിഞ്ഞു പോകില്ല ..........)                              
            മാഞ്ഞു പോം വാക്കുകള്‍, കൊഴിഞ്ഞു പോമോ 
                   പ്രേമത്തിന്‍ സ്വപ്നവും 
            മായ്ക്കില്ലീ   മാധുര്യം കോര്‍ക്കുമോര്‍മകള്‍
                      വാക്കെനിക്കേകൂ        
                                                           (പിരിഞ്ഞു പോകില്ല .....) 

                      ( 22 ഡിസംബര്‍ 2010 )