Thursday 21 November 2013

എന്റെ ഒരു ദിവസത്തിന്റെ തുടക്കം ..



ഫ്ലാറ്റിന്റെ ജനലിലൂടെ ദൂരെയുള്ള കടലിലേക്ക്‌ നോക്കി,“അതാ കാണുന്നു ഒന്ന്, രണ്ട്, .... ഇന്ന് അഞ്ചായി ട്ടോ എന്നിങ്ങനെ എണ്ണം പിടിച്ച്  അച്ഛനും മകളും കൂടി പറഞ്ഞു കൊതിപ്പിക്കുന്ന കപ്പലുകളെ കാണാന്‍ ചാഞ്ഞും ചെരിഞ്ഞും കണ്ണു തിരുമ്മിയും ഒക്കെയുള്ള വൃഥാശ്രമങ്ങളി ലൂടെയാണ് ഈയിടെ എന്റെ പ്രഭാതക്കാഴ്ചകള്‍ തുടങ്ങുക.രാവിലത്തെ ചെറിയ തണുപ്പും കയ്യിലെ കപ്പിലെ ചുടുകാപ്പിയും.സുഖകരമാണ് ജനലരികിലെ ഈ നില്‍പ്പ്

കടല്‍, നിറങ്ങള്‍ മാറ്റിക്കളിക്കുന്നുണ്ടാവുമപ്പോള്‍. മഞ്ഞു പുതച്ചു വെ ളുത്ത നിറത്തില്‍ ആദ്യം, ഉദയസൂര്യന്റെ കൈകള്‍ തീര്‍ക്കുന്ന ഒരിളം ചുവപ്പ് പിന്നെ, അത് കഴിഞ്ഞാല്‍ ആകാശത്തിന്റെ  നീല ...

അപ്പോഴേക്കും കടലിനും എന്റെയീ ഫ്ലാറ്റിനുമിടയില്‍ ജീവിതം ചലനാ ത്മകമാവും.ജോലിക്ക് പോകുന്നവര്‍ക്ക് ദ്രുതതാളമാണ്.താഴെ പാര്‍ക്കിങ്ങ് ലോട്ടിലെ കാറുകളുടെ വാതിലുകള്‍ ദ്രുതഗതിയില്‍ തുറക്കുകയും അടയുകയും ചെയ്യും.പിന്നെ ഓരോ വാഹനങ്ങളായി യാത്ര പറയും. അതിനിടയില്‍ സ്കൂള്‍ ബസ്സുകള്‍ കണ്ണു ചിമ്മി ചിമ്മി വന്നു നില്‍ക്കുന്ന കാണാം.റോഡില്‍.. സ്ക്കൂള്‍ ബാഗുകള്‍ ചുമന്നും കൊണ്ട് കുട്ടികളുടെ യാത്ര. (എന്റെ പഴയ വിദ്യാര്‍ഥിനി നൂര്‍ പറയുമായിരുന്നു,  അവര്‍ ബാഗുകളെ ചുമന്നു നടക്കുകയല്ല, ബാഗുകള്‍ അവരെയാണ് ചുമക്കുന്നത് എന്ന് ).ഈ തിരക്കിനിടയിലൂടെ നടന്ന് ഓറഞ്ചു കുപ്പായക്കാരന്‍ ആളുകള്‍ എറിഞ്ഞിട്ട ചപ്പുചവറുകളെല്ലാം തന്റെ കുന്ത മുനയില്‍ കോര്‍ത്ത്‌ കയ്യിലെ ബാസ്കറ്റില്‍ നിക്ഷേപിക്കുന്നതും കാണാം ഇടയ്ക്കു നടന്നു പോകുന്നവര്‍ തമ്മിലുള്ള കുശലാന്വേഷണങ്ങളുമുണ്ട് നാലാം നിലയില്‍ നിന്നുള്ള ഈ കാഴ്ച്ചയില്‍ എല്ലാം ശബ്ദമില്ലാത്ത ചലനങ്ങളാകുന്നു കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ഒരു വര പോലെ മാത്രം കാണുന്ന സ്ക്കൂള്‍ ബസ്സ്‌ വളഞ്ഞു പുളഞ്ഞ് ഇങ്ങെത്തി പാര്‍വതിയെ കയറ്റി കൊണ്ടുപോകും വരെ നീളും എന്റെയീ രാവിലെയുള്ള ജനലരികിലെ നില്‍പ്പ്