Thursday 21 November 2013

എന്റെ ഒരു ദിവസത്തിന്റെ തുടക്കം ..



ഫ്ലാറ്റിന്റെ ജനലിലൂടെ ദൂരെയുള്ള കടലിലേക്ക്‌ നോക്കി,“അതാ കാണുന്നു ഒന്ന്, രണ്ട്, .... ഇന്ന് അഞ്ചായി ട്ടോ എന്നിങ്ങനെ എണ്ണം പിടിച്ച്  അച്ഛനും മകളും കൂടി പറഞ്ഞു കൊതിപ്പിക്കുന്ന കപ്പലുകളെ കാണാന്‍ ചാഞ്ഞും ചെരിഞ്ഞും കണ്ണു തിരുമ്മിയും ഒക്കെയുള്ള വൃഥാശ്രമങ്ങളി ലൂടെയാണ് ഈയിടെ എന്റെ പ്രഭാതക്കാഴ്ചകള്‍ തുടങ്ങുക.രാവിലത്തെ ചെറിയ തണുപ്പും കയ്യിലെ കപ്പിലെ ചുടുകാപ്പിയും.സുഖകരമാണ് ജനലരികിലെ ഈ നില്‍പ്പ്

കടല്‍, നിറങ്ങള്‍ മാറ്റിക്കളിക്കുന്നുണ്ടാവുമപ്പോള്‍. മഞ്ഞു പുതച്ചു വെ ളുത്ത നിറത്തില്‍ ആദ്യം, ഉദയസൂര്യന്റെ കൈകള്‍ തീര്‍ക്കുന്ന ഒരിളം ചുവപ്പ് പിന്നെ, അത് കഴിഞ്ഞാല്‍ ആകാശത്തിന്റെ  നീല ...

അപ്പോഴേക്കും കടലിനും എന്റെയീ ഫ്ലാറ്റിനുമിടയില്‍ ജീവിതം ചലനാ ത്മകമാവും.ജോലിക്ക് പോകുന്നവര്‍ക്ക് ദ്രുതതാളമാണ്.താഴെ പാര്‍ക്കിങ്ങ് ലോട്ടിലെ കാറുകളുടെ വാതിലുകള്‍ ദ്രുതഗതിയില്‍ തുറക്കുകയും അടയുകയും ചെയ്യും.പിന്നെ ഓരോ വാഹനങ്ങളായി യാത്ര പറയും. അതിനിടയില്‍ സ്കൂള്‍ ബസ്സുകള്‍ കണ്ണു ചിമ്മി ചിമ്മി വന്നു നില്‍ക്കുന്ന കാണാം.റോഡില്‍.. സ്ക്കൂള്‍ ബാഗുകള്‍ ചുമന്നും കൊണ്ട് കുട്ടികളുടെ യാത്ര. (എന്റെ പഴയ വിദ്യാര്‍ഥിനി നൂര്‍ പറയുമായിരുന്നു,  അവര്‍ ബാഗുകളെ ചുമന്നു നടക്കുകയല്ല, ബാഗുകള്‍ അവരെയാണ് ചുമക്കുന്നത് എന്ന് ).ഈ തിരക്കിനിടയിലൂടെ നടന്ന് ഓറഞ്ചു കുപ്പായക്കാരന്‍ ആളുകള്‍ എറിഞ്ഞിട്ട ചപ്പുചവറുകളെല്ലാം തന്റെ കുന്ത മുനയില്‍ കോര്‍ത്ത്‌ കയ്യിലെ ബാസ്കറ്റില്‍ നിക്ഷേപിക്കുന്നതും കാണാം ഇടയ്ക്കു നടന്നു പോകുന്നവര്‍ തമ്മിലുള്ള കുശലാന്വേഷണങ്ങളുമുണ്ട് നാലാം നിലയില്‍ നിന്നുള്ള ഈ കാഴ്ച്ചയില്‍ എല്ലാം ശബ്ദമില്ലാത്ത ചലനങ്ങളാകുന്നു കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ഒരു വര പോലെ മാത്രം കാണുന്ന സ്ക്കൂള്‍ ബസ്സ്‌ വളഞ്ഞു പുളഞ്ഞ് ഇങ്ങെത്തി പാര്‍വതിയെ കയറ്റി കൊണ്ടുപോകും വരെ നീളും എന്റെയീ രാവിലെയുള്ള ജനലരികിലെ നില്‍പ്പ്







Thursday 31 October 2013

ഇന്നെന്റെ സമരവീര്യം

"സമൂഹത്തിനു വന്ന രോഗത്തിന് ചികിത്സിക്കണം. അല്ലാതെ അതിനു മീതെ കോട്ട് എന്ന പുതപ്പിട്ടിട്ടു ഒരു കാര്യവുമില്ല. ഒരു വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ വെടി വെച്ചു കൊന്നു, അതിനാല്‍ ഇനി മുതല്‍ എല്ലാ അധ്യാപകരും ബുള്ളറ്റ് പ്രൂഫിട്ടു നടക്കുക എന്ന രീതിയിലാണോ നമ്മള്‍ ഒരു വിഷയത്തെ സമീപിക്കേണ്ടത്" ഇത്തരം പ്രസക്തമായ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു കേട്ടു, കഴിഞ്ഞ ദിവസം മനോരമ ചാനലിലെ നിയന്ത്രണരേഖ എന്ന പ്രോഗ്രാമില്‍, അദ്ധ്യാപകര്‍ കോട്ടിടണോ എന്ന ചര്‍ച്ചയില്‍..

ആണ്‍-പെണ്‍ ശരീര-ചിന്തകളെ മാറ്റി വച്ച് വ്യക്തികളായി സമൂഹത്തില്‍ ഇടപഴകാനുള്ള സ്വാതന്ത്ര്യം, സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യത്തോടെ ജീവിച്ചു പോകാനുള്ള അവകാശം എന്നിങ്ങനെയുള്ള വാദങ്ങളുമായി സ്ത്രീ-പുരുഷ സമത്വം എന്നത് നിഷേധിക്കാനാവാത്ത സത്യമായി സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. ഈ സമയത്തും ശ്രീമാന്‍ എല്‍ദോസ് കുന്നപ്പള്ളി, ശ്രീ. ഇബ്രാഹിം ഖാന്‍ എന്നിവരെ പോലുള്ളവര്‍ എത്തിപ്പെടുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ചര്‍ച്ചയില്‍ മുഴങ്ങിക്കേട്ട അതേ സമരവീര്യത്തോടെ തന്നെ അധ്യാപികമാര്‍ ഒരു പോരാട്ടത്തിനു ഇറങ്ങട്ടെ. അത് വിജയത്തിലെത്തട്ടെ. ആ പോരാട്ടത്തില്‍ അതെ സമരവീര്യമുള്ള മനസ്സുമായി ഈയുള്ളവളും ചേരുന്നു.

                                      

Sunday 22 September 2013




ഇന്നെന്റെ അച്ഛന്റെ മൂന്നാമത്തെ ശ്രാദ്ധം. ഓര്‍മ്മയായിട്ടല്ല, ഉള്ളിലെ സാന്നിധ്യമായി തന്നെ ഞാന്‍ അറിയുന്ന എന്റെ അച്ഛന് മുന്നില്‍ നമിച്ചു കൊണ്ട് .......

Photo: ഇന്നെന്റെ അച്ഛന്റെ മൂന്നാമത്തെ ശ്രാദ്ധം. ഓര്‍മ്മയായിട്ടല്ല, ഉള്ളിലെ സാന്നിധ്യമായി തന്നെ ഞാന്‍ അറിയുന്ന എന്റെ അച്ഛന് മുന്നില്‍ നമിച്ചു കൊണ്ട് .......

Monday 16 September 2013

ഇല്ലത്തെ ഓണക്കാഴ്ചകള്‍


            


ഓണനാളുകളിലെ എന്റെ ഇല്ലത്തെ നടുമുറ്റക്കാഴ്ചകള്‍
                             
   












മൂന്നു-നാലു ഇടങ്ങഴി അരി വേണം ഇങ്ങനെ അണിയാന്‍..  അരി അരച്ച് നാലി റയവും നടുമിറ്റവും മുഴുവന്‍ അണിഞ്ഞ് ഓണത്തിനായി ഒരുക്കാന്‍ ഈ വയ സ്സു കാലത്തും അമ്മയ്ക്ക് മടിയില്ല.ആ ഉത്സാഹത്തില്‍ കൂടാന്‍ ഞങ്ങള്‍ക്കും. 

ഓണം അനുഷ്ഠാന പ്രധാനമല്ല ആഘോഷപ്രധാനമാണ് എന്നത് കൊണ്ട് തന്നെ അലങ്കാരങ്ങള്‍ ഏറും.ഈ അരി കൊണ്ടുള്ള അണിച്ചില്‍ അലങ്കാരങ്ങളുടെ ഭാ ഗം തന്നെ.അലങ്കാരങ്ങള്‍ക്ക്  പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാവാം ഇരി ഞ്ഞാലക്കുടയില്‍ എല്ലാ വിശേഷാവസരങ്ങളിലും ഈ അണിച്ചില്‍ പ്രധാനമാ ണ്,ഒരു പറ നിറയ്ക്കുമ്പോള്‍ പോലും. വേളി(കല്യാണം) പോലുള്ള വിശേഷാ വസരങ്ങളില്‍ ചുമരിലും അണിയും.നിറപറ,വിളക്ക്, ആഭരണങ്ങള്‍ തുടങ്ങി എല്ലാ അലങ്കാര വസ്തുക്കളും ചുവരില്‍ അരിമാവ് കൊണ്ടുള്ള ചിത്രങ്ങള്‍ ആവുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട് ഞാന്‍.

                     
ഇല്ലത്ത് ഓണത്തിന് പൂക്കളം ഇടാറില്ല, അതുപോലെ തന്നെ മാതേവരെ വയ്ക്ക ലും പതിവില്ല. എന്തുകൊണ്ടെന്ന ചോദ്യമൊന്നും കുട്ടിക്കാലത്ത് മനസ്സില്‍ തോ ന്നിയിട്ടില്ല.ഞങ്ങള്‍ കുട്ടികളുടെ മോഹത്തിന് പൂക്കള്‍ പൊട്ടിച്ചു കൊണ്ടുവന്നാ ല്‍ മുറ്റത്ത് ഇടാന്‍ ആരും വിരോധം പറഞ്ഞിട്ടുമില്ല. പ്രധാന അലങ്കാരങ്ങളും ഒരുക്കങ്ങളും നടുമിറ്റത്തും നാലിറയത്തും ഒതുങ്ങുന്നത് കൊണ്ടാവാം.

നടുമിറ്റത്ത് പൂക്കളത്തിനു പകരം,ചുവപ്പും കറുപ്പും നിറങ്ങള്‍ ഉപയോഗിച്ചു ള്ള ചതുരക്കള്ളികളാണ് പതിവ്.അത്തമാവുമ്പോഴേക്കും ഇഷ്ടികപ്പൊടിയും ക രിക്കട്ട പൊടിച്ചുണ്ടാക്കിയ കരിപ്പൊടിയും രണ്ടു ചിരട്ടകളിലായി അമ്മ റെഡി ആക്കി വച്ചിട്ടുണ്ടാകും.കൂടെ തുമ്പത്ത് തുണി ചുറ്റിക്കെട്ടിയ കുഞ്ഞുവടി ബ്രഷും അത്തത്തിന്‍ നാള്‍ ആണ് ചതുരക്കള്ളികള്‍ വരയ്ക്കാന്‍ തുടങ്ങുക. ഓരോ ക ള്ളിയിലും ഇടവിട്ട്‌ ചുവപ്പ് കറുപ്പ് പൊട്ടുകളും വരയ്ക്കും.ഓരോ ദിവസവും വരച്ചു ചേര്‍ക്കുന്ന കള്ളി ചതുരത്തിന്‍റെ വലിപ്പം കൂട്ടും. ഉത്രാടത്തിന്റെ അന്ന് ഈ ചതുരക്കളത്തിനു മീതെയാണ് അരി കൊണ്ട് അണിയുന്നത്. അതിന്മീതെയാ ണ് വലിയ വാഴയിലയില്‍ പറമ്പ് മുഴുവന്‍ നടന്നു ശേഖരിച്ച തുമ്പച്ചെടി കൂമ്പാ രം കൂട്ടുക.  കള്ളികള്‍ വരയ്ക്കാനും അണിയാനും തുമ്പച്ചെടി ശേഖരിക്കാനും അമ്മയെ സഹായിക്കുക,അമ്മ അല്ലെങ്കില്‍ മുത്തശ്ശി നടുമിറ്റത്ത് നിവേദ്യം കഴി ഞ്ഞു നാളികേരം കൊട്ടുമ്പോള്‍ ആര്‍പ്പു വിളിക്കുക എന്നതില്‍ ഒതുങ്ങിയിരു ന്നു ഞങ്ങള്‍ കുട്ടികളുടെ ചുമതലകള്‍.

വലുതായപ്പോള്‍ ചടങ്ങുകളില്‍ താല്പര്യം കുറയുകയും അലങ്കാരങ്ങളില്‍ കൌതുകം ബാക്കി നില്‍ക്കുകയും ചെയ്തു. അതിനാല്‍ ഈ ആചാരവ്യത്യാ സങ്ങള്‍ എന്തു കൊണ്ടെന്ന ചോദ്യം പിന്നീട് ഉയര്‍ന്നു വന്നതേയില്ല.

                                                2005-ലെ ജ്യോതിഷരത്നം മാഗസിന്‍ 









































ഈ ഫീച്ചര്‍ തയ്യാറാക്കിയവര്‍ ഇല്ലത്ത് വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നടു മിറ്റം ഓണത്തിനെന്ന പോലെ ഒരുക്കിയും,തലമുറകളിലൂടെ കൈമാറി വ രുന്ന കഥകളും അനുഷ്ഠിച്ചു വരുന്ന ചടങ്ങുകളും അവര്‍ക്ക് പറഞ്ഞു കൊടുത്തും അമ്മ അവരെ സ്വീകരിച്ചു. ചിത്രങ്ങളില്‍ നടുമിറ്റത്തിരിക്കു ന്നത് എന്റെ ചേച്ചിമാരാണ്   


  

Saturday 1 June 2013

ഇന്നെന്റെ ആകുലത

നാലാം നിലയിലെ ഈ ഫ്ലാറ്റില്‍ നിന്ന് ദൂരെയുള്ള കടല്‍ കാഴ്ചകളിലേക്ക് കണ്ണു പായിച്ചപ്പോഴാണ് കാഴ്ചകളെല്ലാം അവ്യക്തമാണല്ലോ എന്നോര്‍ത്തത്. കാഴ്ചയുടെ വ്യക്തതയ്ക്ക് കണ്ണട വേണമല്ലോ എന്നറിഞ്ഞതും.എന്നിട്ടും ആ അവ്യക്തതയിലും കടലിന്റെ ആഴവും പരപ്പും എന്നെ ഭ്രമിപ്പിക്കുന്നു. ഇതുപോലെ ഓരോ അറിവിന്റെയും ആഴവും പരപ്പും എന്റെ ഈ ചെറിയ കാഴ്ചക്ക് അവ്യക്തമാണല്ലോ എന്ന ബോധത്തിന്റെ വ്യക്തതയാണ് ഇന്നത്തെ എന്റെ തിരിച്ചറിവ്. 

എന്നാണ് എനിക്ക് കാഴ്ചകള്‍ വ്യക്തമാവുക? എന്നാണ് ഞാനെന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ തുടങ്ങുക?
                             

Tuesday 14 May 2013

ഒരു വലിയ സൌഹൃദത്തിന്റെ ചെറിയ ഒരു ഓര്‍മ്മക്കുറിപ്പ്‌


Photo  Photo

ഇന്ന് മെയ്‌ 14. ഊട്ടിയിലെ ആശ്രമത്തില്‍ വച്ച് ഗുരു നിത്യ ചൈതന്യ യതി എന്ന എന്റെ വൃദ്ധനായ സ്നേഹിതന്‍ മരണത്തിന്റെ നിത്യതയില്‍ ലയിച്ചിട്ട് ഇന്നേക്ക് പതിനാലു വര്‍ഷം തികയുന്നു. പത്ത്-പതിമൂന്നിലേറെ വര്‍ഷങ്ങള്‍ ഞാന്‍ കൊണ്ട് നടന്ന ഒരു നനുത്ത കൂട്ട്. ആ സൌഹൃദത്തിന്റെ ശാന്തിയിലും സമാധാനത്തിലും കഴിഞ്ഞു പോരവേ മനസ്സ് ധരിച്ചു വശായത് എന്നും എന്റെ ചെറിയ കാര്യങ്ങള്‍ക്ക് കാതോര്‍ക്കാനും മറുപടി പറയാനും ഗുരു അപ്പുറത്ത് ഉണ്ടാവുമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ എഴുതാന്‍ മോഹിക്കുമ്പോഴെല്ലാം എന്റെ ഏറ്റവും വലിയ ശ്രോതാവില്ലെന്ന അറിവിന്റെ മുന്നില്‍ നരച്ചു പോകുന്നു മനസ്സ്.


കാരണങ്ങളൊന്നുമില്ലാതെ ഒരു വെറും കൌതുകത്തിന്മേല്‍ കത്തുകള്‍ എഴുതിത്തുടങ്ങിയതായിരുന്നു ഞാന്‍. “ നിത്യ “ എന്ന കയ്യൊപ്പോടെ കൃത്യമായി എന്നെ തേടിയെത്തിയ മറുപടികള്‍.. പേജുകളോളം നീണ്ടു പോകാറുള്ള എഴുത്തുകളിലൂടെ ഞാന്‍ ആ വലിയ സ്നേഹിതനോട് പറയാറുള്ളത് മുഴുവന്‍ എന്റെയീ ചെറിയ ലോകത്തെ ചെറിയ കാര്യങ്ങളായിരുന്നല്ലോ- വ്യക്തമായ രൂപങ്ങളില്ലാതിരുന്ന സ്വപ്നങ്ങളും ചിന്തകളും, രാവിലെകളില്‍ ധൃതി പിടിച്ചു കുളത്തിലേക്ക്‌ ഓടുമ്പോള്‍ എന്നെ പിടിച്ചു നിര്‍ത്താറുള്ള പുല്ലില്‍ തങ്ങിയ മഞ്ഞിന്‍ പാളിയിലെ മഴവില്ലിനെ കുറിച്ച്, അമ്മയുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പുഴ കടക്കുമ്പോഴെല്ലാം മണല്‍ കാലിന്നടിയില്‍ ഉണ്ടാക്കുന്ന കിരുകിരുപ്പിനെ കുറിച്ച്, ആരോഹണാവരോഹണങ്ങള്‍ അറിയില്ലെങ്കിലും ആഴത്തിലുള്ള ആസ്വാദനമല്ലെങ്കിലും നാട്ടിലെ അമ്പലത്തില്‍ ഉത്സവക്കാലങ്ങളില്‍ മേളത്തിന് മുന്നില്‍ നില്ക്കു മ്പോള്‍ കാലിന്നടിയിലൂടെ മുകളിലേക്ക് അടിവച്ചു കയറുന്ന മേളത്തരിപ്പിനെ കുറിച്ച്, മനസ്സില്‍ നിറയുന്ന ചെറിയ ചെറിയ കുശുമ്പുകളെ കുറിച്ച്..... ദാ നോക്കൂ, നിങ്ങള്‍ ഒരു കസേര വലിച്ചിട്ടു എന്റെ അടുത്തിരുന്നാല്‍ ഞാന്‍ പറഞ്ഞു പോകുമായിരുന്ന ഒരുപാടൊരുപാട് കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍.. ഇടയ്ക്കൊക്കെ ഇല്ലാത്ത ഗൌരവം നടിച്ചു വിധി, കര്‍മ്മഫലംതുടങ്ങി വലിയ വലിയ കാര്യങ്ങള്‍ എഴുതി വലിയവളാകാന്‍ നോക്കാറുണ്ടെന്നതും ഓര്‍ക്കുന്നു ഞാന്‍. ഏതിനും തന്റെ വടിവില്ലാത്ത ചെറിയ അക്ഷരങ്ങളില്‍ സ്നേഹത്തിന്റെ നീരൊഴുക്കി തന്നിരുന്നു എന്റെ വൃദ്ധനായ സ്നേഹിതന്‍


എഴുത്തുകള്‍ എഴുതിത്തുടങ്ങി ഒരു വര്‍ഷം തികയും മുന്പേ. ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കേരളവര്‍മ്മ കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിന് വന്നു ഗുരു. “ ഞങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ കത്തുകള്‍ കൈമാറുന്ന പ്രിയ സുഹൃത്തുക്കള്‍ എന്ന വലിയ അറിവ്, ആരോടും പറയാതെ വല്ലാത്തൊരു പരിഭ്രമത്തോടെ മനസ്സിലൊതുക്കിപ്പിടിച്ച് തൊട്ടരികിലൂടെ കടന്നു പോയ ഗുരുവിനെ അത്ഭുതത്തോടെ നോക്കിക്കണ്ടതാണ് എന്റെ ആദ്യ കാഴ്ച. പിന്നെ “ മോളുടെ നാലുകെട്ടും, പറമ്പും കുളങ്ങളും, ഗന്ധര്‍വന്‍ പാര്‍ക്കുന്ന ആലും കാണാന്‍ കൊതിച്ചു കൊണ്ട്” എന്നുറക്കെ പറഞ്ഞ്, ആഹ്ലാദത്തിന്റെ ആകാശത്തേക്ക് എന്നെ വലിച്ചെറിഞ്ഞ ഇല്ലത്തേക്കുള്ള ഗുരുവിന്റെ വരവ്. ആ വരവിലായിരുന്നു എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന വലയത്തിലൂടെ പറമ്പിലാകെ ചുറ്റി നടക്കുന്നതിനിടക്ക്, ഗുരു കുട്ടിക്കാലത്ത് മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ താടി കണ്ടു വാശി പിടിച്ച കഥ പറഞ്ഞതും, സുധയ്ക്ക് തണല്‍ മരങ്ങളാകാന്‍ ഈ പറമ്പ് മുഴുവന്‍ ചിന്തകളുടെ വിത്ത് പാകിയിട്ടുണ്ടെന്നു പറഞ്ഞതും. എഴുത്തുകളിലെ എന്റെ ഏറ്റവും വലിയ ശ്രോതാവിന്റെ മുന്നിലെത്തുമ്പോള്‍ ഞാനെന്നും മൌനിയായിരുന്നു. ഓരോ കൂടിക്കാഴ്ച്ചക്കുമവസാനം വെളുത്ത താടി തടവി ഗുരു കൂടെയുള്ളവരോട്‌ പറയുമായിരുന്നു, ഇപ്പൊ ഈ മോള് മനസ്സില്‍ ഓര്‍ത്തത്‌ മുഴുവന്‍ നീണ്ട നീണ്ട എഴുത്തുകളായി എന്നെ തേടി വരും “ എന്ന്.

മൈസൂരില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്ന കാലത്ത് ഗൃഹാതുരത്വത്തിന്റെ ചൂടില്‍ ആവലാതികള്‍ ഒഴിയാത്ത എന്നെ സമാധാനിപ്പിക്കാന്‍ എത്ര തവണ ഓടിയെത്തിയിട്ടുണ്ട് എന്റെ സ്നേഹിതന്‍!! “എന്നെ അപ്പൂപ്പാ എന്ന് വിളിക്കുന്ന ഒരു മോളുണ്ട്‌ മൈസൂരില്‍ “ എന്ന് പറഞ്ഞു റെയര്‍ എര്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന റാണി. ബി. മേനോന്‍ എന്ന റാണിചേച്ചിയെ കൂട്ടാക്കി തന്നതും ഗുരു തന്നെ. എന്നിട്ടും കരഞ്ഞു തളര്‍ന്നു പഠനം മുഴുമിക്കാതെ തിരിച്ചോടി പോന്ന കാലത്ത്, നാട്ടില്‍ വന്ന ഗുരുവിനെ കാണാന്‍ ചെന്നപ്പോള്‍ കഥാകാരി അഷിതയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നെയും കൂട്ടി അദ്ദേഹം. അഷിതയുടെ വീട്ടില്‍ അന്ന് കൊയ്ത്തു നടക്കുന്ന കാലമായിരുന്നു എന്നിപ്പോഴും ഓര്‍ക്കുന്നു. ചാണകം മെഴുകിയ മുറ്റത്തു മുഴുവന്‍ കറ്റ മെതിക്കലിന്റെ ബഹളം. “ നാട് കാണാതെ വയ്യ എന്നും പറഞ്ഞു പഠനം പൂര്‍ത്തിയാക്കാതെ ഓടിപ്പോന്ന ഈ നമ്പൂരിക്കുട്ടിയുടെ മനസ്സിന്റെ മ്ലാനത മാറ്റാന്‍, മോളുടെ മനോഹരങ്ങളായ കത്തുകള്‍ വീണ്ടും എനിക്ക് കിട്ടാന്‍ ആ കഥ എഴുതുന്ന കൈ കൊണ്ട് ഒരു നുള്ള് കൊടുക്കൂ,” എന്നു അഷിതയോട് പറഞ്ഞ് അപ്പോഴും ചേര്‍ത്തു പിടിച്ചു ഗുരു.

ഊട്ടിയിലെ ഗുരുവിന്റെ ആശ്രമത്തില്‍ വിരുന്നു പോയ കാലത്ത് ഉള്ളി ഞങ്ങള്‍ക്കിഷ്ടമല്ലെന്നു വാശി പിടിച്ചു അടുക്കള ഞങ്ങള്‍, ഞാനും ചേച്ചിമാരും, കൂടി ഏറ്റെടുത്തപ്പോള്‍.. ഉള്ളി തമോഗുണമാണ് അതുകൊണ്ടാണ് ഇവര്‍ക്കിഷ്ടമല്ലാത്തത് എന്ന് പറഞ്ഞു ആ വാശിയെ അംഗീകരിച്ചു ഞങ്ങളുണ്ടാക്കിയ ഭക്ഷണം അതിഗംഭീരം എന്നും പറഞ്ഞു കൂടെ കൂടിയ സ്നേഹിതന്‍, ഒരിക്കല്‍ പാലക്കാട് വച്ച് പ്രസംഗത്തിന് കൂട്ടിക്കൊണ്ടു പോകാന്‍ ഭാരവാഹികള്‍ എത്തിയപ്പോള്‍ മോള് വരുന്നോ എന്ന് ചോദിച്ചു കൂട്ടി കൊണ്ടുപോയി സദസ്സിന്റെ മുന്‍നിരയിലിരുത്തിയ ഗുരു, എഴുത്തുകള്‍ എഴുതാതിരുന്ന നീണ്ട ഒരു ഇടവേളയ്ക്കു ശേഷം, ഞങ്ങളുടെ നാട്ടില്‍ കൂടിയാട്ട ശിബിരം ഉദ്ഘാടനം ചെയ്യാന്‍ വന്ന സമയത്ത് പഴയ അഡ്രസ്സ് തേടിപ്പിടിച്ചു ഇല്ലത്തേക്കു കയറി വന്ന്, പ്ലാസ്റ്റിക്‌ വയര്‍ കൊണ്ട് മെടഞ്ഞ, കമ്പികള്‍ മുഴച്ചു നില്ക്കു ന്ന പഴയ കസേര വലിച്ചിട്ടു അടുത്തിരുന്നു കുറെ വിശേഷ വര്‍ത്തമാനങ്ങള്‍ പറഞ്ഞിറങ്ങിപ്പോയ പ്രിയ സ്നേഹിതന്‍......... എന്റെ മനസ്സിലെ ചില്ലു കൂടിനകത്ത്‌ ഞാന്‍ സൂക്ഷിച്ചു വച്ച ഓര്‍മ്മകള്‍ എടുത്താലും എടുത്താലും തീരാത്തവയല്ലോ!!!!



വെളുത്തു നീണ്ട താടിയുള്ള കട്ടിക്കണ്ണടയുള്ള കഷണ്ടിക്കാരന്‍ തടിയന്‍ സുഹൃത്തിനു എന്നും ഞാനല്ലോ ഏറ്റവും അടുത്ത സ്നേഹിത എന്നെന്നെ അഹങ്കാരിയാക്കുമാറ് സ്നേഹിക്കുമായിരുന്നു ഗുരു. സൌഹൃദത്തിന്റെ നനുത്ത സ്നേഹം കൊണ്ട് ഇങ്ങനെ എത്രയെത്ര മനസ്സുകളില്‍ നിറയെ പച്ചപ്പ്‌ കോരിയിട്ടിരിക്കും ഈ മഹാത്മാവ്!!!!

പിന്നീട്, വെള്ളത്തിന്റെ മുകള്‍പരപ്പില്‍ വന്നെത്തിനോക്കുന്ന മത്സ്യങ്ങളെ പോലെ ഉള്ളില്‍ ജീവന്റെ സാന്നിധ്യം അറിയുന്നതിന്റെ അനുഭവം ഞാന്‍ എഴുതിയപ്പോഴായിരുന്നു ഗുരുവിന്റെ ഫോണ്‍ ആദ്യമായി എന്നെ തേടിയെത്തിയത്. ഉള്ളില്‍ കിടക്കുന്ന ജീവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അനുഭവമായി പകര്‍ത്തിയെഴുതി വയ്ക്കാന്‍ അന്ന് ഗുരു എന്നോട് പറഞ്ഞു.


ഉള്ളില്‍ കിടന്ന ജീവന്‍ എന്നെയും ലോകത്തെയും നിഷേധിച്ചു കടന്നു പോയത് ഉള്‍ക്കൊള്ളാനാവാതെ ആശുപത്രിക്കിടക്കയിലിരുന്നു ഉ രുകുമ്പോഴായിരുന്നു പിന്നെ ഞാന്‍ ഗുരുവിനെഴുതിയത് ഒന്ന് കാണണമെന്ന്...അപ്പോഴേക്കും ഗുരു പക്ഷാഘാതം വന്നു കിടപ്പിലായിപ്പോയിരുന്നു . ശയ്യാവലംബിയായി കിടക്കുമ്പോഴും ജനലിലൂടെ പുറത്തു നില്ക്കു ന്ന ചെമ്പരത്തിപ്പൂവിന്റെ ആട്ടം കാണാനാവുന്നു എന്ന് എന്റെ സ്നേഹിതന്‍ മറുപടിയെഴുതി. എനിക്കൊന്നും കാണാനാകുന്നില്ലല്ലോ എന്ന ആവലാതി നിറഞ്ഞ എന്റെ കത്തിന് പിന്നെ ഗുരുവിന്റെ മറുപടി എന്നെ തേടിയെത്തിയില്ല. പിന്നീട് കണ്ണീരിന്റെ പാട മാറ്റി കാഴ്ചകളെല്ലാം കാണാന്‍ തുടങ്ങിയപ്പോഴേക്കും എന്റെയാ സൌഹൃദ വന്മരം ഇലപൊഴിച്ചു മരണത്തിന്റെ നിത്യതയില്‍ ലയിച്ചു കഴിഞ്ഞിരുന്നു.


ഇപ്പോള്‍ എന്റെയീ ജീവിതപാതയില്‍ വെയില്‍ വല്ലാതെ മൂക്കുമ്പോള്‍ ഉള്ളിലിരുന്നു ഗുരു ഓര്‍മ്മിപ്പിക്കും എനിക്ക് വേണ്ടി വിതച്ചിട്ട ചിന്തകളുടെ തണല്‍മരങ്ങളെ കുറിച്ച്. അവിടെ ചെമ്പരത്തിപ്പൂക്കള്‍ ആടുന്നത് ഞാന്‍ കാണുന്നു, ഒന്നല്ല ഒരായിരം

                                                                               

Sunday 12 May 2013

നിലാവിന്‍ തുണ്ടുകള്‍

ഒരു രാജിയുടെ ആലസ്യത്തിലോ ആശ്വാസത്തിലോ ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിഞ്ഞ്, സ്റ്റാഫ് റൂമിന്റെ ബഹളങ്ങളില്‍ കൂടിച്ചേരാതെ കൂടിയിരു ന്ന് ചുറ്റും കണ്ണോടിക്കുമ്പോള്‍ ഞാന്‍ കാണുന്നു ഓരോരുത്തരായി ചേര്‍ ന്ന് ദ്വീപുകളുണ്ടാവുന്നതും ഞാന്‍ ഒരു ഒറ്റപ്പെട്ട തുരുത്തായി മാറുന്നതും. എത്ര വേഗമാണ് സ്ഥലകാലങ്ങള്‍ നമ്മെ പുറന്തള്ളുന്നത്? ഇത് മനസ്സിന്റെ വികൃതിയോ അതോ പ്രപഞ്ചത്തിന്റെ സത്യമോ

മാണിക്യക്കല്ല് എന്ന സിനിമയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ചയിലെ സിനിമാക്കാഴ്ച.സാങ്കേതികമായി സിനിമ മികച്ചതാണോ എന്നൊന്നും എ നിക്കറിയില്ല. പക്ഷെ ഒരു അധ്യാപികയായ എന്റെ ഉള്ളു തൊട്ടിരുന്നു ആ സിനിമ.പൂജ്യമായി കിടന്നിരുന്ന കുട്ടികളെ സംപൂജ്യരാക്കുന്ന ഒരു അധ്യാപകനുണ്ട് അതില്‍. അവസാനം "മാഷാണ് ഞങ്ങളുടെ പടച്ചോന്‍ " എന്ന് കുട്ടികള്‍ ഉള്ളു തൊട്ടു പറയുന്നിടം വരെ വളരുന്ന മാഷ്‌..

എന്റെ ഒരു സുഹൃത്തുണ്ട് മായ.സര്‍ക്കാര്‍ അഡോപ്റ്റ് ചെയ്ത സ്കൂളു കളിലൊന്നില്‍ ഊര്‍ജ്ജതന്ത്രവും രസതന്ത്രവും പഠിപ്പിക്കുന്ന ഉത്സാഹിയാ യ എന്റെ സുഹൃത്ത്‌.. മായയുടെ അനുഭവങ്ങള്‍ ഞാന്‍ അസൂയയോടെ യാണ് കേട്ടിരിക്കുക.പിന്നോക്കവിഭാഗങ്ങളില്‍ പെടുന്നവരോ ദാരിദ്ര്യരേ ഖക്കു താഴെയുള്ളവരോ ആയ കുട്ടികള്‍ ആണ് മിക്കവരും ആ സ്കൂളി ല്‍... മായയുടെ ഉത്തരവാദിത്തം വെറും ക്ലാസ്സ്‌ റൂമുകളില്‍ ഒതുങ്ങുന്നില്ല. കുട്ടികളുടെ സാമൂഹികപശ്ചാത്തലം,പഠിക്കാനുള്ള അവരുടെ കഴിവ്,സാ ഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ എന്നിങ്ങനെ ഒരു പഠനറിപ്പോ ര്‍ട്ട്‌ തന്നെ തയ്യാറാക്കേണ്ടതുണ്ട് ഓരോ കുട്ടിയെ കുറിച്ചും എന്റെ സുഹൃ ത്തിന്.ഞാനിന്നും ഓര്‍ക്കുന്നു എന്റെ വീട്ടില്‍ പണിക്ക് വന്നിരുന്ന രമയു ടെ മകള്‍ക്ക് പരീക്ഷക്കാലത്ത് കുറച്ചു നാള്‍ പറഞ്ഞു കൊടുക്കാന്‍ ഇരു ന്നിരുന്നു ഞാന്‍.. അന്നേരം കുട്ടിക്ക് വേറൊന്നും അറിയില്ലെങ്കിലും ഊര്‍ജ്ജ തന്ത്രം നല്ലപോലെ അറിയാം. മായയായിരുന്നു ആ കുട്ടിയുടെ ടീച്ചര്‍. ഇതി നു പുറമേയുള്ള ക്ലസ്റ്റര്‍ ക്ലാസ്സുകള്‍ക്കു വേണ്ടിയും തയ്യാറാകും ആവേശ ത്തോടെ മായ.ഒരു ടീച്ചര്‍ എന്നാല്‍ ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് മനസ്സില്‍ കുറിച്ചിടും ഞാന്‍

തീരെ വഴങ്ങാത്ത ഒരു ഭാഷയും പേറി പറയാന്‍ മോഹിക്കുന്നതിന്റെ ഒരു ചെറിയ അംശത്തില്‍ തൃപ്തിപ്പെട്ട്‌.. ആ കുറവ് നികത്താന്‍ കുട്ടികളെ അങ്ങ് കലവറയില്ലാതെ സ്നേഹിച്ച് എന്നിട്ടും മതിവരാത്ത മനസ്സുമായി അലയുന്ന എന്റെ ഈ അധ്യാപനജീവിതത്തില്‍ അത്രയൊന്നും സമ്പന്നത അവകാശപ്പെടാനില്ലെങ്കിലും ഞാനും പെറുക്കിയെടുക്കാറുണ്ട് ചില നിലാ വിന്‍ തുണ്ടുകള്‍.. ഒരിക്കല്‍ സബ്ജക്റ്റിന്റെ നിരന്തര വ്യായാമത്തിന്റെ മടുപ്പില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ചോദിച്ച ആരാവണം എന്ന ചോദ്യത്തിന് " എനിക്ക് മാം ആവണം " എന്ന ഉത്തരത്തില്‍ കണ്ണു നിറഞ്ഞ് നെഞ്ചു കനത്ത് ഇരുന്ന അന്നായിരുന്നു ഞാന്‍ ഫെയ്സ്ബുക്കില്‍ എന്റെ വാളില്‍ എഴുതിയത് " ഇന്നെനിക്കു സ്കൂളില്‍ നിന്ന് ഒരു നിലാവിന്‍തുണ്ട് കിട്ടി " എന്ന്. 

അങ്ങനെ കുറെ  നിലാവിന്‍ തുണ്ടുകള്‍ പെറുക്കി പെറുക്കി എന്റെ മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചിട്ടുണ്ട് ഞാന്‍.. അങ്ങ് പ്രായം ചെന്നു കണ്ണില്‍ പാട മൂടുമ്പോള്‍ ഉള്ളില്‍ നനുത്ത നിലാവ് പടര്‍ത്താന്‍  
                                                                                                           




Wednesday 8 May 2013

മുലപ്പാലോര്‍മ്മകള്‍

മനസ്സിലെ ഓര്‍മ്മകളെ അങ്ങ് കുടഞ്ഞിട്ടാല്‍ പെറുക്കിയെടുക്കാം ഒരുപാടു
നനുത്ത മുലപ്പാലോര്‍മ്മകള്‍.

മുലയൂട്ടല്‍ കഥകള്‍ ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം എത്തുക ലക്കിടി എന്ന ഗ്രാമത്തിലാണ്. ഞാന്‍ വധു വായി കേറി ചെന്ന ഗ്രാമം. ആ നാട്ടിലെ  ആരുടെയെ ങ്കിലും പ്രസവവാര്‍ത്ത കേട്ടാല്‍ അമ്മ ഓര്‍മ്മകളുടെ കെട്ടഴിക്കും.(അമ്മ പങ്കു വയ്ക്കുന്ന കഥകള്‍ നടക്കു ന്ന കാലങ്ങളിലെല്ലാം പ്രസവം  വീടുകളിലായിരുന്ന ല്ലോ). അക്കാലത്ത് പെറ്റു വീഴുന്ന കുട്ടിക്ക് ആദ്യത്തെ മുലയൂട്ടുക ആ സമയങ്ങളില്‍ മുലയൂട്ടി കൊണ്ടിരി ക്കുന്ന ഏതെങ്കിലും അമ്മയായിരുന്നത്രേ. അമ്മയ്ക്കുമുണ്ടായിരുന്നു അത്തരം അനുഭവങ്ങള്‍. അങ്ങനെ ആ ഗ്രാമത്തിലെ പിറന്നു വീഴുന്ന ഓരോ കുട്ടിയും ആ ദ്യം കുടിച്ചിട്ടുണ്ടാകുക ഈ പരസ്പര സ്നേഹത്തിന്റെ മുലപ്പാലാകും .
പിന്നെ, ഇടയ്ക്കിടക്ക് വെള്ളത്തിന്റെ മുകള്‍പ്പരപ്പില്‍ വന്നെത്തി നോക്കിപ്പോ
കുന്ന മത്സ്യങ്ങളെ പോലെ അടിവയറില്‍ തുടിപ്പുകളായി ഞാന്‍ ജീവന്റെ സാ ന്നിധ്യം അറിഞ്ഞു തുടങ്ങിയ കാലം. മാറ് കനക്കുന്നതും വയറു വീര്‍ക്കുന്നതും വീര്‍ത്ത വയറിലെ ചലനങ്ങളും അനുഭവങ്ങളായ മാസങ്ങള്‍.. എട്ടു മാസം വയ റിനെ അലകള്‍ ഒടുങ്ങാത്ത കടല്‍ പോലെയാക്കി ഉള്ളില്‍ കിടന്ന ജീവന്‍ ഒരു കാ ഴ്ചക്ക് പോലും ഇടം തരാതെ ഈ ലോകത്തെ നിഷേധിച്ചു കടന്നു പോയപ്പോള്‍ ആശുപത്രിയിലെ വെള്ളക്കുപ്പായമിട്ട നേഴ്സുമാര്‍ പാല്‍ വറ്റിക്കാന്‍ എന്റെ മുലകളില്‍ മണമുള്ള മുല്ലപ്പൂമാല ചുറ്റിക്കെട്ടി. വെളുത്ത് നനുത്ത, മണമുള്ള മു ല്ലപ്പൂക്കള്‍ക്ക് മുലപ്പാല്‍ വറ്റിക്കാനുള്ള ക്രൌര്യ മനസ്സുണ്ടെന്നറിഞ്ഞത് അക്കാ ലത്താണ്.
പിന്നെയും രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു പാര്‍വതിയെ പ്രസവിക്കാന്‍. ഓപ്പറേഷന്‍ തിയ്യേ റ്ററില്‍ നിന്നു ബോധം  വീണ ശേഷം മുറിയിലേക്ക് എ ന്നെ മാറ്റുമ്പോള്‍ കുട്ടിയെ കാണാത്ത ആധിയിലായി രുന്നു ഞാന്‍. എവിടെ കുട്ടി എവിടെ കുട്ടി” എന്ന ചോ ദ്യത്തിന് ഉത്തരമെന്നോണം കുട്ടിയുമായി എന്റെ   അമ്മ.കുറച്ചു നേരത്തേക്കെങ്കിലും മനസ്സില്‍ നിറഞ്ഞ  ഭീതി കൊണ്ട് ആദ്യത്തെ മുലയൂട്ടല്‍  

എനിയ്ക്ക് നിര്‍വൃതിയാണോ  ആശ്വാസമാണോ  തന്നത് എ ന്നു പോലും ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല .ഒന്നൊന്നര വര്‍ഷം കഴിഞ്ഞു മുലയൂട്ടി മതിയാവും മുന്‍പേ മുലക്കണ്ണിലൂടെ പട
ര്‍ന്നു കയറിയ പഴുപ്പ്. നിവൃത്തികേടു കൊണ്ട് മുലക്കണ്ണില്‍ ചെന്നിനായകം തേച്ചു ഞാന്‍. . ഒരു രാത്രി മുഴുവന്‍ തേങ്ങലൊ തുങ്ങാതെ മയങ്ങിയ കുഞ്ഞു പാര്‍വതിയുടെ മുഖം ഇന്നും തെളിമയോടെ  മനസ്സിലുണ്ട്. 
നടന്നു തുടങ്ങിയ കാലത്ത്, രാവിലെ കുളി കഴിഞ്ഞു ബ്ലൌസി ടാതെ പുറത്തിറങ്ങുന്ന മുത്തശ്ശിയെ കാണാന്‍ കളിക്കിടയിലാ യാലും  എന്റെ ഒക്കത്ത് നിന്നായാലും ഊര്‍ന്നിറങ്ങി ഓടുന്ന പാര്‍വതിയെ കണ്ടു ചിരിച്ചു കൊണ്ട് അമ്മ ഉറക്കെ വിളിച്ചു പറയും,“സുധേ കുട്ടിക്ക് അമ്മിഞ്ഞ കുടിച്ചു മതിയായിട്ടില്ലാട്ടോ അതാണിങ്ങനെ ഓടി വരുന്നത്” എന്ന്.വാത്സല്യത്തോടെ എടുത്തു ഒക്കത്ത് വയ്ക്കുമ്പോള്‍ കുട്ടി യുടെ മുഖത്ത് വിരിയുന്ന കള്ളപ്പുഞ്ചിരി...
                                         
( അ. അമ്മ. അമ്മിഞ്ഞ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മക്ക് വേണ്ടി എഴുതിയത് )
            




Saturday 4 May 2013

സുനിതാ...

ഈയിടെ പടികള്‍ ഇറങ്ങുമ്പോള്‍ ഇടയ്ക്കു പടികള്‍ക്ക് വീതി കുറഞ്ഞു പോയെന്നും വീഴാന്‍ പോകുന്നെന്നും ഒരു മതിഭ്രമത്തില്‍ അകപ്പെടാറുണ്ട് ഞാന്‍.. വിശ്വാസക്കുറവിന്റെ, പേടിയുടെ ഒരു ആളല്‍ ഉള്ളിലൂടെ പാഞ്ഞു പോകുന്നത് ഞാന്‍ അറിയും. വശങ്ങളിലുള്ള റെയിലിങ്ങില്‍ ഒരു താങ്ങ് തേടും അപ്പോള്‍.. അത് യാഥാര്‍ഥ്യം അല്ലെന്നതിനാല്‍ ആ അവസ്ഥയെ കടന്നു പോരാന്‍ എനിക്ക് നിമിഷങ്ങള്‍ മതി. 
മരണത്തിന്റെ നിത്യതയിലേക്ക് പ്രകാശ് നടന്നു പോകുമ്പോള്‍ സുനിതാ, എന്റെ സുഹൃത്തേ, തനിക്കുണ്ടാവുന്നത് മതിഭ്രമമല്ല എന്നറിയുന്നു. പടികളില്‍ കാല്‍ തെന്നിയോ റെയിലിങ്ങില്‍ കൈ വഴുതിയോ താഴെ വീഴുന്നെന്ന ഭീതിയും തോന്നലല്ല എന്നും അറിയുന്നു. 
ഈ അവസ്ഥയെ കടന്നു പോരാന്‍, തനിച്ചാവുന്നെന്ന ഈ സങ്കടത്തെ നേരിടാന്‍ എന്റെ സുഹൃത്തിനും കുട്ടികള്‍ക്കും കാലം കരുത്ത് നല്‍കട്ടെ
                                                          

Saturday 27 April 2013

അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം















പദ്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുമായി എന്റെ സുഹൃത്ത് നടത്തിയ ഈ സംഭാഷണത്തിന് ഒരു 20-25  വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകും. അന്ന് ഓഡിയോ ടേപ്പില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണ് ഇത്. അപൂര്‍ണ്ണമായ ഈ സംഭാഷണം എഡിറ്റ്‌ ചെയ്യാതെ പോസ്റ്റ്‌ ചെയ്യുന്നു.


ചോദ്യം : ചാക്യാര്‍ കൂത്തിന്റെ ഉത്ഭവം എങ്ങനെ ആണ്?

അമ്മന്നൂർ : അത് നൈമിഷികാരണ്യത്തില്ഋഷികള്‍ക്ക് സൂതന്‍ കഥ പറഞ്ഞു 

കൊടുക്കുന്ന സങ്കേതമാണ്. തപസ്വികള്‍ അവരുടെ കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു 

സ്വസ്ഥമായിരിക്കുന്ന സമയത്ത്ഈശ്വര കഥകള്‍ തന്നെ കേള്‍ക്കണം എന്നുള്ള 

ഉദ്ദേശം കൊണ്ട് ഉണ്ടാക്കീട്ടുള്ള സങ്കേതം. സൂതനെ കൊണ്ട് ദേവന്മാരുടെ കഥ 

പറയിക്യാവിഷ്ണുവിന്റെയും ശിവന്‍റെയും ഒക്കെ ആയിട്ട്. ആ കഥ 

പറയലിലെ സൂതനെ ബലരാമന്‍ ശിര:ഛെദം ചെയ്തത്രേബ്രാഹ്മണ സദസ്സില്‍ 

അവരെക്കാള്‍ ഔന്നത്യത്തില്‍ ഇരിക്കുന്ന കണ്ടപ്പോള്‍. ഈ ഒരു സദസ്സില്‍ ആ 

ഒരാളെ സിംഹാസനത്തിലി രിക്കൂ അല്ലെആ കഥ പറയുന്ന ആള് മാത്രമേ 

പീഠത്തിലിരിക്കൂ ബാക്കിയെല്ലാവരും നിലത്താണിരിക്ക്യാരാജാവാണെങ്കില്‍ 

പോലും. അതൊക്കെ ഈ സങ്കല്‍പ്പത്തെ ആസ്പദമാക്കീട്ടുള്ളതാണ്. ഇതിനു 

ഭഗവത് കഥകളാണ് പറയുക. മേല്പ്പത്തുരാണ് പ്രബന്ധങ്ങള്‍ ഉ ണ്ടാക്കീത്‌ 

ദൂത് രാജസൂയം...തുടങ്ങിയവ .മുന്‍പ് അമ്പലത്തിലേ പ തിവുള്ളു. ഇപ്പഴാണ് 

ആളുകളെ അന്വേഷിച്ചു കൂത്ത്‌ പുറത്തേക്കിറങ്ങിയത്. രണ്ടുമായിട്ടു നല്ല 

മാറ്റണ്ട്. ഇതിനു പ്രത്യേകിച്ചു ഒരു സങ്കേതം ണ്ട്അവിടെ മാത്രേ നടക്കുള്ളൂ 

എന്ന് വന്നാല്‍ ആവശ്യമുള്ള ആളുകള്‍ അങ്ങട് അന്വേഷിച്ചു വരും ല്യേആ 

ചരിത്രം കേള്‍ക്കാം ന്ന് ആഗ്രഹിച്ചു വരണോരാണെങ്കില്‍ ആ സങ്കേതത്തില്‍ 

യാതൊരു ശല്യവുമുണ്ടാവില്ല. ഇപ്പൊ ആള്‍ക്കാരുടെ ഇടേല്‍ക്ക് ചെന്നപ്പോ 

എന്താ പറ്റീത്ന്ന്ച്ചാല്‍ ആ ബഹളങ്ങള്‍ക്കിടയില്‍ ഇതും കഴിച്ചുപോരാം ന്നുള്ള 

നെല്യായി. കച്ചവട ചരക്കു പോല്യായി. അത് എല്ലാ പ്രവൃത്തികള്‍ക്കുമുണ്ട്. 

ആളുകളും ഇതിനെടെല് വര്‍ത്തമാനം പറയും. ഇതെന്തിനാ പറേണതു ന്ന് 

ചോദിക്കും. കേട്ടില്യാന്നു നടിക്ക്യെ ഗതീള്ളൂ. ഒരേ ചരിത്രം തന്നെ അനവധി 

ആളുകള്‍ കേള്‍ക്കുമ്പോ ചിലര്‍ക്ക് ഇഷ്ടായില്യാന്നു വരും ല്യേഇവിടെ 

ഹിതാഹിതം നോക്കലില്യ. ആ വക്താവിന് എന്തൊക്കെ പറയാം അതൊക്കെ 

പറയാം.
ചോദ്യം : ഫലിതം തമാശ ഇവയുടെ സ്ഥാനമെന്താണ് കൂത്തില്‍?

അമ്മന്നൂർ: ഇവ നിര്‍ബന്ധം ല്യ. അത് പറഞ്ഞോളണംന്നൂല്യ. കയ്ക്കണ മരുന്ന് 

സേവിക്കേണ്ട ആവശ്യത്തിനു രോഗിക്ക് ശര്‍ക്കര്യോ പഞ്ചസാര്യോ ചേര്‍ത്ത് 

കൊടുക്കില്യെആ സ്ഥാനെള്ളൂ ഈ നേരം പോക്കിന്. ആവുന്നിടത്തോളം 

പറയാംകേള്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍. പിന്നെന്താ പ്രയോജനം ന്ന് 

വച്ചാല്‍, അതൊരു വിമര്‍ശനായിട്ടും വരും. അന്യരുടെ ദോഷം പറയുമ്പോഴേ 

രസം വരൂ. അതാണിപ്പോ പ്രധാന നേരം പോക്കായി എടുക്കുന്നത്. 

മനുഷ്യര്‍ക്ക്‌ രസിക്കാനുള്ള വിഷയം രണ്ടെണ്ണമേയുള്ളൂ. ഒന്നുകില്‍ 

അവരവരുടെ അഭിമാനം പറയ്യാ അല്ലെങ്കില്‍ അന്യരുടെ ദോഷം പറയ്യാ .. ഇത് 

രണ്ടുമൊഴിച്ചു എന്തെങ്കിലും ണ്ടോ പറയൂകാണില്ല. ഇപ്പൊ 

പറയലല്ലപ്രവര്‍ത്തിക്കലും തുടങ്ങീട്ട്ണ്ട്.
വളരെ മനസ്സിരുത്തണം ഇപ്പൊ ഇതൊക്കെ കഴിച്ചു പോരാന്‍.. ഇപ്പോഴത്തെ 

കുട്ടികള്‍ക്കാവുമ്പോ അത്ര പ്രയാസം ണ്ടാവില്യ. എന്ത് ശല്യം വന്നാലും 

സാരല്യാന്നു നടിച്ച് കാര്യം കഴിച്ചു കൂട്ടി പോരാനാവും. എനിക്കാവുമ്പോ 

അത്രേം മനസ്സ് വരില്യ. ഈ സംസാരിക്കുന്നതിനിടക്ക് ആരെങ്കിലും എന്തെങ്കി 

ലും  മറുപടി പറയ്യേ .. എന്തെങ്കിലും ഒന്ന് ചെയ്താല്‍ ആ സങ്കേതത്തില് കൂത്ത് 

വയ്യാന്നാണ് പഴേ നിയമം. തിരുവില്വാമലേല് അങ്ങനെണ്ടായിട്ട്ണ്ട്. 

കൂത്തിനായുള്ള പ്രത്യേക മുടീല്യേ അത് വലിച്ചൂരും. പിന്നവിടെ കൂത്തില്യ.
അന്ന് രാജാക്കന്മാരോക്കെ എന്ത് കളിയാണ് കളിച്ചേര്‍ന്നേ ...കൂത്തിലെ 

അന്നത്തെ കേമന്മാരോക്കെ നല്ല വിമര്‍ശകരാണ്. നേരം പോക്ക് 

വിമര്‍ശനായിട്ടു വരും ന്ന് പറഞ്ഞില്യേരാജാക്കന്മാരെ സംബന്ധിച്ചുള്ള 

ദോഷങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കലാണ് അന്നത്തെ വിമര്‍ശനം. 

മഹാരാജാവിന്റെയൊക്കെ ദോഷം പറയാന്‍ സാധാരണക്കാര്‍ക്ക് 

പറ്റ്വോന്നൂല്യ. അതിനുള്ള അധികാരോക്കെ ഈ പ്രസ്ഥാനത്തിന് 

കൊടുത്തിട്ടുണ്ട്‌.. എന്ത് പറഞ്ഞാലും കേക്കന്ന്യേ ഗതീള്ളൂ. അല്ലെങ്കില്‍ എണീറ്റ്‌ 

പോരാം അപ്പൊ അധികായി ശല്യം ല്യേഎണീറ്റ്‌ പോരുമ്പോപറഞ്ഞത് 

സത്യം ന്ന് സ്ഥാപിക്കലായില്യെ?
(ഈ അഭിമുഖം അപൂർണമായതിൽ ഖേദിക്കുന്നു. അന്നുണ്ടായിരുന്ന 

 മേളപ്രമാണിമാർ, കുറുംകുഴൽ വിദ്വാൻമാർ എന്നിങ്ങനെ എന്റെ 

സുഹൃത്തിന് ആരാധന തോന്നിയവരുമായി എല്ലാം   നടത്തിയ അഭിമുഖ 

ങ്ങളുടെയെല്ലാം ഓഡിയോ പകര്ത്തി എഴുതുകയുണ്ടായി. ഇത് മാത്രമേ 

ഇപ്പൊ കയ്യിൽ ഉള്ളൂ )
                                                                               

Monday 1 April 2013

ഇന്നെന്റെ നൊമ്പരം

കഴിഞ്ഞ ദിവസം ഞാന്‍ കണ്ട ആ സിനിമ ഏതായിരുന്നു? താന്‍ 

അന്ധയാവുകയാണ് എന്ന് മെഡിക്കല്‍ സയന്‍സ് വിധിയെഴുതിയപ്പോള്‍ 

ജീവിതത്തിലും ഇരുട്ട് വീണു പോയി എന്നന്തിച്ചു തളര്‍ന്നു പോയ മകള്‍ക്ക് 

കാവലാളാവുന്ന അന്ധനായ അച്ഛന്റെ (ശ്രീനിവാസന്‍ ) കഥ പറയുന്ന ആ 

സിനിമ? കണ്ണില്‍ ഇരുട്ട് വീഴും മുന്പേ മനസ്സില്‍ വെളിച്ചം നിറച്ചു കൊടുത്ത 

അച്ഛനെ കാണിച്ചു തന്ന ആ സിനിമ ?


തളര്‍ന്നു പോയ മനസ്സുകളിലെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന 

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എത്രയെത്ര ജീവിതങ്ങളുണ്ടാകും 

ഇങ്ങനെ ???? അത്തരം ജീവിതങ്ങള്‍ക്ക് മുന്നില്‍ നൂറായിരം പ്രണാമം..........

                                                                      

Friday 8 March 2013

മാര്‍ച്ച് 8-ഉം ഷാഹിനയും

ഷാഹിന

ചിന്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇടമില്ലാത്ത മരവിച്ച മനസ്സുകളോട് സ്വാ തന്ത്ര്യത്തിന്റെ ഒരു തിരി വെളിച്ചമെങ്കിലും ഉള്ളില്‍ സൂക്ഷിക്കേണ്ടതുണ്ട് ന മ്മള്‍ സ്ത്രീകള്‍ എന്ന ഓര്‍മ്മപ്പെടുത്തലാണ് മാര്‍ച്ച് 8. പക്ഷെ വനിതാ ദിനം എ ന്ന പേരില്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കേണ്ടതാണോ സ്ത്രീകളുടെ ഒത്തുചേരലും അവകാശ പ്രഖ്യാപനങ്ങളും ? 


പ്രതീക്ഷകളോടെയായിരുന്നു സ്കൂളിലെ വനിതാദിനാചരണത്തെ കാത്തിരു ന്നത്. പക്ഷെ, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സ്പര്‍ശിക്ക പോലും ചെയ്യാത്ത രണ്ടു അറുബോറന്‍ പ്രസംഗങ്ങള്‍,പ്രസക്തമായ ചിന്തകള്‍ ഉണ്ടായിട്ടും ആര്‍ ജ്ജവമില്ലാതെ പോയ മൂന്നാമത്തെ പ്രസംഗം, കൃത്യമായ വിവരണങ്ങള്‍ ഇല്ലാ ത്തതിനാല്‍ സംവദിക്കപ്പെടാതെ പോയ വീഡിയോ പ്രദര്‍ശനങ്ങള്‍ ....നിറം മങ്ങിയ ഒന്നായിപ്പോയി ആഘോഷങ്ങള്‍



അതിനാല്‍ തന്നെ മനസ്സ് ആശയോടെയും അത്ഭുതാദരങ്ങളോടെയും ആയിരു ന്നു  ഷാഹിനയെ കാത്തിരുന്നത്.

ഞങ്ങള്‍ കയറിച്ചെന്നത്‌ തീരെ ശുഷ്കമായ ഒരു സദസ്സിലേക്കായിരുന്നു.ചേതന യുടെ വനിതാ ദിനാചരണത്തിന്റെ മുഖ്യ അതിഥിയായ ഷാഹിന എത്തുമ്പോ ഴും അവിടെ ഒരു സമ്മേളനത്തിന്റെ  തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നില്ല

പിന്നെ ഔപചാരികതകളൊന്നും ഇല്ലാതെ തുടങ്ങിയ ഒരു കവിതാസ്വാദനം. സച്ചിദാനന്ദന്റെ"മീര പാടുന്നു" എന്ന കവിതയുടെ മനോഹരമായ ആലാപനം. ഈ കവിതയെ നിങ്ങള്‍ എങ്ങനെ ആസ്വദിച്ചു എന്ന ചോദ്യവുമായി മൈക്ക് സദസ്സിലേക്ക് നീണ്ടപ്പോഴാണ് കൌതുകമേറിയത്. ഭയം വലിച്ചെറിഞ്ഞു പെണ്‍ ചിറകില്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തില്‍ പറന്നിടാനാണ് കവിയുടെ ആഹ്വാ നം എന്നതായിരുന്നു ആദ്യപ്രതികരണം. ഷാഹിന പറഞ്ഞു തുടങ്ങിയതും അ വിടെ നിന്ന് തന്നെ.

ഭയം വെടിയുക എന്നത് ഒന്ന് മാത്രമാണ് സ്ത്രീകള്‍ക്ക് മുന്നിലെ ഏക വഴി എ ന്നൂന്നി കൊണ്ടാണ് ഷാഹിന പ്രസംഗം തുടങ്ങിയത്. പിന്നെ മാധ്യമ പ്രവര്‍ത്ത നത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചു എത്തിയത് സൂര്യനെല്ലി പെണ്‍കുട്ടിയി ലാണ്. എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങ ളില്‍  നിന്നും അകന്നു പോകുന്നത് എന്നതിന്റെ ഉദാഹരണമായാണ്,ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകളെ, ഷാഹി ന  സദസ്യരുടെ മുന്നില്‍ വയ്ക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടി എന്നതില്‍ കവി ഞ്ഞ് ആ കുട്ടിയെ പേര് വിളിക്കാന്‍ കഴിയുന്ന, ഒരു സാമൂഹ്യ ജീവിതം സാധ്യ മാക്കി കൊടുക്കാനായി ഒന്നും തന്നെ ചെയ്യാന്‍ താനടക്കം ആര്‍ക്കും കഴിഞ്ഞി ട്ടില്ലെന്ന കുറ്റബോധം ഷാഹിന പങ്കുവച്ചു.സൂര്യനെല്ലി പെണ്‍കുട്ടിക്കും നമുക്കു മിടയില്‍ ഭാഗ്യത്തിന്റെ ഒരു നേര്‍ത്ത അതിര്‍വരമ്പ് മാത്രമാണ് ഉള്ളതെന്നു ഷാഹിനയിലൂടെ ഞങ്ങളും അറിഞ്ഞു

ഇതൊരു ആക്സിഡന്റ്റ്‌ മാത്രമാണെന്നും ഇത് തങ്ങളുടെ കുറ്റം കൊണ്ട് സംഭ വിച്ചതല്ല എന്നും സൂര്യനെല്ലി പെണ്‍കുട്ടിയെ പോലുള്ളവരെ ബോധ്യപ്പെടു ത്തി  അവരെ തിരിച്ചു പഠനത്തിന്റെ അല്ലെങ്കില്‍ ഒരു സാമൂഹ്യജീവിതത്തി ന്റെ എല്ലാ ആനന്ദങ്ങളിലെക്കും തിരിച്ചുകൊണ്ട് വരാന്‍ കഴിയുന്നില്ല എന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പരാജയം എന്നു ഷാഹിന തുടര്‍ന്നു . ഇ ത്തരം ക്രൂരമായ ഒരു അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്ന ഒരു സ്ത്രീ ഇങ്ങനെ ഒരു വേദിയില്‍ വന്നു നിന്നു ഞാനിങ്ങനെ ഒരു അനുഭവം ഉണ്ടായ ഒരാളാണെന്നും ഇങ്ങനെയാണ് ഞാനതിനെ അതിജീവിച്ചത് എന്നും ഒരു സ്ത്രീ കരുത്തോടെ എങ്ങനെ ഇത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കണമെന്നും ഇത്ത രം അനുഭവങ്ങളില്‍ നിന്ന് ഒരു സ്ത്രീ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണ് വേണ്ടത് എന്നും, എന്നാണ് ഒരു victim-നു പറയാനാവുക അന്ന് മാത്രമേ ഈ സ്വാതന്ത്ര്യത്തിനും ഈ പ്രതീക്ഷകള്‍ക്കും അര്‍ഥമുള്ളു എന്ന് താന്‍ വിശ്വസി ക്കുന്നു എന്ന് ഷാഹിന പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞങ്ങളും ആ സത്യത്തെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.



വാര്‍ത്തയാവുന്ന ഓരോ ജീവിതത്തോടും ഉള്ള ഈ താദാത്മ്യം പ്രാപിക്കലാണ് ഷാഹിനയുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ കരുത്ത്.

ആരില്‍ നിന്നുമുള്ള മോചനമല്ല പകരം ജനാധിപത്യരീതിയില്‍ സ്ത്രീക്കും പുരുഷനും തുല്യതയുള്ള കുറെ കൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരു ക്കുക എന്നതാണ് തന്റെ ഫെമിനിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്ന് ഷാ ഹിന വ്യക്തമാക്കി. അത് തന്നെയാണ് വനിതാദിനത്തിന്റെ പ്രാധാന്യമെന്നും.


ഷാഹിനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കടന്നു പോയി എന്റെ ഈ വര്‍ഷത്തെ മാര്‍ച്ച് 8