Thursday 19 November 2015

ഒറ്റമരം പൂക്കുന്ന വഴികള്‍





അസഹ്യതയുടെ 
നെരിപ്പോടുകളില്‍ നിന്നാണ് 
പനിഞെരുക്കങ്ങള്‍ പുറപ്പെടുക
തൊലിക്കടിയിലെ കോശങ്ങള്‍ 
തീ തുപ്പും മട്ട്
പനി തപിക്കും

മധുര വാക്കുകള്‍
ചേര്‍ത്ത ഗുളികകള്‍ വിഴുങ്ങാതെ,
മനസ്സില്‍ നിലയില്ലായ്മയുടെ
മേളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്ന
വാക്കുകളില്‍ മെനഞ്ഞിട്ട
ജീവിതചിത്രങ്ങള്‍ പേറുന്ന
പുറംശല്‍ക്കങ്ങള്‍
പനിച്ചൂടില്‍
ഉരുകി ഉറയൂരണം

പിന്നെ,
പനിക്കുളിരിന്നന്തിയില്‍
ശല്‍ക്കങ്ങളൊഴിഞ്ഞ്
മനസ്സുടല്‍ തീര്‍ക്കുന്ന തൊലിക്ക്
വെണ്ണമിനുപ്പുണ്ടാവണം
തള്ളാതെ, ഒന്നിനെയും
കൊള്ളാതെ
വഴുതിമാറുന്ന
അതിമിടുക്കിന്റെ മൃദുലത

അന്നേരം മനസ്സില്‍
ഒറ്റമരം പൂക്കും
വാക്കുകളുടെ
കാഴ്ച്ചക്കോലങ്ങള്‍ക്കിടയിലൂടെ
ഒറ്റമരത്തിലെ
നക്ഷത്രപ്പൂക്കള്‍
കാണിക്കുന്ന വഴിയിലൂടെയാണ്
പിന്നെ എന്റെ
ഒറ്റയ്ക്കുള്ള യാത്ര

2 comments:

  1. പനിച്ചൂട്....

    ReplyDelete
  2. അതെ പനിചൂട് തീര്‍ക്കുന്ന അസഹ്യതകള്‍ അല്ലെങ്കില്‍, മനസ്സിലെ അസ്വസ്ഥതകള്‍ തീര്‍ക്കുന്ന പനിച്ചൂട്...

    ReplyDelete