Friday 11 April 2014

എന്റെ അമ്മ






അമ്മ 
അലിവിന്റെ കടലാഴം .

അകലത്തെ സ്വാതന്ത്ര്യം 
ഉള്ളിലെ കനലെന്നു,
അറിഞ്ഞവള്‍
എരിയുന്ന സൂര്യനെ 
ഇരുളില്‍ 
ഒളിപ്പിച്ചവള്‍
പകല്‍
സ്വന്തമല്ലാത്ത ആകാശത്തേക്കു 
കനല്‍ 
വലിച്ചെറിഞ്ഞ്
വെളിച്ചം പകര്‍ന്നവള്‍

കനവിന്റെ കാറ്റില്‍
പതഞ്ഞ് പൊങ്ങും
തിരകളെ 
കനിവിന്റെ തീരങ്ങളില്‍ 
ചിരിനുരയാക്കിയവള്‍

അറിവിന്റെ കനിവ് 

ഇടറിയ നേരങ്ങളില്‍ 
മെലിഞ്ഞു നീണ്ട 
വിളര്‍ത്ത രൂപത്തില്‍ 
അറിയുന്ന സ്പര്‍ശം 

ഇപ്പോള്‍ 
ഏകാന്തതയുടെ 
മണം പിടിച്ച്
നാലുകെട്ടിന്റെ 
പരിചയവേഗങ്ങളില്‍
സമയത്തെ 
ജയിക്കാന്‍ മോഹിക്കുന്നവള്‍ 

എന്റെ അമ്മ 
അലിവിന്റെ കടലാഴം 






Thursday 10 April 2014

ജീവിതവണ്ടി




ഈയിടെ,
ഞാനൊരു വണ്ടി സ്വപ്നം കാണുന്നു.
നിറയെ യാത്രക്കാരുള്ള
ഓടാന്‍ ഊര്‍ജ്ജമുള്ള
ഒരു വണ്ടി...

കാഴ്ചകളില്‍ ഭ്രമിച്ച്,
ലക്‌ഷ്യം മറക്കുന്ന
ഓടുന്ന താളം ശ്രവിക്കവേ
താണ്ടേണ്ടുന്ന ദൂരം ഓര്‍ക്കാത്ത
കിതപ്പാറ്റേണ്ടാത്ത വണ്ടി

കെട്ട ഓര്‍മ്മകളുടെ
ഇരുളടര്‍ന്ന വഴിയില്‍
മനമൊതുക്കി,
നിശ്ശബ്ദതാളത്തില്‍
പതിഞ്ഞ വേഗത്തില്‍
വെളിച്ചത്തെ തേടുന്ന വണ്ടി

എണ്ണയേറിയ വിളക്കിലെ
കത്താന്‍ മടിക്കുന്ന
തിരി പോലെ
അലസയായ വണ്ടി

യാത്രക്കാരും
വളയവും വിട്ട്
ലക്ഷ്യവും
മാര്‍ഗവും വിട്ട്
വെറുതെ അലയാന്‍
മോഹിക്കുന്ന വണ്ടി

ഈയിടെ
ഞാനൊരു വണ്ടി സ്വപ്നം കാണുന്നു 



Wednesday 9 April 2014

മഴയും ഞാനും



മഴ,
അവള്‍ എന്നും
എന്റെ പ്രിയപ്പെട്ടവള്‍

കാഴ്ചകള്‍ക്ക് മുന്നില്‍
മറയായി പെയ്ത്
അവളെന്നെ
അവളുടെ മാത്രം കൂട്ടുകാരിയാക്കി

കുളത്തിലെ
തണുത്ത വെള്ളത്തില്‍
മുങ്ങാംകുഴിയിട്ടു പൊങ്ങുമ്പോള്‍
ഒളിഞ്ഞു നിന്നെന്നും പറഞ്ഞ്
അവളെന്റെ മേല്‍
സങ്കടത്തിന്റെ നീര്‍ത്തുള്ളികള്‍ എറിഞ്ഞു..

കുട കൊണ്ടെന്നെ
ഞാന്‍ മൂടിയപ്പോള്‍
കാറ്റ് കൊണ്ട്
കുട എടുത്തെറിഞ്ഞു
അവളെന്നെ പൊതിഞ്ഞു കരഞ്ഞു
അപ്പോഴവളെന്റെ മകളായി

അവള്‍,
എനിക്കെന്റെ
യാത്രകളില്‍ കൂട്ട് വന്നാല്‍ മതി...
അവളെന്റെ മുന്നില്‍ നടന്നോട്ടെ...

ആ നനഞ്ഞ വഴികളിലൂടെ
ഭൂമിയുടെ സ്നേഹം പാദങ്ങളില്‍
ചേര്‍ത്തുപിടിച്ചു ഞാന്‍
പിന്നാലെ പൊയ്ക്കൊള്ളാം