Wednesday 22 December 2010

ഒരു പരിഭാഷാശ്രമം

ഹരിഹരന്റെ "ഹാത്ത് മേം...." എന്ന ഗസല്‍ പരിഭാഷപ്പെടുത്താനുള്ള ശ്രമം. അതൊരു വിഡ്ഢിത്ത ശ്രമമാണ് എങ്കിലും.

വാക്ക്-വാക്കു പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഈണം കിട്ടില്ല ഈണം കിട്ടിയാല്‍ വാക്കുകളുടെ മനോഹാരിത ഇല്ല.അല്ലെങ്കിലും ആ ഗസലിന്റെ ഭംഗിയും ആകര്‍ഷണവും വാക്കുകളില്‍ മാത്രമല്ലല്ലോ, ഈണംശബ്ദസൌന്ദ ര്യം എല്ലാം ചേര്‍ന്നതാണല്ലോ.. 

     
    " കയ്യിലെന്‍ കൈകള്‍ ചേര്‍ത്തെടു-
                    ത്തീ വാക്കെനിക്കേകൂ
           പിരിഞ്ഞു പോകില്ലകലെ,യെന്നുമരികില്‍,
                   നീ വാക്കെനിക്കേകൂ
                                            (കയ്യിലെന്‍ ....)
          മാറുമീ കാലമെന്‍ പ്രേമമേ നീ 
                 മാറൊലാ ....ജീവനില്‍ 
           പെയ്യുമീ മാരി തന്‍ പ്രേമത്തില്‍  
                 ഈ വാക്കെനിക്കേകൂ  
                                                       (പിരിഞ്ഞു പോകില്ല ......) 
           മാറുമീ ലോകവും ശീലവും ..
                   കാലത്തിന്‍ താളത്തില്‍    
            മാറ്റൊലാ നീയീ പ്രേമ- താള 
                   മീ വാക്കെനിക്കേകൂ    
                                                       (പിരിഞ്ഞു പോകില്ല ..........)                              
            മാഞ്ഞു പോം വാക്കുകള്‍, കൊഴിഞ്ഞു പോമോ 
                   പ്രേമത്തിന്‍ സ്വപ്നവും 
            മായ്ക്കില്ലീ   മാധുര്യം കോര്‍ക്കുമോര്‍മകള്‍
                      വാക്കെനിക്കേകൂ        
                                                           (പിരിഞ്ഞു പോകില്ല .....) 

                      ( 22 ഡിസംബര്‍ 2010 )


   
                                  

Saturday 20 March 2010

സുഹൃത്തുക്കളും ഞാനും

സുഹൃത്തുക്കള്‍ ആരാണ് എനിക്ക് എന്നു എഴുതി വയ്ക്കാന്‍ ശ്രമിക്കയാണ് ഞാന്‍...... അല്ലെങ്കില്‍ മനസ്സിലാക്കാന്‍..............

ഈ പ്രപഞ്ചം എത്ര വലുതാണോ അത്രയും വലുതല്ലേ നമ്മുടെ ഓരോരു ത്തരുടെയും മനസ്സും ??!! എത്രയെത്ര ഭാവങ്ങള്‍.... ചിന്തകള്‍, വികാരങ്ങള്‍ !!!!!എത്ര കാഴ്ച്ചകളും അനുഭവങ്ങളും വേണ്ടി വരും സന്തോഷത്തിന്റെ, ആനന്ദത്തിന്റെ തലത്തിലെത്താന്‍??!!!എത്രയായാലാണ് സങ്കീര്‍ണമായ ഈ സ്വഭാവവൈവിധ്യങ്ങള്‍ തൃപ്തിയടയുക??? അപ്പോള്‍......... സ്വഭാവവിശേഷങ്ങ ളുടെ നൂലിഴകള്‍ പുറത്തേക്കു നീട്ടുകതന്നെ. 

അത്തരം ഒരു നൂലിഴ ഉണ്ടല്ലോ ഓരോ സൌഹൃദത്തിനുമിടയില്‍.. തമ്മില്‍ കാണുന്ന കുറെ സ്വഭാവസാമ്യങ്ങളാല്‍ കനക്കുന്ന നൂലിഴ. ഇഴകളേറുകയും ഇഴയടുപ്പം കൂടുകയും ചെയ്യുമ്പോള്‍ മനോഹരമായിപ്പോകുന്ന വര്‍ണ്ണനൂലിഴ.



വാക്കുകള്‍ കൈമാറുമ്പോള്‍ ചിന്തകള്‍ ഒരേ തലത്തിലാവാന്‍ തുടങ്ങുമ്പോള്‍ ഞാനറിയാറുണ്ട്‌ എന്റെ ഉള്ളിലെ ഓ രോ അണുവും ഉന്മാദത്താല്‍ കമ്പനം ചെയ്യുന്നത്. നമ്മള്‍ നിര്‍ത്താതെ യാത്ര കളിലാവും, വാക്കുകള്‍ പുഴ പോലെ ഒഴുകും.പരസ്പരം എറ്റവും നല്ല ശ്രോ താക്കള്‍ എന്നതുകൊണ്ട് അവസാനിക്ക രുതേ എന്നു മോഹിക്കുന്ന ഒരു സ്വ പ്ന സഞ്ചാരത്തിലാവുമപ്പോള്‍.. ഈ സ്വപ്‌നങ്ങള്‍ തരുന്ന കരുത്തല്ലേ യ ഥാര്‍ഥ ജീവിതത്തിലെ ഊഷരതയെ കടന്നുപോകാന്‍ സഹായിക്കുന്നത്?

ജീവിത യാഥാര്‍ഥ്യങ്ങളുടെ പരുക്കന്‍ ലോകത്തിലൂടെ സ്വപ്നങ്ങളുടെ കൂട്ടില്ലാതെ നടന്നാല്‍ വരണ്ടുപോകും മനസ്സ്. ചുറ്റുമുള്ള ലോകത്തോട് ഒരു സ്നേഹവാക്കു പോലും പറയാനില്ലാതെ ആകും. ഒരു മഴയ്ക്കും വാക്കുകളുടെ പടുമുള പോലും പൊട്ടാത്ത ഊഷരഭൂമിയാകും ഉള്ള്. യാഥാര്‍ഥ്യങ്ങളെ അപ്പാടെ അംഗീകരിക്കയേ വേണ്ടൂ എന്ന കുഞ്ഞേട്ടന്റെ വാദത്തോട് യോജിക്കാന്‍ വയ്യ എനിക്ക്. ഈ യാഥാര്‍ഥ്യത്തോട് ചേര്‍ക്കാന്‍ ഒരു നുള്ളു സ്വപ്നം കിട്ടിയാല്‍ മതി എന്നാണ് ഞാന്‍ കുഞ്ഞേട്ടനോട് കലഹിക്കുക.

സുഹൃത്തുക്കള്‍ പലപ്പോഴും എനിക്കു വ്യക്തികള്‍ പോലുമല്ല.എന്റെ സ്വപ്നമാണ്.എന്നില്‍ വാക്കുകളുടെ ഉറവ കിനിക്കുന്ന നിറവ്.
ശക്തമായ ഊര്‍ജ്ജപ്രവാഹം....നൈരന്തര്യജീവിതത്തിന്റെ ആവര്‍ത്തന നിമിഷങ്ങളില്‍ നിന്നു എന്നെ ഒപ്പിയെടുത്ത് സ്നേഹനിറവിന്റെ കൈലാസത്തിലെത്തിക്കാന്‍ കഴിവുള്ള ഊര്‍ജ്ജപ്രവാഹം ....

സുധയെ ശുഭ്രവും ശുദ്ധവും സ്വച്ഛവും ആയ മനസ്സുള്ളവളാക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളേ, പറയാനേറെയുണ്ട്.നമുക്കു യാത്ര തുടരാം .

                                                ( 20 മാര്‍ച്ച് 2010)





                                          

Tuesday 9 March 2010

മഞ്ഞു പ്രഭാതം


ഇന്നത്തെ പ്രഭാതം മഞ്ഞു കൊണ്ടു തിരശ്ശീലയിട്ടതായിരുന്നു.കണ്ണിനു തൊട്ടുമുന്നിലെ കാഴ്ച്ചകള്‍ പോലും അദൃശ്യമാക്കിക്കൊണ്ട് മഞ്ഞ് മൂടിക്കിടന്നു. ഞാനും കുട്ടിയും മഞ്ഞില്‍ മദിച്ചു നടന്നു. വെറുതെ സംസാരിച്ചു അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ തീര്‍ത്തു. ദൂരെ ദൂരെ മാറി നിന്നു ഒളിച്ചു കളീച്ചു. ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍....എന്നു അതിലടങ്ങിയ ദുഖഭാവത്തെ മറന്ന് ഉന്മത്തതയുടെ ലഹരിയില്‍ ചൊല്ലി. മഞ്ഞില്‍ അലിഞ്ഞലിഞ്ഞ് പൊട്ടു പോലെ ആകുന്നു എന്നു സങ്കല്‍പ്പിച്ചു. കടന്നുപോകുന്ന കാറുകള്‍ക്കും മൂടിപ്പുതച്ച അപൂര്‍വം മനുഷ്യര്‍ക്കും മീതെ മഞ്ഞില്‍ പറന്നു നടന്നു. അലസമായി പാറി, കളിയായി...കാറിനു മീതെ ചെന്നു വീണപ്പൊള്‍ മഞ്ഞിനിത്ര ഭാരമോ എന്നു ഉള്ളിലിരുന്നവര്‍ വിറളി പിടിച്ചപ്പോള്‍ ഞങ്ങള്‍ ഉറക്കെ ചിരിച്ചു. ചിരിച്ചതു മഞ്ഞു പോലെയായിരുന്നു. പിന്നെ ഞങ്ങളെ കൊണ്ടു പോകാന്‍ കാര്‍ വന്നപ്പോള്‍, സ്വപ്നം വിട്ടു ഞങ്ങള്‍ കാറില്‍ കയറി. എന്നിട്ടു ചില്ലിലൂടെ മഞ്ഞിനെ തൊട്ടു

                      (09 മാര്‍ച്ച്‌ 2010)




  

Friday 26 February 2010

ഇന്നെന്റെ ഭയം

പ്രമോദ്.ആര്‍- ന്‍റെ “ ഛേദാംശജീവിതം” എന്നെ ഭയപ്പെടുത്തുന്നു.  
 (മാതൃഭൂമി- ഫെബ്രു 21) അസ്തിത്വമില്ലാതാവുന്ന പോലെ. ഭയത്തിന്റെ ആകാശത്തില്‍ പഞ്ഞിക്കെട്ട് പോലെ പാറി.......നേഹചന്ദ്രന്‍, മഞ്ജുമേനോന്‍......... ഇത്രമേല്‍ വിലയില്ലാത്തതോ സ്വന്തം അസ്തിത്വവും വ്യക്തിത്വവും പുതിയ തലമുറക്ക്? ഉടുപ്പു മാറും പോലെ മാറിത്തുടങ്ങുമോ ശരീരങ്ങളും പിന്നീട് തിരിച്ചറിവിന്റെ, വേദനയുടെ നിരാശയുടെ താഴ്വരകളിലെക്കു അലിഞ്ഞിറങ്ങി അപ്രത്യക്ഷമാവുമോ

                                                     (26 ഫെബ്രുവരി 2010)



Thursday 21 January 2010

ഹിമാലയം

ഇന്നു വലിച്ചു നിര്‍ത്തിയ കമ്പി പോലെ കമ്പനം ചെയ്യാന്‍ തുടങ്ങിയിരുന്നു മനസ്സ്....അനില്‍ എന്ന സുഹൃത്തിന്റെ വാക്കുകളിലൂടെ. 

എം.കെ.രാമചന്ദ്രന്റെ സുഹൃത്ത് എ ന്നു അവകാശപ്പെടുന്ന അനില്‍ തന്റെ ഹിമാലയന്‍ യാത്ര വിവരിക്കയായി രുന്നു. ആ വാക്കുകള്‍ ക്കൊപ്പം ഹിമാ ലയത്തിലേക്കു നടന്നു കയറുകയായി രുന്നു ഞാന്‍. കൈകള്‍ മരവിച്ചു പോ കുന്നതും കൈവിരലുകള്‍കീ ബോര്‍ ഡിലെ അക്ഷരങ്ങളെ തൊടാന്‍ സമ്മ തിക്കാതെ വിറകൊള്ളുന്നതും ഞാന്‍
അറിഞ്ഞിരുന്നു.ഹിമാലയം ഒരു മാ യികമോഹമാണ്എന്ന അറിവ് കൂടി യായിരുന്നു എനിക്കത്.

ഹിമാലയം. മരണത്തിന്റെ തണുപ്പ് പേറുന്ന നഗാധിരാജന്‍.നമ്മുടെ ജീവി തം തന്നെയാണ് കടന്നുപോകുന്ന  ഓ രോ നിമിഷത്തിലും മരണം കൂടെയു ണ്ടെന്നു ഓര്‍മ്മിപ്പിക്കുന്ന ഓരോ ഹി മാലയന്‍ യാത്രയും. ദൃശ്യവിസ്മയ ങ്ങള്‍ ഒരുക്കിത്തരുന്ന പ്രകൃതി,ഭയാ നകമായ അട്ടഹാസത്തോടെ  പത ഞ്ഞൊഴുകുന്ന കാളിന്ദി, ഉറച്ച വിശ്വാ സങ്ങളെ കബളിപ്പിച്ചു കൊണ്ട് തെന്നി 
മാറുന്ന മഞ്ഞിന്‍ പാളികള്‍ താങ്ങി നിര്‍ത്താന്‍ താങ്ങാവാന്‍ എപ്പോഴും കൂടെയുള്ളത് വഴികാട്ടികളും കോവര്‍കഴുതകളും പിന്നെ വിശ്വാസത്തിന്റെ ഊന്നുവടികളും....നീ ചേര്‍ത്തുപിടിക്കുന്നതൊന്നും നിന്റേതല്ല എന്നു പറയുന്ന എത്രയെത്ര വഴിത്തിരിവുകള്‍!!!! !!!!
'വിശ്വാസത്തിന്റെ ഊന്നുവടികള്‍"', ഞാന്‍ ക്ലാസ്സില്‍ പറയാറുള്ളതോര്‍ത്തു
ഓരോ മതവും ജീവിതയാത്രയില്‍ ഒരു താങ്ങ് മാത്രമാണ്, ഒരു കൈത്താങ്ങ്. ദുര്‍ബലര്‍ക്ക് നിത്യാശ്രയം
ഇത് ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും മനസ്സിന്റെ ഓരോ കണികയും അഹങ്കാരത്തിന്റെ പിടിയിലാവുമായിരുന്നു.ചിരിയിലും വാക്കുകളിലും പരിഹാസം നിറയും-“ നിങ്ങളെന്തൊരു വിഡ്ഡികള്‍

എം.കെ.രാമചന്ദ്രന്റെ, അനിലിന്റെ വാക്കുകളിലൂടെ ഹിമാലയം കണ്മു ന്നില്‍ തെളിയുമ്പോള്‍ ഞാനറിയുന്നു ഊന്നുവടികളില്ലാത്ത യാത്ര ദുര്‍ഘടം എന്ന്. കാലിന്നടിയിലെ മഞ്ഞിന്‍ പാ ളികള്‍ തെന്നിമാറുമ്പോള്‍, മഞ്ഞു പോ ലെ മിനുത്തു പോയ പാറകളില്‍ കാല്‍ വഴുതുമ്പോള്‍, മരണം പേറുന്ന ഹിമ ക്കാറ്റിനു മുന്നില്‍ പകച്ചു നില്ക്കു മ്പോള്‍,മുന്നിലെ  നടവഴികളില്‍ മല യിടിഞ്ഞ് വീഴുമ്പോള്‍, ഈ കൈത്താ ങ്ങുകളല്ലാതെ മറ്റെന്താശ്രയം? !
അനിലിന്റെ വാക്കുകള്‍ക്കു മുന്നിലിരിക്കുമ്പോള്‍ മരണത്തിന്റെ മണം വന്നി രുന്നെനിക്ക്. കൈകാലുകളിലൂടെ മരണതിന്റെ തണുപ്പ് അരിച്ചു കയറും പോ ലെ. എനിക്കു പിന്നില്‍ മരണത്തിന്റെ നിഴല്‍ കഴിഞ്ഞ ഏതോ ഒരു ദിവസത്തെ പ്പോലെ അതെന്നെ ഭയപ്പെടുത്തുന്നില്ലായിരുന്നു. ഞാന്‍ നിന്റെ കൂടെ എപ്പോഴു മുണ്ട് എന്ന് ചിരിച്ചു കൊണ്ട് ഓര്‍മ്മിപ്പിക്കയായിരുന്നു
കഴിഞ്ഞ ഏതു ദിവസമാണ് ഒരു വല്ലാത്ത മണം ഈ വീടിനുള്ളില്‍നിറഞ്ഞത്? കുഞ്ഞേട്ടന്‍ പറഞ്ഞു അത് ഒരു മനുഷ്യശരീരം കത്തുന്ന മണമാണെന്ന്. എത്ര പെട്ടെന്നാണ് ശക്തമായ തലവേദനയില്‍ നെറ്റി ചുട്ടുപൊള്ളാന്‍ തുടങ്ങിയത്??!! എത്രമാത്രം ഭയപ്പെട്ടിരുന്നു അന്ന്!!!
ആരോഗ്യനികേതനം തുറന്ന് ആ പിംഗളകേശിനിയെക്കുറിച്ചുള്ള ആ അധ്യായം വീണ്ടും വായിച്ചുനോക്കിയത് അന്നാണ്. അന്ധയും ബധിരയുമായ മൃത്യുദേവ ത, പിംഗളകേശിനി, പിംഗളനേത്രിണി, പിംഗളവര്‍ണ. ജീവിതത്തിനിടയില്‍ മര ണത്തെ തിരിച്ചറിയാന്‍ കഴിവു നേടിയ ജീവന്‍മശായ്.......
ഇവിടെ സുധയില്ലാതാവുന്നു                            

                                                                     (21 ജനുവരി 2010)




                  

Wednesday 6 January 2010

ഒരു പ്രസംഗം

എന്റെ മകള്‍ പാര്‍വതിക്ക് വേണ്ടി തയ്യാറാക്കിയ ഒരു പ്രസംഗം  

" മാന്യ സദസ്സിനു  വന്ദനം
നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നത് മാതൃസ്നേഹത്തെ കുറിച്ച് പറയാനാണ്. പറയേണ്ടവ, തെരഞ്ഞെടുത്ത കവിതകളിലെ വരികളിലൂടെയും , കഥാ സന്ദര്‍ഭങ്ങളിലൂടെയും പറയാന്‍ ശ്രമിക്കയാണ് ഞാന്‍ 
മാതൃസ്നേഹത്തെ കുറിച്ച് പറയുമ്പോള്‍ താരാട്ടില്‍ നിന്നു തുടങ്ങണം . അമ്മിഞ്ഞപ്പാല്‍ പോലെ മധുരമായ ഉറക്കുപാട്ട് .ചതുരംഗ കളിയില്‍ തോല്‍ക്കാന്‍  തുടങ്ങുന്ന  രാജാവിനുള്ള സന്ദേശവുമായി അകത്തു നിന്നു ഉയര്‍ന്ന,  തൊട്ടിലില്‍ കിടക്കുന്ന  കുട്ടിയെ ഉറക്കുന്ന രാജ്ഞിയുടെ ആ താരാട്ടിന്റെ ഈണം അല്ലെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥക്ക് പ്രചോദനം? കേട്ടിട്ടില്ലേ ആ താരാട്ടു? അമ്മയുടെ സ്നേഹവും രാജ്ഞിയുടെ കരുതലും സമന്വയിച്ച ആ താരാട്ട്? " ഉന്തുംന്തും................." താരാട്ടിലൂടെ  കുട്ടിയില്‍ എത്തുന്നത്‌  അമ്മയുടെ സ്നേഹം തന്നെ ആണ് 

ഏറെ പ്രസിദ്ധമായ ഇരയിമ്മന്‍ തമ്പിയുടെ "ഓമനത്തിങ്കള്‍ കിടാവോ..."എന്ന ഉറക്ക് പാട്ടായിരിക്കില്ലേ, സ്വാതി തിരുനാളിലെ കലാനൈപുണ്യം ഉണര്‍ത്തിയത്?
" ഇതിലും വലിയതാണെന്റെ പൊന്നോമന , അതിനെ തരികെന്റെ പൂതമേ നീ " എന്ന് ആര്‍ത്ത് കരഞ്ഞു  സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌ കാഴ്ച വച്ച് പൂതത്തെയും തോല്പിച്ച മാതൃസ്നേഹത്തിന്റെ  കഥയാണ് ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ നമുക്ക് പറഞ്ഞു തരുന്നത്. ആ പൊട്ടപൂതത്തിലും ഉണര്‍ന്ന ഒരു അമ്മമനസ്സല്ലേ  ഉണ്ണിയെ തിരികെ കൊടുത്തത്

ഈരേഴു  പതിന്നാലു ലോകത്തിനും അധിപനായ കൃഷ്ണനെ ഉരലില്‍ ബന്ധിതനായ കുട്ടിയാക്കിയ  യശോദ എന്ന അമ്മയുടെ  സ്നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക?

" മാമ്പഴം പെറുക്കാന്‍ ഞാന്‍ വരുന്നീല " എന്ന് പറഞ്ഞു പിണങ്ങി എന്നന്നേക്കുമായി ഓടിയകന്ന ഓമനമകനെ ഓര്‍ത്തു തേങ്ങല്‍ അടങ്ങാത്ത വൈലോപ്പിള്ളിയുടെ "മാമ്പഴം" എന്ന കവിതയിലെ ആ അമ്മയെ ആര്‍ക്കു മറക്കാനാകും?   

അമ്മയുടെ സ്നേഹത്തിലൂടെ കുട്ടിക്ക് പകര്‍ന്നു  കിട്ടുന്നത് ജീവിതത്തിലെ എത്ര വലിയ പാഠങ്ങള്‍ ആണ്...!!!

" കണ്ണ് വേണം ഇരുവശമെപ്പോഴും
കണ്ണ് വേണം മുകളിലും താഴെയും 
കണ്ണിലെപ്പോഴും കത്തി ജ്വലിക്കുന്ന 
ഉള്‍-കണ്ണ് വേണം അണയാത്ത കണ്ണ് "

എന്ന കടമ്മനിട്ട കവിതയിലെ തള്ളക്കോഴി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കു ന്നത് മുന്നോട്ടുള്ള വഴികളില്‍ എപ്പൊഴും തുറന്നു പിടിക്കേണ്ടുന്ന ഉള്‍ക്കണ്ണിനെ കുറിച്ചാണ് 

ജീവിതത്തിലെ ഓരോ ഘട്ടത്തിലും തണലും തുണയുമേകുന്നത് അമ്മയാണ് . നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ പഠിപ്പിക്കുന്നതും അമ്മ തന്നെ . മഹാഭാരതത്തില്‍  കുന്തി എന്ന അമ്മയുടെ സ്നേഹമാണ് പഞ്ചപാണ്ഡവരെ കൂട്ടി നിര്‍ത്തിയ ശക്തി. അന്ധനായ ഭര്‍ത്താവിനൊപ്പം ഗാന്ധാരി അന്ധത സ്വയം വരിച്ചപ്പോള്‍ വഴി പിഴച്ചത് മക്കള്‍ നൂറ്റവര്‍ക്കുമല്ലെ

ബന്ധങ്ങള്‍ ശാശ്വതമല്ലാതാവുന്ന   ഈ പുതിയ ലോകത്ത് ,എന്റെ മക്കള്‍ തെറ്റുകാര്‍ എന്ന് മനസ്സ് നൊന്തു പറയുന്ന അമ്മമാരുടെ ലോകത്ത്,  "പടി പാതി ചാരി കരള്‍ പാതി ചാരി തിരിച്ചുപോയ്ക്കൊള്‍ക" എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസിദ്ധമായ 'യാത്രാമൊഴി എന്ന കവിതയിലെ വരികള്‍ അന്വര്‍ഥം ആക്കുന്ന മക്കളുടെ ഈ ലോകത്ത്, അമ്മമാര്‍ക്ക് വേണ്ടി വൃദ്ധ-മന്ദിരങ്ങള്‍ ഉയരുന്ന ഈ ലോകത്ത് എല്ലാവരും ഓര്‍ക്കേണ്ടുന്ന ഒരു നാലു വരി ശ്ലോകം ചൊല്ലി അവസാനിപ്പിക്കട്ടെ  ഞാന്‍‍ 

" നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാല, മേറും ചടപ്പും
 പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
 നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
 തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍""

                     ( 06 ജനുവരി 2010)