Wednesday 8 January 2014

ദൃശ്യം ( സിനിമ)- ഒരു വിയോജനക്കുറിപ്പ്


ഏറെ കൊണ്ടാടപ്പെട്ട ദൃശ്യം എന്ന സിനിമ കാണാന്‍ പോയത് ഇന്നലെയാണ്. മിക്കവാറും ഒഴിഞ്ഞു കിടക്കാറുള്ള സീറ്റുകള്‍ മുഴുവന്‍ ഇന്നലെ നിറഞ്ഞിരുന്നു. ആകാംക്ഷയോടെ കാത്തിരുന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സംശയിച്ചു എന്തുകൊണ്ടാണ് ഈ സിനിമ ഇത്രയേറെ ആഘോഷിക്കപ്പെട്ടത്‌?വിഷയത്തിന്റെ പ്രാധാന്യം ? (പ്രാധാന്യമുള്ളത് തന്നെ. പക്ഷെ ആ വിഷയത്തെ സമീപിക്കേണ്ടത് ഇങ്ങനെയാണോ?), സാങ്കേതികത? ( അതില്‍ എനിക്കറിവു തീരെയില്ല), അഭിനയത്തികവ്? (അത് ഞാന്‍ കണ്ടില്ല ആരിലും,ആ കൊച്ചുപെണ്‍കുട്ടിയിലൊഴിച്ച്).

അത്യന്തം നെഗറ്റിവ് ആണ് ഈ സിനിമ, സ്ത്രീവിരുദ്ധവും.


ഒരമ്മ എന്ന നിലയില്‍ എന്നെ ഭയപ്പെടുത്താന്‍ ആയിട്ടുണ്ട് സിനിമക്ക്. പലപ്പോഴും വളരെ നെര്‍വസ്സ് ആയി ഇറങ്ങിപ്പോരാന്‍ തോന്നുന്നത്രയും ശക്തമായ ഒരു കഥാതന്തു അല്ലെങ്കില്‍ വിഷയം അതിലുണ്ട്. എന്റെ കുട്ടിയുമൊത്തു സ്വതന്ത്രമായി ഇറങ്ങി നടക്കാനും മകളെ ഒറ്റയ്ക്ക് പുറത്തേയ്ക്കും കൂട്ടായ്മകളിലേക്കും വിടാനും പേടിക്കേണ്ടതുണ്ടോ എന്നൊന്ന് ഭയന്ന് പോയി എന്നിലെ അമ്മ മനസ്സ്. ഇത്തരം ഭയത്തെ മുന്നറിയിപ്പുകളായി മകള്‍ക്ക് പകരും ഓരോ അമ്മയും. വളര്‍ച്ചയുടെ ഓരോ പടവിലും ഇത്തരം മുന്നറിയിപ്പുകളിലൂടെ, മുന്‍ധാരണകളിലൂടെ കടന്നുപോകുന്ന ഓരോ പെണ്‍കുട്ടിയും എങ്ങനെയായിരിക്കും ഒരു പുരുഷനെ കാണുക? തന്റെ സഹജീവിയായിട്ടോ അതോ എപ്പോള്‍ വേണമെങ്കിലും രൂപം മാറാവുന്ന ഒരു ദുഷ്ടമൃഗമായിട്ടോ?

എപ്പോഴും ആരുടെയൊക്കെയോ സംരക്ഷിത കവചങ്ങളില്‍ കുരുങ്ങിക്കിടന്ന് ഒരു പരീക്ഷണത്തെയും നേരിടാന്‍ കെല്‍പ്പില്ലാത്ത കുറെ പെണ്‍ജന്മങ്ങളെ സൃഷ്ടിക്കലാണോ ഇത്തരം സിനിമകള്‍ കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധത? തനിക്കു നേരെ നീണ്ടു വരുന്ന ഭയപ്പെടുത്തുന്ന ഒരു ആപത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന ഒരു പാഠവും ഈ സിനിമ നല്‍കുന്നില്ല. പകരം ജീവിതാവസാനം വരെ നീണ്ടു പോയേക്കാവുന്ന കുറെ കുരുക്കുകള്‍ ഉണ്ടാക്കി വയ്ക്കുക മാത്രമാണ് ചെയ്യുന്നത്..

അത്യന്തം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സിനിമയില്‍ ഉടനീളം കാണാം. പെണ്ണ് എന്നാല്‍ അടുക്കളക്കാരി മാത്രമെന്ന്, അതിലപ്പുറം ലോകവിവരമൊന്നും അവള്‍ക്കുണ്ടാവില്ലെന്ന് മോഹന്‍ലാലെന്ന നായകന് വേണ്ടി എഴുതിയുണ്ടാക്കിയ സീനുകളില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. നിരാശപ്പെടേണ്ട ഇനി സ്ത്രീകള്‍ എന്ന മട്ടില്‍ മുന്നില്‍ കൊണ്ട് നിര്‍ത്തുന്ന ആശാ ശരത്-ന്റെ ഗീതാ പ്രഭാകര്‍ എന്ന പോലീസുദ്യോഗസ്ഥയോ, നായകന്‍റെ created story, ഗിമ്മിക്കുകള്‍ തിരിച്ചറിയാനുള്ള ബുദ്ധിവൈഭവം കാണിക്കുമ്പോള്‍ പോലും സ്വന്തം മകനെ കണ്ണടച്ച് വിശ്വസിക്കുന്ന പുത്രസ്നേഹിയായ അമ്മയാകുന്നു. എല്ലാം കൃത്യമായും വ്യക്തമായും ചിന്തിക്കാന്‍ പുരുഷന്‍ തന്നെ വേണം.. (പലപ്പോഴും കുങ്കുമപ്പൂവ് എന്ന സീരിയല്‍ നടിയുടെ ഭാവഹാവാദികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുമില്ല ആശാ ശരത്). നായക കഥാപാത്രത്തിനു മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലെന്ന ഇമേജ് കളങ്കിതമാകാന്‍ പാടില്ലാത്ത ഒരു നായകനെ കൂടി സൃഷ്ടിച്ചു വീണ്ടും എന്നല്ലാതെ എന്തുണ്ട് ഈ സിനിമയില്‍ പറയാന്‍?

സൂര്യനെല്ലി പെണ്‍കുട്ടി അനുഭവിക്കുന്ന നീതി നിഷേധം, തെളിവില്ലാതെ പോയ ഐസ്-ക്രീം പാര്‍ലര്‍ കേസ്,  കേസില്‍ നിന്ന് പിന്മാറാന്‍ വിതുര പെണ്‍കുട്ടിയെ നിര്‍ബന്ധിതയാക്കുന്ന സാഹചര്യസമ്മര്‍ദ്ദങ്ങള്‍, ഡല്‍ഹി സംഭവം ഇതെല്ലാം ഒരു സ്ത്രീ വിരുദ്ധ സമൂഹത്തിന്റെ സൃഷ്ടികളാണ്.  സുനിതാ കൃഷ്ണന്റേത് പോലെയുള്ള ഒരു അതിജീവനത്തിന്റെ കഥയും പറയാന്‍ ഇഷ്ടപ്പെടാത്ത പത്ര-ചാനല്‍ മാധ്യമങ്ങളും , പിന്നെ ഇത്തരം സിനിമകളും എല്ലാം ചേര്‍ന്ന് നിലനിര്‍ത്തുന്ന അതേ സമൂഹത്തിലാണല്ലോ ഞാന്‍ എന്റെ മകളെ വളര്‍ത്തേണ്ടത് എന്ന ദുഃഖം വാക്കുകളില്‍ ഒതുക്കാന്‍ ആകാത്ത വിധം അസഹ്യമാവുന്നു.


അതിനാല്‍ ദൃശ്യം എന്ന സിനിമയെ എന്റെ കാഴ്ചകളില്‍ നിന്നെടുത്തു ഈ ലോകത്തിന്റെ ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കയാണ് ഞാന്‍. കൂടെ ഈ സിനിമയെ കൊണ്ടാടുന്ന ഓരോരുത്തരോടുമുള്ള എന്റെ പ്രതിഷേധവും അറിയിക്കുന്നു.