Tuesday 27 October 2015

ഓര്‍മ്മകളുടെ നിലാവ്



ഓര്‍മ്മയുടെ ഒരു നൂല്‍വരമ്പിലൂടെയാണ്

ഞാന്‍ നിന്നിലെത്തിയത്

നിലാവിന്റെ ലോകത്ത്.


പൊഴിഞ്ഞിറങ്ങുന്ന,

ഓര്‍ത്തോര്‍ത്ത് വെളുത്തു പോയ

ഓര്‍മ്മകളുടെ നിലാവ്

നനുത്ത നൊമ്പരചീളുകള്‍

ഇരുളലകളാവുമ്പോള്‍

പതഞ്ഞു വീഴുന്ന

നിന്നോര്‍മ്മകളുടെ വെളുപ്പ്


നിന്റെ വെളുത്തുപോയ ഓര്‍മ്മകളാണ്

ഉള്ളിലെ ഇരുളിനെ കാട്ടിത്തന്നത്‌

ഇരുളില്‍ ഒറ്റയായപ്പോഴായിരുന്നു

നിന്റെ നഷ്ടം ഞാന്‍

കരഞ്ഞു തീര്‍ത്തത്





Friday 2 October 2015

മനസ്സിലെ സ്വപ്നക്കാട്

     
            


ചെടിച്ചെട്ടിയിലെ
ചെടിയെ പോലെയാണിപ്പോള്‍
ജീവിതങ്ങള്‍.

വിശ്വാസത്തിന്റെ
ഒരു പിടി മണ്ണില്‍
ആഴ്ന്നിറങ്ങിയ വേരുകളിലാണ്
നിവര്‍ന്നു നില്‍ക്കുന്നത്.
വലിച്ചെടുക്കുന്ന വെള്ളത്തില്‍
സ്നേഹത്തെക്കാള്‍
നിറയുമന്നജങ്ങള്‍
വെയിലും മഞ്ഞും, മഴയും
തട്ടാതെ, തളര്‍ത്താതെ
പുഴുക്കുത്തുകള്‍ വീഴാതെ
കാക്കും കാവലാള്‍
ചെറിയ പൊക്കത്തില്‍ തന്നെ   
വലിയ ലോകത്തെ അളക്കും,
പണയം വയ്ക്കപ്പെട്ട മനസ്സുകള്‍

കൊഴിഞ്ഞു വീഴുന്ന മോഹങ്ങളുടെ
ഇലകളോട്,
അളിഞ്ഞലിഞ്ഞു ചേരുന്നതെ-
ന്നിലേക്ക് തന്നെയെന്നൊരു
സാന്ത്വന വാക്കിന് മുന്‍പേ
പെറുക്കിയകറ്റും
മണമില്ലാത്ത കാറ്റ്
ഇലക്കൈകളില്‍ ഒളിച്ചു കളിക്കുന്ന
മഞ്ഞു തുള്ളിയോ
ഇറ്റു വീഴുന്ന
മഴയുടെ സ്നേഹമോ ആണ്  
ഋതുഭേദങ്ങളെ
പറഞ്ഞു തരിക

അപ്പോഴെല്ലാം –

കാടിന്റെ കാറ്റിനെന്തൊരു
മണമെന്നു പുലമ്പാറ്
മുല്ലയാണ്

“ആഴിയോളം ആഴമുള്ള
മണ്ണിലെ നീണ്ട വേര്
പൊങ്ങി നിവരാന്‍
സ്വാതന്ത്ര്യത്തിന്റെ
അനന്തമായ ആകാശം
കാട്ടുമരങ്ങള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കും,
കാട്ടുജീവി കുലങ്ങള്‍ക്കുമിടയിലെ
അതിജീവന പാഠങ്ങള്‍ “

ഈട്ടം കൂട്ടി വച്ചയീ
സ്വപ്നക്കാടിന്റെ
തീക്ഷ്ണമണമാണ്‌
വെണ്‍നിലാവ് തലോടി
വെളുപ്പിച്ചിട്ടും
മായാതെ നിന്നതെന്ന്
മുല്ല പിന്നെ ചിരിയ്ക്കും

ഞാന്‍ മോഹിക്കും
  ഓരോ ചെടിയില്‍ നിന്നും
മോഹവേരുകള്‍ പൊട്ടി മുളച്ച്
  ചട്ടിയെ തുളച്ച്
പുറത്തേയ്ക്ക് നീണ്ട്,
മണ്ണിലാഴ്ന്ന്,
ഭൂവിന്റെ മാറില്‍ തൊട്ട്
മോഹവള്ളികളും ശാഖകളും
പടര്‍ന്നു പടര്‍ന്നു കേറി
ആകാശത്തോളം നിവര്‍ന്നൊ-
രുക്കുന്ന കാടിന്റെ

നടുവിലാകണം എന്റെ നാട്