Wednesday 6 January 2010

ഒരു പ്രസംഗം

എന്റെ മകള്‍ പാര്‍വതിക്ക് വേണ്ടി തയ്യാറാക്കിയ ഒരു പ്രസംഗം  

" മാന്യ സദസ്സിനു  വന്ദനം
നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നത് മാതൃസ്നേഹത്തെ കുറിച്ച് പറയാനാണ്. പറയേണ്ടവ, തെരഞ്ഞെടുത്ത കവിതകളിലെ വരികളിലൂടെയും , കഥാ സന്ദര്‍ഭങ്ങളിലൂടെയും പറയാന്‍ ശ്രമിക്കയാണ് ഞാന്‍ 
മാതൃസ്നേഹത്തെ കുറിച്ച് പറയുമ്പോള്‍ താരാട്ടില്‍ നിന്നു തുടങ്ങണം . അമ്മിഞ്ഞപ്പാല്‍ പോലെ മധുരമായ ഉറക്കുപാട്ട് .ചതുരംഗ കളിയില്‍ തോല്‍ക്കാന്‍  തുടങ്ങുന്ന  രാജാവിനുള്ള സന്ദേശവുമായി അകത്തു നിന്നു ഉയര്‍ന്ന,  തൊട്ടിലില്‍ കിടക്കുന്ന  കുട്ടിയെ ഉറക്കുന്ന രാജ്ഞിയുടെ ആ താരാട്ടിന്റെ ഈണം അല്ലെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥക്ക് പ്രചോദനം? കേട്ടിട്ടില്ലേ ആ താരാട്ടു? അമ്മയുടെ സ്നേഹവും രാജ്ഞിയുടെ കരുതലും സമന്വയിച്ച ആ താരാട്ട്? " ഉന്തുംന്തും................." താരാട്ടിലൂടെ  കുട്ടിയില്‍ എത്തുന്നത്‌  അമ്മയുടെ സ്നേഹം തന്നെ ആണ് 

ഏറെ പ്രസിദ്ധമായ ഇരയിമ്മന്‍ തമ്പിയുടെ "ഓമനത്തിങ്കള്‍ കിടാവോ..."എന്ന ഉറക്ക് പാട്ടായിരിക്കില്ലേ, സ്വാതി തിരുനാളിലെ കലാനൈപുണ്യം ഉണര്‍ത്തിയത്?
" ഇതിലും വലിയതാണെന്റെ പൊന്നോമന , അതിനെ തരികെന്റെ പൂതമേ നീ " എന്ന് ആര്‍ത്ത് കരഞ്ഞു  സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌ കാഴ്ച വച്ച് പൂതത്തെയും തോല്പിച്ച മാതൃസ്നേഹത്തിന്റെ  കഥയാണ് ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ നമുക്ക് പറഞ്ഞു തരുന്നത്. ആ പൊട്ടപൂതത്തിലും ഉണര്‍ന്ന ഒരു അമ്മമനസ്സല്ലേ  ഉണ്ണിയെ തിരികെ കൊടുത്തത്

ഈരേഴു  പതിന്നാലു ലോകത്തിനും അധിപനായ കൃഷ്ണനെ ഉരലില്‍ ബന്ധിതനായ കുട്ടിയാക്കിയ  യശോദ എന്ന അമ്മയുടെ  സ്നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക?

" മാമ്പഴം പെറുക്കാന്‍ ഞാന്‍ വരുന്നീല " എന്ന് പറഞ്ഞു പിണങ്ങി എന്നന്നേക്കുമായി ഓടിയകന്ന ഓമനമകനെ ഓര്‍ത്തു തേങ്ങല്‍ അടങ്ങാത്ത വൈലോപ്പിള്ളിയുടെ "മാമ്പഴം" എന്ന കവിതയിലെ ആ അമ്മയെ ആര്‍ക്കു മറക്കാനാകും?   

അമ്മയുടെ സ്നേഹത്തിലൂടെ കുട്ടിക്ക് പകര്‍ന്നു  കിട്ടുന്നത് ജീവിതത്തിലെ എത്ര വലിയ പാഠങ്ങള്‍ ആണ്...!!!

" കണ്ണ് വേണം ഇരുവശമെപ്പോഴും
കണ്ണ് വേണം മുകളിലും താഴെയും 
കണ്ണിലെപ്പോഴും കത്തി ജ്വലിക്കുന്ന 
ഉള്‍-കണ്ണ് വേണം അണയാത്ത കണ്ണ് "

എന്ന കടമ്മനിട്ട കവിതയിലെ തള്ളക്കോഴി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കു ന്നത് മുന്നോട്ടുള്ള വഴികളില്‍ എപ്പൊഴും തുറന്നു പിടിക്കേണ്ടുന്ന ഉള്‍ക്കണ്ണിനെ കുറിച്ചാണ് 

ജീവിതത്തിലെ ഓരോ ഘട്ടത്തിലും തണലും തുണയുമേകുന്നത് അമ്മയാണ് . നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ പഠിപ്പിക്കുന്നതും അമ്മ തന്നെ . മഹാഭാരതത്തില്‍  കുന്തി എന്ന അമ്മയുടെ സ്നേഹമാണ് പഞ്ചപാണ്ഡവരെ കൂട്ടി നിര്‍ത്തിയ ശക്തി. അന്ധനായ ഭര്‍ത്താവിനൊപ്പം ഗാന്ധാരി അന്ധത സ്വയം വരിച്ചപ്പോള്‍ വഴി പിഴച്ചത് മക്കള്‍ നൂറ്റവര്‍ക്കുമല്ലെ

ബന്ധങ്ങള്‍ ശാശ്വതമല്ലാതാവുന്ന   ഈ പുതിയ ലോകത്ത് ,എന്റെ മക്കള്‍ തെറ്റുകാര്‍ എന്ന് മനസ്സ് നൊന്തു പറയുന്ന അമ്മമാരുടെ ലോകത്ത്,  "പടി പാതി ചാരി കരള്‍ പാതി ചാരി തിരിച്ചുപോയ്ക്കൊള്‍ക" എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസിദ്ധമായ 'യാത്രാമൊഴി എന്ന കവിതയിലെ വരികള്‍ അന്വര്‍ഥം ആക്കുന്ന മക്കളുടെ ഈ ലോകത്ത്, അമ്മമാര്‍ക്ക് വേണ്ടി വൃദ്ധ-മന്ദിരങ്ങള്‍ ഉയരുന്ന ഈ ലോകത്ത് എല്ലാവരും ഓര്‍ക്കേണ്ടുന്ന ഒരു നാലു വരി ശ്ലോകം ചൊല്ലി അവസാനിപ്പിക്കട്ടെ  ഞാന്‍‍ 

" നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാല, മേറും ചടപ്പും
 പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
 നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
 തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍""

                     ( 06 ജനുവരി 2010)



                                      

No comments:

അഭിപ്രായം എഴുതാം