Thursday 31 October 2013

ഇന്നെന്റെ സമരവീര്യം

"സമൂഹത്തിനു വന്ന രോഗത്തിന് ചികിത്സിക്കണം. അല്ലാതെ അതിനു മീതെ കോട്ട് എന്ന പുതപ്പിട്ടിട്ടു ഒരു കാര്യവുമില്ല. ഒരു വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ വെടി വെച്ചു കൊന്നു, അതിനാല്‍ ഇനി മുതല്‍ എല്ലാ അധ്യാപകരും ബുള്ളറ്റ് പ്രൂഫിട്ടു നടക്കുക എന്ന രീതിയിലാണോ നമ്മള്‍ ഒരു വിഷയത്തെ സമീപിക്കേണ്ടത്" ഇത്തരം പ്രസക്തമായ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു കേട്ടു, കഴിഞ്ഞ ദിവസം മനോരമ ചാനലിലെ നിയന്ത്രണരേഖ എന്ന പ്രോഗ്രാമില്‍, അദ്ധ്യാപകര്‍ കോട്ടിടണോ എന്ന ചര്‍ച്ചയില്‍..

ആണ്‍-പെണ്‍ ശരീര-ചിന്തകളെ മാറ്റി വച്ച് വ്യക്തികളായി സമൂഹത്തില്‍ ഇടപഴകാനുള്ള സ്വാതന്ത്ര്യം, സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യത്തോടെ ജീവിച്ചു പോകാനുള്ള അവകാശം എന്നിങ്ങനെയുള്ള വാദങ്ങളുമായി സ്ത്രീ-പുരുഷ സമത്വം എന്നത് നിഷേധിക്കാനാവാത്ത സത്യമായി സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. ഈ സമയത്തും ശ്രീമാന്‍ എല്‍ദോസ് കുന്നപ്പള്ളി, ശ്രീ. ഇബ്രാഹിം ഖാന്‍ എന്നിവരെ പോലുള്ളവര്‍ എത്തിപ്പെടുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ചര്‍ച്ചയില്‍ മുഴങ്ങിക്കേട്ട അതേ സമരവീര്യത്തോടെ തന്നെ അധ്യാപികമാര്‍ ഒരു പോരാട്ടത്തിനു ഇറങ്ങട്ടെ. അത് വിജയത്തിലെത്തട്ടെ. ആ പോരാട്ടത്തില്‍ അതെ സമരവീര്യമുള്ള മനസ്സുമായി ഈയുള്ളവളും ചേരുന്നു.