Saturday 8 February 2014

പാടൂ പീതാംബരാ പാടൂ

കപ്പ ടി.വി.യിലെ മ്യുസിക് മോജോ എന്ന പ്രോഗ്രാമിലാണ്, ചാനല്‍ മാറ്റി മാറ്റി കളിക്കുന്നതിനിടയില്‍ അവിചാരിതമായി ഈ പാട്ട് കേള്‍ക്കുന്നത്. 




പാട്ടല്ല പക്ഷെ, ഈ പാട്ടുകാരനാണ് ഗൃഹാതുരത്വമുള്ള ഓര്‍മ്മകളിലേക്ക് എന്നെ കൈ പിടിച്ചു നടത്തുന്നത്; പീതാംബര മേനോന്‍ എന്ന, ഞങ്ങളുടെ നടവരമ്പിന്റെ പീതാംബരന്‍.
ഓര്‍മ്മകള്‍ ഒരുപാട് പഴയതാണ്., എന്നാല്‍ നിറം മങ്ങാത്തതും. നാല് വരെ പഠിച്ച ഐക്കരക്കുന്ന് എല്‍. പി. സ്ക്കൂള്‍ ജീവിതം മുതലുള്ളതാണ് എന്നിലെ തെളിമയുള്ള ഓര്‍മ്മകള്‍. ഇല്ലത്തിന്റെ പടിഞ്ഞാറ് വശത്ത് “എല്‍” ആകൃതിയിലുള്ള ഒരു ഓടിട്ട കെട്ടിടമായിരുന്നു ഐക്കരക്കുന്ന് സ്ക്കൂള്‍. ഇല്ലത്ത് നിന്ന് ഒന്നോടിയാല്‍ സ്ക്കൂളെത്തും. ടീച്ചര്‍മാരെ ഞങ്ങള്‍ “മേന്റം” എന്നാണ് വിളിച്ചിരുന്നത്‌. “ മാഡം” എന്നത് ഞങ്ങളുടെ ഗ്രാമ്യ ഭാഷയില്‍ “മേന്റം” ആയതാണോ എന്ന് ചികഞ്ഞു നോക്കിയിട്ടില്ല. ( അന്നത്തെ ചില കളികളിലും ഇങ്ങനെ ഇംഗ്ലിഷ് പദങ്ങളെ ഉച്ചാരണം മാറ്റി അര്‍ഥമില്ലാതെയാക്കി കണ്ടിട്ടുണ്ട് ഞങ്ങള്‍. “എമ്മാറെസ്” എന്ന ചോദ്യവും “ഏസ്സ്” എന്ന ഉത്തരവും “ വട്ട്” എന്ന കളിയിലെ അര്‍ഥമുള്ള പദങ്ങളായിരുന്നു. Am I right –ഉം yes- ഉം ആവാം ഇങ്ങനെ ഗ്രാമ്യമാക്കപ്പെട്ടത്‌.) ചോക്ക് പൊടിയുടെ മണമുള്ള “മേന്റം”മാരുടെ കൈകളും മഴയത്ത് നനഞ്ഞ ഇറയങ്ങളും മുറ്റവും, സ്ലേറ്റും, മഷിത്തണ്ടും ഒക്കെ കഥകളിലും സിനിമകളിലും മാത്രമല്ല, എന്റെ ജീവിതത്തിലെയും മധുരമുള്ള കാലഘട്ടത്തിന്റെ ബാക്കിപത്രങ്ങളാണ്. രണ്ടു മഷിത്തണ്ടിനു പകരം ഒരു ചെരട്ട പെന്‍സില്‍ ( സ്ലേറ്റില്‍ തെളിഞ്ഞെഴുതുന്ന കട്ടി പെന്‍സിലിനാണ് ചെരട്ട പെന്‍സില്‍ എന്ന് പറഞ്ഞിരുന്നത്, ഇന്നത്തെ ജെല്‍ പെന്‍ പോലെ ) എന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തിലുള്ള കച്ചവടം ഞാനും നടത്തിയിരുന്നു സ്ക്കൂള്‍ വരാന്തയില്‍. ഇല്ലപ്പറമ്പില്‍ “ പെരുമ്പാല” കുളത്തിനടുത്ത് ധാരാളം ഉണ്ടായിരുന്നു മഷിത്തണ്ട് ചെടി. മഷിത്തണ്ട് ശേഖരിക്കാന്‍ എന്നോടൊപ്പം കൂടുക മേരിയാണ്. എന്റെ അയല്‍ക്കാരിയും, ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കളിക്കൂട്ടുകാരിയുമായ മേരി.

സ്ക്കൂളിന്റെ ലോകവും, ഇല്ലത്തെ ലോകവും, അതിനിടയിലെ കുട്ടികളുടെ മാത്രമായ ലോകവും വേറെ വേറെ നിലനില്‍പ്പുള്ള ഇടങ്ങളായിരുന്നു അന്നൊക്കെ. അതുകൊണ്ട് തന്നെ സൌഹൃദവലയങ്ങള്‍ ഒരുപാടുണ്ടായിരുന്നു, ചെറുതും വലുതുമായ പല പല കൂട്ടങ്ങള്‍. മഷിത്തണ്ടിനു മേരിയാണെങ്കില്‍ ഇടവഴികളിലെ വേലിപ്പടര്‍പ്പുകളില്‍ നില്‍ക്കുന്ന കൊങ്കിണി പൂവിന്റെ കായ പറിച്ചു തിന്നാന്‍ ഗിരിജ, വിജയലക്ഷ്മി, വിമല, ഷര്‍മിള, എന്നിവരൊക്കെ ഉണ്ടാവും. പെരുമ്പാലക്കുളത്തിലെ നീന്തല്‍ സംഘങ്ങള്‍, ഉത്സവക്കാലങ്ങളിലെ സുഹൃത്തുക്കള്‍ ഒക്കെ വേറെ വേറെ ആയിരുന്നു.

സന്തോഷങ്ങളും സങ്കടങ്ങളും പരിഭവങ്ങളും അനുഭവിക്കുകയും ആസ്വദിക്കയും അതു കഴിഞ്ഞു അവിടെത്തന്നെ ഉപേക്ഷിക്കയും ചെയ്യുന്ന ബാല്യകാലം. ഉപേക്ഷിക്കപ്പെടുന്നവയില്‍ ചിലവ എവിടെയോ എങ്ങനെയോ ഒട്ടിപ്പിടിക്കും. മധുരമുള്ളതെന്നോ ദുഃഖമുണ്ടാക്കുന്നതെന്നോ വേര്‍തിരിവില്ലാതെ ഹൃദയത്തോടങ്ങ്‌ ചേര്‍ന്ന് നില്‍ക്കുന്ന കുറെ ഒട്ടിപ്പിടുത്തങ്ങള്‍. അത്തരത്തില്‍ ഹൃദയത്തോട് ഒട്ടിപ്പിടിച്ച ഒരു ഓര്‍മ്മയാണ് പീതാംബരന്‍.

അക്കാലത്ത് ഞങ്ങളുടെ നാടിന്റെ, നടവരമ്പിന്റെ ഗായകനായിരുന്നു പീതാംബരന്‍. . ഞങ്ങള്‍ക്ക് കുട്ടികള്‍ക്ക് പീതാംബരനേക്കാള്‍ വലിയ ഗായകന്‍ എന്നത് സങ്കല്‍പം മാത്രമായിരുന്നു. അച്ഛന്‍ ബോംബെയില്‍ നിന്ന് കൊണ്ടു വന്ന ചെറിയ റേഡിയോവിലൂടെ കേള്‍ക്കുന്ന ശബ്ദത്തിനപ്പുറം യേശുദാസ്, ജയചന്ദ്രന്‍-മാര്‍ക്കൊക്കെ മനുഷ്യരൂപം ഉണ്ടെന്നു പോലും സങ്കല്‍പ്പിക്കാത്ത ബാല്യം. കണ്മുന്നിലെ പീതാംബരന്‍ അതിനാല്‍ ജീവിച്ചിരിക്കുന്ന അത്ഭുത പ്രതിഭാസവും.

സ്ക്കൂളിലെ കാര്യങ്ങള്‍ സ്ക്കൂളിലും വീട്ടിലെ കാര്യങ്ങള്‍ വീട്ടിലും ഒതുങ്ങുമായിരുന്ന ആ കാലത്ത് രണ്ടിനും ഇടയ്ക്കുള്ള പാലങ്ങളായിരുന്നു സ്ക്കൂളില്‍ നടക്കുന്ന ആനിവേഴ്സറിയും മറ്റും. സ്ക്കൂളിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ഞാനും ചേച്ചി സുമയും. ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന പദ്മജ ടീച്ചറുടെ പരിചയക്കാരനായ പാട്ടുകാരനായിട്ടാണോ (ഞങ്ങള്‍ക്ക് ഡാന്‍സിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്നത് പദ്മജ ടീച്ചറായിരുന്നു.), അതോ ഏട്ടന്റെ കൂട്ടുകാരനായിട്ടാണോ എങ്ങനെയാണ് പീതാംബരന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും ഇല്ലത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവനായത് എന്ന് ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല. പിന്നീട് ഇല്ലത്തെ ഒരു അംഗമായി പീതാംബരന്‍. മിക്ക വിശേഷാവസരങ്ങളിലും ഒത്തുകൂടലിന്റെ ആഹ്ലാദങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒരാളായി പീതാംബരന്‍ ഉണ്ടാവുമായിരുന്നു, പ്രത്യേകിച്ചും ഉത്സവക്കാലങ്ങളില്‍.

സ്ക്കൂളില്‍ മാത്രമല്ല നാട്ടിലെ പല സ്റ്റേജുകളിലും ഡാന്‍സ് അവതരിപ്പിക്കുന്ന കുട്ടി സംഘങ്ങളില്‍ ഞങ്ങളുമുണ്ടായിരുന്നു. ഓരോ പരിപാടിക്കുമുള്ള റിഹേഴ്സലുകള്‍, മേയ്ക്ക്-അപ്പ്‌, ഓര്‍ക്കസ്ട്ര എല്ലാം ചുമതലയായി പീതാംബരനും കൂട്ടരും ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഡാന്‍സ് റിഹേഴ്സലുകള്‍ മിക്കവാറും പീതാംബരന്റെ വീട്ടില്‍ വച്ചാണ് പതിവ്. അന്നാട്ടിലെ പ്രധാന നായര്‍ തറവാടായ പര്യേടത്ത് തറവാടിന്റെ വിശാലമായ തളത്തില്‍. ഹാര്‍മോണിയം രവി മാഷ്, ട്രിപ്പിള്‍ ഡ്രം രാധാകൃഷ്ണന്‍ മാഷ്‌, നന്ദനന്‍ മാഷ്, പാട്ട് പീതാംബരന്‍, അനിയന്മാരായ വിജയന്‍, സുഭാഷ് ( സുഭാഷ്‌ പിന്നീട് കാന്‍സര്‍ ബാധിതനായി മരിച്ചു ) .. റിഹേഴ്സലും കളികളുമായി എത്ര ദിവസങ്ങള്‍, എത്രയെത്ര ഓര്‍മ്മകള്‍!!!! ഓരോ പരിപാടി അടുക്കുമ്പോഴും പിടി കൂടുന്ന തൊണ്ട വേദനക്ക് മരുന്നായി കുരുമുളകും ചവച്ചു നടക്കുന്ന പീതാംബരന്റെ രൂപം ഇന്നും മനസ്സിലുണ്ട്.

ഞാന്‍ നാലില്‍ പഠിക്കുന്ന കാലത്താണ് എന്ന് തോന്നുന്നു പാര്‍വതി ടീച്ചര്‍ ഡാന്‍സ് പഠിപ്പിക്കാന്‍ വന്നത്. അന്ന് ഇരിഞ്ഞാലക്കുടയില്‍ പാര്‍വതി ടീച്ചറും ഇടവേള ബാബുവിന്റെ അമ്മയായ ശാന്ത ടീച്ചറുമായിരുന്നു പ്രധാന ഡാന്‍സ് ടീച്ചര്‍മാര്‍ എന്നാണ് എന്റെ ഓര്‍മ്മ. പാര്‍വതി ടീച്ചറുടെ ഡാന്‍സ് പരിപാടികള്‍ക്ക് സ്ഥിരം പാട്ടുകാരന്‍ പീതാംബരനും ശാന്ത ടീച്ചറുടെ സ്ഥിരം പാട്ടുകാരന്‍ ഒരു സുകുമാരനുമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.

പീതാംബരന്‍ പിന്നീട് തൃശൂര്‍ വോയ്സ് എന്ന ഗാനമേള ട്രൂപ്പിലും പാടിയിരുന്നു. ഒരിക്കല്‍ നാട്ടിലെ തൃപ്പയ്യ അമ്പലത്തില്‍ ഉത്സവത്തിനു പീതാംബരന്റെ നേതൃത്വത്തില്‍ തൃശൂര്‍ വോയ്സിന്റെ ഗാനമേള ഉണ്ടായിരുന്നു. അതിനു വരുന്ന വഴിക്ക് ആക്സിഡന്റ്റ് ഉണ്ടായതും പ്രധാന ഗായികയുടെ കണ്‍പോളകള്‍ മുറിഞ്ഞു തൂങ്ങിയതും പീതാംബരന്‍ പിന്നീട് വിസ്തരിച്ചത് ഓര്‍ക്കുന്നുണ്ട് ഞാന്‍. അന്നവര്‍ പാടിയ “ സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ..” എന്ന പാട്ട് ഇപ്പോഴും മനസ്സിലുണ്ട്.

ഐക്കരക്കുന്ന്‍ സ്ക്കൂളില്‍ പീതാംബരനും അനിയന്മാരും കൂടി അവതരിപ്പിച്ച ഹാസ്യനാടകം, സംഘഗാനം... അങ്ങനെ ഓര്‍മ്മകള്‍ ഏറെയുണ്ടെങ്കിലും ഇല്ലത്തിന്റെ പടിഞ്ഞാറേ ഇറയത്തിരുന്നു ആസ്വദിച്ച, അന്നത്തെ ഗാനമേളയില്‍ പീതാംബരന്‍ പാടിയ “കേരളം കേരളം...കേളി കൊട്ടുയരുന്ന കേരളം....” എന്ന പാട്ട് , അതേ മാധുര്യത്തോടെ ഇന്നും ചെവിയില്‍ മുഴങ്ങുന്നു. ആ ഗാനമേളയിലായിരുന്നു, പീതാംബരന്റെ പ്രോത്സാഹനത്തില്‍ എന്റെ ഏട്ടന്‍ പാടിയത്. അതായിരുന്നു ഏട്ടന്റെ ആദ്യത്തെയും അവസാനത്തെയും സ്റ്റേജ് പെര്‍ഫോര്‍മന്‍സ്. പിന്നീട് ജോലി കിട്ടി വയനാട്ടിലേക്ക് യാത്രയായി പീതാംബരന്‍

കാലം കടന്നു പോകുമ്പോള്‍ ജീവിതത്തിന്റെ നല്ലതും ചീത്തയുമായ മാറ്റങ്ങളുടെ കൂട്ടത്തില്‍ എവിടെയോ വച്ച് പാടുന്ന പീതാംബരന്‍ പാടാത്ത പീതാംബരനായി. കാലം ഏറെ കടന്നു വന്നു ഇപ്പുറം നില്‍ക്കുമ്പോഴാണ്, മകന്‍ ഗോവിന്ദ്. പി. മേനോന്‍-ന്റെ തൈക്കുടം ബ്രിഡ്ജ് എന്ന ട്രൂപ്പിന്റെ വേദിയില്‍ നിന്ന് പീതാംബരന്‍ പാടുന്നത് ഞങ്ങള്‍ വീര്‍പ്പടക്കി കേട്ടിരുന്നത്. അന്നത്തെ മെലിഞ്ഞു നീണ്ട സുന്ദരനായ ആ ഗായകനെ എത്ര ഊഷ്മളതയോടെയാണ് ഞങ്ങളൊക്കെ ചേര്‍ത്തു വച്ചിരിക്കുന്നത് എന്ന് ഇപ്പോള്‍ ഈ പാട്ട് കേള്‍ക്കവേ ഞങ്ങള്‍ അറിയുന്നു.

ഈ തിരിച്ചു വരവ് ഞങ്ങള്‍ മനസ്സാല്‍ ആഘോഷിക്കുന്നു
പാടൂ പീതാംബരാ പാടൂ ഇനിയും..