Saturday 6 December 2014

മനസ്സിലെ മറവിയുടെ മണം



കാലത്ത്, കുളിച്ചുദിച്ച
സൂര്യന്‍ വഴി കാണിച്ചു
തന്നതാണീ കുളത്തിലേക്ക്‌
ഓര്‍മ്മകളുടെ തണുപ്പിലേക്ക്.
മറവിയുടെ കാട്ടുപൊന്ത-
കളാണ് വഴി നീളെ,
പണ്ട്, സ്വര്‍ണ്ണലരിപ്പൂക്കള്‍
തീര്‍ത്ത രാജപാതയിലിന്ന്
കാറ്റിനും വേണ്ടാത്ത
കരിയിലകളാണ്,കത്താന്‍
ഊര്‍ജ്ജം പേറാത്ത
നനഞ്ഞു കരിഞ്ഞോര്‍മ്മകള്‍
വഴിയില്‍ പിതൃക്കളുറങ്ങും
മണ്ണില്‍ വാനോളം വളര്‍ന്ന
പുല്ലുകള്‍, അടുത്താല്‍ മുറിയും
വേദന തിന്നും മനസ്സും ശരീരവും
കൊക്കര്‍ണ്ണിയിലെ സ്ഫടിക
ജലത്തില്‍ അടിഞ്ഞൂറിയ ചേറ്
ഓര്‍മ്മകള്‍ ഒന്നാകെ മറഞ്ഞു
പോയ ചേറിന്‍പുതപ്പ്‌
കുളിരുന്ന വെള്ളം, പുതഞ്ഞ
ചേറില്‍ കാല്‍ തൊട്ടപ്പോള്‍
കുമിളകളായി ചിരിച്ചുണര്‍ന്ന
ഓര്‍മ്മകളുടെ നനുത്ത സ്പര്‍ശം
മോഹിച്ചിട്ടും, മുങ്ങി നിവരാതെ
പുതഞ്ഞു പോയെന്‍ ശരീരം
കരിയിലകളില്‍ നനവിന്‍
പളുങ്കുമണികളുതിര്‍ത്ത്
പരിഭവങ്ങളുറക്കെപ്പറഞ്ഞ്
നാട്ടുമാങ്ങ തന്‍ മണം കൊതിച്ച്
കാലടികള്‍ തീര്‍ത്ത വഴിയെ പോകവേ
കാട് പടര്‍ന്ന മനസ്സ് പേറുന്ന
മണമൊന്നേയൊന്ന്,
ഓര്‍മ്മകളെ മറച്ച
ചേറിന്‍ മണമെന്ന
അറിവിന്റെ പുല്‍നാമ്പ് വരഞ്ഞ
മുറിവിന്റെ വേദനയിലാണ്
ഞാനിന്നു കരഞ്ഞത്

4 comments:

  1. നന്നായിട്ടുണ്ട്
    ആ “കൊക്കര്‍ണി“ എന്താണെന്നറിയാന്‍ ഗൂഗിള്‍ ചെയ്യേണ്ടിവന്നു

    ReplyDelete
  2. എന്നിട്ട് മനസ്സിലായോ??
    എന്റെ വീട്ടില്‍ ഒരു കൊക്കര്‍ണി കുളമുണ്ട്. നല്ല തണുത്ത സ്ഫടികജലമായിരുന്നു അതില്‍ പണ്ട്

    ReplyDelete
  3. ഓർമ്മകളിലേക്ക്‌ ചില ഒറ്റയടിപ്പാതകൾ

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  4. thank you സൌഗന്ധികം ...

    ReplyDelete