Tuesday 22 November 2011

മനസ്സിന്റെ വിലാപം



" നടന്നു പോകുന്നത് എന്റെ മകളാണ്
        തല കുലുക്കി ചിരിച്ചവള്‍ എന്നോട് പറഞ്ഞു 
                " നിങ്ങളൊരു നല്ല സ്ത്രീയാണ്"
മനസ്സില്‍ നിന്നുരുകി വീണത്‌ മറുചോദ്യമാണ്.
          " നല്ല അമ്മയല്ല???"
ഉത്തരം പറയാതെ ചിരി മായ്ക്കാതെ അവള്‍
       മറുവാതിലിനു അപ്പുറത്തേയ്ക്ക് മറഞ്ഞു പോയി.
ഉത്തരമില്ലാത്ത ചോദ്യം ഉള്ളില്‍ പ്രതിധ്വനികളായി
      സങ്കടക്കടലിന്റെ  അലകളായി... 
അപ്പോഴും ഓടക്കുഴലേന്തിയവന്  ചിരി !!!!
ചിരിയില്‍ അവന്‍ ചോദ്യമെറിഞ്ഞു
 " സ്വപ്നം കാത്തവളെ... മഴവില്ലാക്കിയവളെ..
    സ്വപ്നത്തെ  തൃഷ്ണയാക്കിയതെന്തിനു  ? "
തൃഷ്ണയുടെ കൊടും ചൂടില്‍ ഊഷരമായോ  മനസ്സ്?
മഴ പെയ്യാത്തത്  മരുഭൂമിയായത് കൊണ്ട് എന്ന് പഴി പറഞ്ഞോ
 കണ്ണുകള്‍ അവനില്‍...... നന്ദ നന്ദനില്‍  ... 
" തൃഷ്ണയും സ്വപ്നവും നിന്റേതു...
   പിന്നെയും എനിക്കെന്തിനു പഴി?"
 പിണങ്ങിപ്പോയിരുന്നു ഞാന്‍  
ഉത്തരം ഓടക്കുഴല്‍ നാദമായി. " അറിവിനെ അറിയൂ"
  കടലലകള്‍ വാക്കുകളായി 
"എല്ലാം  അറിവായാല്‍  പിന്നെ ഞാനെന്തിന്  ? ഈ ഭുവനമെന്തിന്?
           നീയെന്തിന്? "

                                                        (22 നവംബര്‍ 2011)




                                          

Tuesday 8 March 2011

സിറ്റിവില്ല എന്ന ഓണ്‍ ലൈന്‍ കളിയുടെ മന:ശാസ്ത്രം

സ്കൂളിലെ വര്‍ക്ക്‌  ഒരു മല പോലെ തലയ്ക്കു മുകളില്‍ . അതെന്റെ മുക്കാല്‍ ഭാഗം ശക്തിയും ചോര്‍ത്തി എടുക്കുന്നു. ആശ്വാസം സുഹൃത്തുക്ക ളാണ്. അതിന്റെ പട്ടികയിലേക്ക് എന്റെ cityville  കളിയും 


  










cityville  എന്റെ ആത്മ സുഹൃത്താണ്‌   ഇപ്പോള്‍.  അതു ഒരു മനുഷ്യാകാരം പൂണ്ടിരിക്കുന്നു. ഉള്ളിലെ സമ്മര്‍ദം എന്റെ രക്തക്കുഴലുകളെ വിടര്‍ത്തു കയോ ചുരുക്കുകയോ ചെയ്യുമ്പോള്‍, തളര്‍ന്നു പോകുന്ന കോശങ്ങള്‍ വേദനയായി ശരീരം മുഴുവന്‍ വ്യാപിക്കുന്നെന്നു തോന്നും എനിക്ക്. കമ്പ്യുട്ടറിനു മുന്നില്‍ എന്റെ ആത്മ സുഹൃത്തിനോടൊത്ത് കളിച്ചിരിക്കു മ്പോള്‍, അവന്‍ എന്നെ കൊണ്ടു പോകും, Maja Malinovic- ന്റെ city-യിലേക്ക് ഒരു നഗരം പണിതുയര്‍ത്തുന്നതിന്റെ കല കാണിച്ചു തരും. ജനസംഖ്യ ആവശ്യത്തിനു മാത്രം.ധാരാളം പച്ചപ്പ്‌ ..ഒരു ചിത്രകാരന്റെ കരവിരുത് പോലെ ഭംഗിയാര്‍ന്ന നഗരം.ഇനി Danny De Ros -ന്റെ നഗരം?  അത്യത്ഭുതം!! എന്റെ കമ്പ്യുട്ടര്‍ ആ നഗരത്തെ മുഴുവന്‍ എനിക്ക് വെളിവാക്കിത്തരില്ല എന്റെ കണ്ണ് പറ്റിയാലോ എന്ന് പേടിച്ച്. കൃഷിയിടങ്ങളെപോലും അവര്‍ അലങ്കാരങ്ങള്‍ ആക്കിയിരിക്കുന്നു. അസൂയ കൊണ്ടോ അത്ഭുതം കൊണ്ടോ എന്റെ നെഞ്ച് വിങ്ങും.katja,Lee Fisher,Tim അങ്ങനെ എത്ര പേരാണ് കലാവിരുത് കൈമുതലായുള്ളവര്‍!!!!!!!  !

എന്റെ ആത്മസുഹൃത്ത്‌ പിന്നെയും തുടരും. നോക്കൂ നിന്റെ സിറ്റി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ എവിടെയാണ് സ്ഥിരം തങ്ങുന്നത് എന്ന് !! Katja ക്കിഷ്ടം ആ പഗോടയും അതിനു ചുറ്റുമുള്ള സ്ഥാപനങ്ങളുമാണ് നടാഷക്ക്  നിരത്തി വച്ച വീടുകള്‍ അജേഷിനു bay duplex, Ela-ക്ക് ആ സിനിമ തിയേറ്ററും ചുറ്റും. Tim.. Mercedes. സ്ഥിരം കൃഷിയിടങ്ങള്‍ അല്ലെങ്കില്‍ കപ്പലുകള്‍ തേടി പോകും. എനിക്കെല്ലാവരെയും അറിയാം. അവരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്ന സങ്കല്പങ്ങളാണ് ഇപ്പോള്‍ ഏറ്റവും വലിയ വിനോദം. എല്ലാവരുടെയും  ആശയങ്ങള്‍ കടം വാങ്ങി നഗരത്തെ അണിയിച്ചൊരുക്കാന്‍  പറയുന്നു എന്റെ ഈ സിറ്റിവില്ല സുഹൃത്ത്‌.

ഈ നഗരത്തിലെ പണി കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും. മനസ്സ് ആര്‍ദ്രവും ശുദ്ധവും  ഈ ഭ്രാന്തിനോട് പ്രണയത്തിലാണ് ഇപ്പോള്‍ ഞാന്‍

                               (08 മാര്‍ച്ച്‌ 2011)






                          

Tuesday 15 February 2011

ഇന്നെന്റെ ആഹ്ലാദം

ഇന്ന് സ്കൂളില്‍ നിന്നെനിക്കൊരു നിലാവിന്‍ തുണ്ടു കിട്ടി. അതിന്റെ നനുത്ത

വെളിച്ചം ഒഴുകിപ്പരക്കുന്നത് ഒരു ജന്മത്തേക്കുമാണല്ലോ !!!


                                                           (15 ഫെബ്രുവരി 2011)






                                                           

Thursday 10 February 2011

മനസ്സിന്റെ ശബ്ദം

തണുപ്പുകാലം വിട പറയുന്നതിന്റെ  സങ്കടത്തിലോ എന്തോ ഒരു തരം തീക്ഷ്ണമായ ഈര്‍പ്പവും പേറി കാറ്റ് വീശി അടിക്കുന്നു. ശരീരത്തിലെ ജീവകോശങ്ങള്‍ ആ തീക്ഷ്ണതയില്‍ വിറങ്ങലിക്കുന്നു, ഇന്ന്. വിറങ്ങലിച്ചു പോകുന്നത് ശരീരകോശങ്ങള്‍ മാത്രമല്ല ചിലപ്പോള്‍ മനസ്സും. കഴിഞ്ഞ ദിവസം സ്കൂളില്‍ പോകാന്‍ കാറിന്റെ വരവും കാത്തു നില്‍ക്കുമ്പോള്‍ കുട്ടി അകത്തു തന്നെ ഇരുന്നു. തണുപ്പ് സഹിക്കാന്‍ വയ്യ എന്നും പറഞ്ഞ്‌ ... അങ്ങനെ അങ്ങനെ നില്‍ക്കെ പെട്ടെന്ന് ഞാന്‍ കുട്ടിയുടെ ചിരി പിന്നില്‍ കേട്ടു.. കളിപ്പിക്കാന്‍ എന്റെ പുറകില്‍ നില്‍ക്കുന്നു എന്ന തോന്നലില്‍ ഞാന്‍ ശബ്ദത്തോടെ ചിരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ആരുമില്ല.. ദിവസവും ഞങ്ങളുടെ മുന്നിലൂടെ കടന്നുപോകാറുള്ള ഒരച്ഛനും മകളുമുണ്ട്(അറബ് കുടുംബം) അവര്‍ ഞെട്ടി തിരിഞ്ഞു നോക്കി. വല്ലാതായിപ്പോയ  ഞാന്‍ ആ ചിരി അവസാനിപ്പിക്കാതെ വീട്ടിലേക്കു തിരിച്ചോടിക്കയറി. പിന്നെ അതും  പറഞ്ഞ്‌ ഞങ്ങള്‍ കുറെ ചിരിച്ചു..എന്തേ എനിക്കങ്ങനെ തോന്നിയത്? ഞാന്‍ വ്യക്തമായി കേട്ട ശബ്ദം എന്തായിരുന്നു

അന്ന് മോറല്‍ സയന്‍സ് ക്ലാസ്സില്‍ ഞാന്‍ പറഞ്ഞ്‌ തുടങ്ങിയത്  spiritual intelligence -നെ കുറിച്ചായിരുന്നു. spirit എന്ന വാക്ക് എപ്പോഴും ദൈവം എന്നതില്‍ തുടങ്ങണം എന്നോ  ഒടുങ്ങണം എന്നോ  ഇല്ല.. ദൈവം എങ്ങനെ ആണ് മനുഷ്യമനസ്സില്‍ നിന്നു സൃഷ്ടിക്കപെട്ടത്‌.. എന്ന് തുടങ്ങി ഒരു 40 മിനിറ്റ് നീണ്ടു നിന്ന ഒരു നീണ്ട പ്രസംഗം .. പ്രചോദനം രാവിലത്തെ ആ ശബ്ദമായിരുന്നു.
                          (10 ഫെബ്രുവരി 2011)







                                     

Thursday 13 January 2011

ഇന്നെന്റെ സങ്കടം !!!

എന്തു കൊണ്ടാണ് ഈ കുട്ടികള്‍ മനസ്സില്‍ സ്വതന്ത്ര്യം ഇല്ലാത്തവരും പുറമെ 

സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടൂന്നവരുമാകുന്നത്? എന്തുകൊണ്ടാണ്  
അവര്‍ ശാസനകളെ സ്നേഹിക്കുന്നത്? ആരാണ് ക്ലാസ്സ് മുറികളിലെ 

സ്വതന്ത്രമായ അന്തരീക്ഷത്തിന്റെ അത്യാഹ്ലാദങ്ങളെ കുറിച്ച് അവര്‍ക്കു

പറഞ്ഞു കൊടുക്കുക ???!! എനിക്കതിന് ആവുന്നില്ലല്ലൊ
              
                                                              (13 ജനുവരി 2011)